WORLD

അല്‍ അഖ്‌സ മുതല്‍ അയോധ്യവരെ; മോദി, ഷെയ്ഖ് ഹസീന, ബൈഡന്‍: ലോകക്രമം മാറ്റാവുന്ന തിരഞ്ഞെടുപ്പുകളുടെ വര്‍ഷം

ലോകക്രമത്തില്‍ എന്ത് മാറ്റമാണ് 2024-ല്‍ സംഭവിക്കാന്‍ പോകുന്നത്?

വെബ് ഡെസ്ക്

രണ്ട് യുദ്ധങ്ങള്‍, അതിനിടയില്‍ നിര്‍ണായകമായ നിരവധി തിരഞ്ഞെടുപ്പുകള്‍. 2024-ല്‍ ലോകം തിരക്കിലായിരിക്കും. പലസ്തീന്‍, യുക്രെയ്ന്‍ യുദ്ധങ്ങളുടെ ഗതി എന്താകും? ഇന്ത്യ, അമേരിക്ക, പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളിലെ ജനവിധി എന്താകും? ലോകക്രമത്തില്‍ എന്ത് മാറ്റമാണ് 2024-ല്‍ സംഭവിക്കാന്‍ പോകുന്നത്? ഈ വര്‍ഷത്തെ ലോകരാഷ്ട്രീയ ഡയറിയില്‍ എത്ര നേതാക്കളുടെ പേര് മായും? എത്ര പേരുകള്‍ പുതുതായി എഴുതിച്ചേര്‍ക്കപ്പെടും?

പലസ്തീനില്‍ ഇനിയെന്ത്?

പലസ്തീനില്‍ ഇനിയെന്ത് സംഭവിക്കും എന്നുള്ളതാണ് ലോകം ആരായുന്ന വലിയ ചോദ്യം. ഇസ്രയേല്‍ ആക്രമണം ഉടനൊന്നും അവസാനിപ്പിക്കാനിടയില്ല. ആക്രമണം അവസാനിപ്പിക്കണമെന്ന പ്രസ്താവനകള്‍ക്കപ്പുറം ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും കാര്യമായ ഇടപെടലുകളൊന്നും ഗാസയുടെ കാര്യത്തില്‍ നടത്തുന്നില്ല. അറബ് രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തണുത്ത പ്രതികരണങ്ങള്‍ യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ കെല്‍പ്പുളളതല്ല. ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ നടത്തുന്ന കടല്‍ ആക്രമണങ്ങള്‍ പാശ്ചാത്യ ശക്തികളെ പ്രകോപിപ്പിക്കുന്നുണ്ട്.

എണ്ണക്കയറ്റുമതിയില്‍ ഹൂതി ആക്രമണം പ്രതികൂല സാഹചര്യം സൃഷ്ടിക്കും. ചെങ്കടലിലൂടെയുള്ള ചരക്ക് നീക്കം ഇന്ധന വ്യവസായ ഭീമന്‍മാരായ ബിപി നിര്‍ത്തിവച്ചിരിക്കുകയാണ്. എണ്ണ കയറ്റുമതി വെട്ടിക്കുറയ്ക്കുമെന്ന റഷ്യയുടെ പ്രഖ്യാപനവും ആശങ്കയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നുണ്ട്.

സുപ്രധാനമായ പടിഞ്ഞാറന്‍ തീരം ഉള്‍പ്പെടെ യെമന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഇറാന്‍ പിന്തുണയുള്ള ഹൂതി വിഭാഗം, ഒക്ടോബര്‍ മുതല്‍ ചെങ്കടലിലൂടെ പോകുന്ന ഇസ്രയേലുമായി ബന്ധമുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നുണ്ട്. ഹൂതികളുടെ ഈ നീക്കം ഇസ്രയേലിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കടല്‍മാര്‍മാര്‍ഗമുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടാല്‍, ആക്രമണത്തില്‍ നിന്ന് പിന്തിരിയാന്‍ ഇസ്രയേലിന് മേല്‍ ലോകരാജ്യങ്ങള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തേണ്ടിവരും. ഇത് ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ നിര്‍ണായക ഗതിമാറ്റത്തിന് കാരണമായേക്കാം.

യുക്രെയ്ന്‍-റഷ്യ യുദ്ധം

2022-ല്‍ ആരംഭിച്ച റഷ്യ-യുക്രെയ്ന്‍ യുദ്ധം മാറ്റമില്ലാതെ തുടരുകയാണ്. 2023-ന്റെ അവസാനത്തില്‍ യുക്രെയ്ന്‍ യുദ്ധത്തില്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്. റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ പലതും തിരിച്ചുപിടിക്കാന്‍ യുക്രെയ്‌ന് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം വരാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ്, റഷ്യ ആക്രമണം വീണ്ടും ശക്തമാക്കിയേക്കും. യുക്രെയ്ന്‍ യുദ്ധം റഷ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച വിഷയമാകും.

