പ്രധാനമന്ത്രിയായും പ്രസിഡന്റായും റജബ് ത്വയ്യിബ് എർദോഗൻ എന്ന ഭരണാധികാരി, തുർക്കിയുടെ അധികാര കസേരകൾ മാറിമാറി കയ്യാളാൻ തുടങ്ങിയിട്ട് 20 വർഷം തികയുകയാണ്. പരിഷ്കരണവാദിയെന്ന പ്രതിച്ഛായയിൽ നിന്ന് ഏകാധിപതിയിലേക്കുള്ള ഒരു നേതാവിന്റെ പരിണാമത്തിന് കൂടിയാണ് ഈ കാലയളവ് സാക്ഷ്യം വഹിച്ചത്. തുടക്കകാലത്ത്, പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വിപുലീകരിക്കാൻ ശ്രമിച്ച നേതാവായിരുന്നു എർദോഗൻ. തുർക്കിയെന്ന ഭൂരിപക്ഷ മുസ്‌ലീം രാഷ്ട്രത്തിന്റെ യൂറോപ്യൻ യൂണിയൻ അംഗത്വ ചർച്ചകൾ ആരംഭിക്കുന്നതും എർദോഗന്റെ ഭരണകാലത്തായിരുന്നു. എന്നാൽ അധികാരഭ്രമത്തിൽ മതിമറന്ന എർദോഗൻ, പിൽക്കാലത്ത് വിയോജിപ്പുകളെ അടിച്ചമർത്തുന്ന, മാധ്യമ സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യുന്ന, ജനാധിപത്യ വിരുദ്ധനായ ഒരു ഏകാധിപതിയായി മാറുകയായിരുന്നു.
1954 ഫെബ്രുവരി 26ന് ഇസ്താംബുളിലെ ഒരു മധ്യവർഗ കുടുംബത്തിലാണ് റജബ് ത്വയ്യിബ് എർദോഗന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നാഷണൽ സാൽവേഷൻ പാർട്ടിയെന്ന മതാധിഷ്ഠിത രാഷ്ട്രീയ സംഘടനയുടെ കീഴിലുള്ള പഠനകേന്ദ്രത്തിൽ നിന്നാണ് പൊളിറ്റിക്കൽ ഇസ്ലാമിസവും പാശ്ചാത്യ വിരുദ്ധതയുമെല്ലാം എർദോഗൻ സ്വായത്തമാക്കുന്നത്. ഹൈസ്കൂൾ കാലത്ത് തന്നെ ഒരു ഉജ്ജ്വല പ്രഭാഷകനായിരുന്നു എർദോഗൻ. തുടർന്ന് മാർമാറാ സർവകലാശാലയിലെ ഉന്നത വിദ്യാഭ്യാസ പഠനകാലത്താണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ഈ സമയത്താണ് ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനും വെൽഫെയർ പാർട്ടി (റെഫ പാർട്ടി) നേതാവുമായ നെക്‌മെറ്റിൻ എർബാക്കാനിനെ പരിചയപ്പെടുന്നതും, സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും.
വെൽഫെയർ പാർട്ടി അംഗമായിരുന്ന എർദോഗൻ 1994 ലാണ് ഇസ്താംബുൾ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. മേയറായിരുന്ന കാലത്തെ ഭരണനേട്ടങ്ങൾ എർദോഗന് വലിയ രീതിയിലുള്ള ജനപ്രീതി നേടിക്കൊടുത്തു. എന്നാൽ 1997ൽ, എർദോഗൻ നടത്തിയ ഒരു പ്രസംഗത്തിലെ പരാമർശം അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനും രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് കോടതിയുടെ വിലക്ക് സമ്പാദിക്കാനും കാരണമായി. കൂടാതെ മതസ്പർധയുണ്ടാക്കി എന്ന കേസിൽ നാല് മാസക്കാലം എർദോഗന് തടവിൽ കഴിയേണ്ടിയും വന്നു.
തുറങ്കലിൽ അടയ്ക്കപ്പെട്ട എർദോഗൻ, വിശ്വാസികളുടെ ഉള്ളിൽ കൂടുതൽ പ്രിയങ്കരനാകുകയായിരുന്നു. ഇസ്‌ലാമിസത്തേക്കാൾ പാശ്ചാത്യ ശൈലിയിലുള്ള ജനാധിപത്യത്തോട് കൂടുതൽ പ്രതിബദ്ധതയുള്ള, മാറിയ മനുഷ്യനായിട്ടായിരുന്നു എർദോഗൻ ജയിലിൽ നിന്ന് പുറത്തുവന്നത്
മസ്ജിദുകൾ നമ്മുടെ പടപ്പാളയങ്ങളാണ്
താഴികക്കുടങ്ങൾ നമ്മുടെ ശിരോകവചങ്ങളാണ്,
മിനാരങ്ങൾ നമ്മുടെ ബയണറ്റുകളാണ്,
വിശ്വാസികൾ നമ്മുടെ സൈനികരും.