തിരഞ്ഞെടുപ്പുകളുടെ വര്‍ഷം

ജനാധിപത്യ സംവിധാനത്തിന്റെ ഉത്സവമാണ് തിരഞ്ഞെടുപ്പുകള്‍. അങ്ങനെ നോക്കുമ്പോള്‍ ലോകത്ത് ഉത്സവക്കാഴ്ചകളുടെ ഒരു നീണ്ട നിരതന്നെ 2024-ല്‍ സംഭവിക്കും. എന്നാല്‍, ഇന്ത്യയില്‍ ജനാധിപത്യവും ഹിന്ദുത്വവും തമ്മിലുള്ള പോരാട്ടമാണ്. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് നിര്‍ണായകമാണ്. മൂന്നാമതും താന്‍ അധികാരത്തിലേറുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചിട്ടുണ്ട്. സെമിഫൈനലായി വിലയിരുത്തിയ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത് ബിജെപിക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ജനുവരിയില്‍ അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. രാമക്ഷേത്രം ഇതിനോടകം തന്നെ ബിജെപി പ്രചാരണ വിഷയമായി ഉയര്‍ത്തിയെടുത്തിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠയിലേക്കുള്ള ക്ഷണം സ്വീകരിക്കാനും നിരാകരിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

നരേന്ദ്ര മോദി

മൃഗീയഭൂരിപക്ഷത്തില്‍ മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍, രണ്ടു ടേമുകളിലും പുറത്തെടുക്കാതിരുന്ന ഹിന്ദുത്വയുടെ പൂര്‍ണരൂപം ബിജെപി പുറത്തെടുത്തേക്കാം. ഇന്ത്യയുടെ നയതന്ത്ര പോളിസികളില്‍ അടക്കം വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇതു മുന്നില്‍ക്കണ്ടുള്ള പ്രതിരോധ നീക്കമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. എന്നാല്‍, ബിജെപിയെ നേരിടാന്‍ രൂപീകരിച്ച 'ഇന്ത്യാ' സഖ്യം ഇതുവരെയും താളം കണ്ടെത്തിയിട്ടില്ല. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള എല്ലാ ശ്രമങ്ങളിലും ദയനീയമായി പരാജയപ്പെടുന്ന സാഹചര്യമാണ്. 2024 കോണ്‍ഗ്രസിന് ജീവന്‍ന്മരണ പോരാട്ടത്തിനുള്ള വര്‍ഷമാണ്.

ബംഗ്ലാദേശ്

ജനുവരിയില്‍ ബംഗ്ലാദേശിലാണ് 2024-ലെ ആദ്യ തിരഞ്ഞെടുപ്പ്. ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് ഇന്ത്യയ്ക്കും നിര്‍ണായകമാണ്. ചൈനീസ് സ്വാധീനത്തില്‍ പൂര്‍ണമായും വീഴാതെ, ഇന്ത്യയുമായി സൗഹൃദം നിലനിര്‍ത്തിപ്പോരുന്ന ഏക അയല്‍രാജ്യമാണ് ബംഗ്ലാദേശ്. 2009-മുതല്‍ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന അവാമി ലീഗിന്റെ ഷെയ്ഖ് ഹസീനതന്നെ ഇത്തവണയും അധികാരത്തിലെത്തിയേക്കും എന്നാണ് സൂചന.

ഇന്ത്യയുമായി നല്ല ബന്ധമാണുള്ളതെങ്കിലും ചൈനയുമായും ഹസീനയ്ക്ക് സൗഹൃദമുണ്ട്. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അവഗണനയില്‍ മനംമടുത്ത ഹസീനയെ വരുതിയിലാക്കാന്‍ ചൈന ചില ശ്രമങ്ങളൊക്കെ ആരംഭിച്ചിട്ടുണ്ട്. ഹസീന തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം ചൈനീസ് മാധ്യമങ്ങളുടെ നേതൃത്വത്തില്‍ നടന്നു. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിറ്റ് പാര്‍ട്ടിക്ക് പഴയ പ്രതാപമില്ല. ബിഎന്‍പിയുടെ മുഖവും മുന്‍ പ്രധാനമന്ത്രിയുമായ ഖലീദ സിയയെ ഹസീന അഴിമതിക്കേസില്‍ വീട്ടു തടങ്കലിലാക്കി. ബിഎന്‍പി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചേക്കുമെന്ന സൂചനയുണ്ട്. അങ്ങനെയുണ്ടായാല്‍ ഹസീന തന്നെ വീണ്ടും അധികാരത്തിലെത്തും.

ഷെയ്ഖ് ഹസീന

പാകിസ്താന്‍

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ തുടര്‍ക്കഥയായ പാകിസ്താനില്‍ ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ്. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്രിഖ് ഇ ഇന്‍സാഫ് പാര്‍ട്ടിയും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് (എന്‍) എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍. ഇമ്രാന്‍ ഖാന്റെ പ്രധാനമന്ത്രി പദം തെറിക്കുകയും ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായതിനും പിന്നാലെ അറസ്റ്റ് ഭയന്ന് വിദേശത്തായിരുന്ന നവാസ് ഷെരീഫ് പാകിസ്താനില്‍ തിരിച്ചെത്തിയിട്ടുണ്ട്.