ഈ വരികളായിരുന്നു എർദോഗൻ അന്നവിടെ ഉദ്ധരിച്ചത്. എന്നാൽ തുറങ്കലിൽ അടയ്ക്കപ്പെട്ട എർദോഗാൻ, വിശ്വാസികളുടെ ഉള്ളിൽ കൂടുതൽ പ്രിയങ്കരനാകുകയായിരുന്നു. ഇസ്‌ലാമിസത്തേക്കാൾ പാശ്ചാത്യ ശൈലിയിലുള്ള ജനാധിപത്യത്തോട് കൂടുതൽ പ്രതിബദ്ധതയുള്ള, മാറിയ മനുഷ്യനായിട്ടായിരുന്നു എർദോഗൻ ജയിലിൽ നിന്ന് പുറത്തുവന്നത്. 2001ൽ വെൽഫെയർ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ ഒരു സംഘം എർദോഗന്റെ നേതൃത്വത്തിൽ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി (എകെപി)യെന്ന പുതിയ പരിഷ്കരണവാദ സഖ്യം രൂപീകരിച്ചു. തൊട്ടടുത്ത വർഷം പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച എകെപി പാർട്ടി ഭൂരിപക്ഷം നേടിയെങ്കിലും രാഷ്ട്രീയ പ്രവർത്തന വിലക്ക് നിലനിന്നിരുന്നതിനാൽ എർദോഗന് മത്സരിക്കാനായില്ല. എന്നിരുന്നാലും പാർട്ടിയിലെ രണ്ടാമനായ അബ്ദുള്ള ഗുല്ലിന്റെ നേതൃത്വത്തിൽ എകെപി പാർട്ടി ഭരണം ആരംഭിച്ചു. പിന്നീട് 2003ലാണ് വിലക്ക് നീക്കിയതിനെ തുടർന്ന് എർദോഗൻ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നതും ഗുല്ലിനെ മാറ്റി ആദ്യമായി തുർക്കിയുടെ പ്രധാനമന്ത്രിയാകുന്നതും.
ഭരണത്തിലേറുന്ന സമയത്ത് വളരെ പരിതാപകരമായ അവസ്ഥയിൽ ഉണ്ടായിരുന്ന തുർക്കിയെ ദീർഘവീക്ഷണത്തോടെയുള്ള എർദോഗന്റെ ആദ്യകാല നയങ്ങളാണ് കരകയറ്റിയത്. ദാരിദ്ര്യ നിർമാർജനം, സാമ്പത്തിക വളർച്ച, വിദ്യാഭ്യാസ രംഗത്തെ പുരോഗതി, ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നിങ്ങനെ എല്ലാ നിലയിലും തുർക്കി പുരോഗമിച്ച കാലമായിരുന്നു അത്. ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായ കാലത്ത് പോലും തുർക്കിയുടെ ജിഡിപി ഇരട്ടിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2007ലും 2011ലും തുർക്കിയിലെ ജനങ്ങൾ എർദോഗന് വീണ്ടും അധികാരം നൽകിയത്.
രണ്ടാമത് അധികാരത്തിലേറിയ ശേഷമാണ് സമഗ്രാധിപതി എന്ന നിലയിലേക്കുള്ള എർദോഗന്റെ ചുവടുമാറ്റം ആരംഭിക്കുന്നത്. സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് സൈനിക ഉദ്യോഗസ്ഥർ, നിയമനിർമാതാക്കൾ, പൊതുപ്രവർത്തകർ എന്നിവർക്കെതിരെ നടപടികളുണ്ടായി. കൂടാതെ ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിലും സൈന്യത്തിന്റെ അധികാരം വെട്ടികുറയ്ക്കുന്നതിനുമുള്ള നീക്കങ്ങളും എർദോഗൻ ഈ കാലയളവിൽ നടത്തി. തുർക്കിയുടെ ഭരണഘടനയനുസരിച്ച് തുടർച്ചയായി മൂന്ന് തവണ മാത്രമേ ഒരാൾക്ക് പ്രധാനമന്ത്രിയാകാൻ സാധിക്കൂ എന്ന ഭരണപ്രതിസന്ധി 2014ല്‍ നേരിടേണ്ടി വരുന്നതോടെയാണ് ഒരു തികഞ്ഞ ഏകാധിപതി എന്ന നിലയിലേക്ക് എർദോഗന് രൂപമാറ്റം സംഭവിക്കുന്നത്. സർവാധികാരം പ്രധാനമന്ത്രിയിൽ നിന്ന് പ്രസിഡന്റിന് കൈമാറുന്ന രീതിയിൽ ഭരണഘടന തിരുത്തിയെഴുതാൻ എർദോഗൻ ഇതോടെ തയ്യാറായി. ഈ സംഭവത്തിന് പിന്നാലെയാണ് 2016ൽ എർദോഗന് സൈനിക അട്ടിമറി നേരിടേണ്ടി വരുന്നത്. എർദോഗൻ സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ തലസ്ഥാനമായ അങ്കാറയിൽ സൈന്യം തമ്പടിച്ചെന്ന വിവരം ലഭിച്ചതോടെ, ജനങ്ങളുടെ സഹായം അഭ്യർഥിച്ച് എർദോഗൻ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തി. ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ സൈന്യം നീക്കം നടത്തുന്നുവെന്നും അവരിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങളുടെ സഹായം വേണമെന്നും എർദോഗൻ അഭ്യർഥിച്ചു. അങ്ങനെ തുർക്കിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടു. അന്ന് ജനങ്ങൾ സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലിൽ 290 പേരാണ് കൊല്ലപ്പെട്ടത്.
തുർക്കിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടു. അന്ന് ജനങ്ങൾ സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലിൽ 290 പേരാണ് കൊല്ലപ്പെട്ടത്
പിന്നാലെ വലിയ തോതിലുള്ള ഭരണകൂട വേട്ടയായിരുന്നു തുർക്കിയിൽ അരങ്ങേറിയത്. പതിനായിരങ്ങൾ അറസ്റ്റിലവുകയും ലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തു. നിരവധി മാധ്യമങ്ങളും സർക്കാരിതര സംഘടനകളും അടച്ചുപൂട്ടുകയും, കുർദിഷ് നിയമനിർമാതാക്കളും പത്രപ്രവർത്തകരും ഉൾപ്പെടെ വിമർശകരിലേക്ക് സർക്കാർ അടിച്ചമർത്തൽ വ്യാപിക്കുകയും ചെയ്തു. 2017ൽ ഹിതപരിശോധനയിലൂടെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്ക് പകരമായി എക്‌സിക്യൂട്ടീവ് പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെ മാറ്റുകയും പ്രധാനമന്ത്രിപദം നിർത്തലാക്കുകയും ചെയ്തു. തുടർന്ന് 2018ൽ തുർക്കിയുടെ ചരിത്രത്തിലെ സർവാധികാരമുള്ള ആദ്യ പ്രസിഡന്റായി എർദോഗൻ തിരഞ്ഞെടുക്കപ്പെട്ടു.
അധികാരഭ്രമം പിടിപെട്ട എർദോഗന് തുടക്കത്തിലുണ്ടാക്കിയ പുരോഗതിയൊന്നും പിന്നീട് തുടരാൻ സാധിച്ചില്ല. തുർക്കി വലിയ സാമ്പത്തിക അസ്ഥിരതയിലേക്കും തൊഴിലില്ലായ്മയിലേക്കും കൂപ്പുകുത്തി. നാലുപാടുനിന്നും വിമർശനങ്ങൾ ഉയർന്നതോടെ അധികാരത്തിൽ കടിച്ചുതൂങ്ങാൻ എർദോഗൻ, ലോകത്തെ എല്ലാ ഏകാധിപതികളെയും പോലെ 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന ആയുധം പുറത്തെടുത്തു. അതിന് എർദോഗൻ ഇരയാക്കിയത് രാജ്യത്തെ ന്യൂനപക്ഷമായ കുർദുകളെയും ക്രിസ്ത്യൻ ജനവിഭാഗങ്ങളെയുമാണ്. ഭൂരിപക്ഷം വരുന്ന മുസ്‌ലീം വിഭാഗങ്ങളെ കുർദുകളുടെ ശത്രുവാക്കിയ ശേഷം ഭൂരിപക്ഷ വിഭാഗത്തിന്റെ പ്രീതി പിടിച്ചുപറ്റുക എന്ന തന്ത്രമാണ് എർദോഗൻ പയറ്റിയത്.
അടുത്തിടെ രാജ്യത്തെ തകർത്തെറിഞ്ഞ ഭൂകമ്പം കൈകാര്യം ചെയ്തതിലുള്ള കെടുകാര്യസ്ഥതയും പണപ്പെരുപ്പം ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികളുമെല്ലാംഭരണത്തുടർച്ച എന്ന സ്വപ്നങ്ങൾക്ക് മേൽ ഏറ്റിരിക്കുന്ന എർദോഗനേറ്റ ഇരുട്ടടികളാണ്
ഈ പദ്ധതിയുടെ ഭാഗമായി, മുസ്തഫ കമൽ പാഷയെന്ന മുൻ ഭരണാധികാരി ഉണ്ടാക്കിയെടുത്ത സകല മതേതര രീതികളെയും എർദോഗാൻ ഒന്നൊന്നായി പൊളിച്ചടുക്കി. അതിനായി മതത്തെയും പഴയ ഓട്ടോമൻ പാരമ്പര്യത്തെയും വരെ എർദോഗാൻ കൂട്ടുപിടിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കോടികൾ ചെലവഴിച്ച് തുർക്കിയിൽ പലയിടങ്ങളിലായി മസ്ജിദുകൾ പടുത്തുയർത്തി, സർക്കാർ സ്കൂളുകൾക്ക് നൽകുന്നതിന്റെ ഇരട്ടി തുക അനുവദിച്ച് ഇസ്ലാമിക് സ്കൂളുകൾ വീണ്ടും തുറക്കപ്പെട്ടു. ഇന്ത്യയിൽ രാമായണ- മഹാഭാരത സീരിയലുകൾ എങ്ങനെയാണോ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയ്ക്ക് പൊതു സ്വീകാര്യത നൽകിയത്, അതിന് സമാനമായ ലക്ഷ്യത്തോടെ ഓട്ടോമൻ പാരമ്പര്യവാദം ഉയർത്തുന്ന 'ഏർത്തുറുൽ' എന്ന സീരീസ് സംപ്രേഷണം ചെയ്യപ്പെട്ടു. ഒട്ടോമൻ ഭൂതകാലത്തെ കുറിച്ച് ഓർമിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അങ്ങനെ ഇസ്ലാമിക പ്രീണനത്തിലൂടെ എർദോഗൻ ജനങ്ങളുടെ പിന്തുണ ഊട്ടിയുറപ്പിച്ചു.
ഇതിനൊപ്പം തന്നെ ന്യൂനപക്ഷത്തിനെതിരായ വിദ്വേഷ പ്രസംഗങ്ങൾക്ക് അരങ്ങൊരുക്കുകയും നിരവധി അക്രമ പ്രവർത്തനങ്ങൾക്ക് മൗനസമ്മതം നൽകുകയും ചെയ്തു. ലോക മുസ്‌ലീങ്ങളുടെ നേതാവെന്ന പട്ടത്തിന് വേണ്ടിയായിരുന്നു നീക്കങ്ങളത്രയും. ഇന്ത്യയിൽ ന്യൂനപക്ഷം പീഡിപ്പിക്കപെടുകയാണെന്ന് പറഞ്ഞ എർദോഗൻ ഫ്രാൻസിലെ പ്രവാചക നിന്ദ വിഷയത്തിലടക്കം അതിന്റെ തുടർച്ചയായ നിലപാടെടുത്തു. പ്രവാചകനായ മുഹമ്മദിനെ നിന്ദിച്ചുവെന്നാരോപിച്ച് കൊലചെയ്യപ്പെട്ട സാമുവൽ പാറ്റിയുടെ ഘാതകർക്കെതിരെ നടപടിയെടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെ 'ഭ്രാന്തൻ' എന്ന് വരെ എർദോഗൻ വിളിച്ചു.
ഇസ്രയേലി അതിക്രമങ്ങൾക്ക് ഇരയാകുന്ന പലസ്തീനികളെ പിന്തുണയ്ക്കുമ്പോൾ തന്നെയാണ് ടെൽ അവീവുമായുള്ള വ്യാപാര ബന്ധങ്ങളും എർദോഗൻ തുടരുന്നത്. സമാനമാണ് ചൈനയിലെ ഉയ്ഗുർ മുസ്‌ലീങ്ങളുടെ കാര്യങ്ങളിലെ നിലപാടും. ഇതെല്ലാം അദ്ദേഹത്തിന്റെ നിലപാടുകളിലെ ഇരട്ടത്താപ്പുകളിലേക്ക് കൂടിയാണ് വെളിച്ചം വീശുന്നത്.
മെയ് മാസത്തിൽ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ എർദോഗന് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല. അടുത്തിടെ തുർക്കിയിലുണ്ടായ രാജ്യത്തെ തകർത്തെറിഞ്ഞ ഭൂകമ്പം കൈകാര്യം ചെയ്തതിലുള്ള വീഴ്ചയും പണപ്പെരുപ്പം ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികളുമെല്ലാം ഭരണത്തുടർച്ച എന്ന എർദോഗന്റെ സ്വപ്നങ്ങൾക്ക് മേൽ ഇരുട്ടടിയാവുകയാണ്.