പാകിസ്താന്‍ മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് നവാസും സഹോദരന്‍ ഷെഹബാസും ചേര്‍ന്നണ്. തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് നിന്ന് മത്സരിക്കാന്‍ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. 2022ല്‍ പുറത്താക്കപ്പെട്ടത് മുതല്‍ ഇമ്രാന്‍ നിയമക്കുരുക്കുകളിലാണ്. അഴിമതിക്കേസില്‍ നിയമനടപടി നേരിടുന്നയാളാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇമ്രാന്‍ ഖാന്റെ നാമനിര്‍ദേശ പത്രിക തള്ളിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താനില്‍, തിരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ നിലപാടും നിര്‍ണായകമാകും.

ഇമ്രാന്‍ ഖാന്‍

അമേരിക്ക

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ലോകം ഉറ്റുനോക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ജനവിധി. നവംബറിലാണ് യുഎസില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ടേം ലക്ഷ്യമിട്ട് ജോ ബൈഡന്‍ തന്നെ രംത്തിറങ്ങിയേക്കും. അധികാരത്തിലേറിയ സമയത്തെ ജനപിന്തുണ ബൈഡന് നിലവിലില്ല. ജോ ബൈഡന്റെ ഭരണം അത്ര മികച്ചതല്ലെന്ന് ഡെമോക്രാറ്റുകളുടെ ഇടയില്‍ത്തന്നെ വിമര്‍ശനമുണ്ട്. ഇംപീച്ച്മെന്റ് ഭീഷണിയടക്കം ബൈഡന്‍ നേരിടുന്നുണ്ട്. ശതകോടീശ്വരനായ ഡീന്‍ ഫിലിപ്പും ജനപ്രിയ എഴുത്തുകാരി മരിയന്‍ വില്യംസണുമാണ് നിലവില്‍ ബൈഡനൊപ്പം പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയാകാനായുള്ള മത്സരത്തിലുള്ളത്. ഉയര്‍ന്ന നാണ്യപ്പെരുപ്പവും പലിശനിരക്കും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.

ഡൊണാള്‍ഡ് ട്രംപ്

വീണ്ടും മത്സരിക്കാനുള്ള മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരച്ചടികള്‍ നേരിടുന്നുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് കൊളറാഡോ സുപ്രീംകോടതി ട്രംപിനെ വിലക്കിയിരിക്കുകയാണ്. 2020ലെ തിരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാന്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നില്‍ ട്രംപ് പ്രേരക ശക്തിയായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിധി. കോളറാഡോ സ്റ്റേറ്റില്‍ മത്സരിക്കുന്നതിന് മാത്രമാണ് കോടതി ട്രംപിനെ വിലക്കിയത്. ഇതിന് പിന്നാലെ, മെയ്ന്‍ സംസ്ഥാനവും ട്രംപിനെ വിലക്കി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ മുന്‍നിരയിലായിരുന്നു ട്രംപ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ട്രംപിന്റെ യോഗ്യത സംബന്ധിച്ച് തീര്‍പ്പിലെത്താന്‍ അമേരിക്കന്‍ സുപ്രീംകോടതിയെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് തുടര്‍ച്ചയായുള്ള സംസ്ഥാനങ്ങളുടെ നടപടികള്‍.

റഷ്യ

റഷ്യയില്‍ അഞ്ചാം ടേമിന് ഒരുങ്ങുകയാണ് വ്ലാഡിമര്‍ പുടിന്‍. മാര്‍ച്ചിലാണ് റഷ്യയില്‍ തിരഞ്ഞെടുപ്പ് നടക്കുക. യുക്രൈന്‍ യുദ്ധത്തില്‍ തിരിച്ചടി നേരിട്ടില്ലെന്ന് അവകാശപ്പെടുമ്പോഴും, യുദ്ധമുഖത്ത് റഷ്യന്‍ സൈനികര്‍ നേരിടുന്ന പ്രതിസന്ധികളും വാഗ്‌നര്‍ ഗ്രൂപ്പിന്റെ അട്ടിമറി ശ്രമവും പുടിന്റെ ഇമേജ് തകര്‍ത്തിട്ടുണ്ട്. റഷ്യയില്‍ ജനാധിപത്യ പ്രക്ഷോഭങ്ങളും ശക്തമാണ്.

2036 വരെ ഭരണത്തില്‍ തുടരാനുള്ള ഭരണഘടനാ ഭേദഗതി പുടിന്‍ നടപ്പിലാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ അധികാരം കുറച്ച് പാര്‍ലമെന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് 2020ലെ ഭരണഘടന ഭേദഗതി. 2024-ല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവന്നാല്‍, പ്രധാനമന്ത്രിയാകാനുള്ള നീക്കം പുടിന്‍ നടത്തും.

പുടിന്‍

യൂറോപ്യന്‍ യൂണിയന്‍

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലേക്കും 2024ലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 27 അംഗരാജ്യങ്ങളിലെ ജനങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. നെതര്‍ലന്‍ഡ്സില്‍ തീവ്ര മുസ്ലിം-യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധന്‍ ഗീര്‍ട്ട് വൈല്‍ഡേഴ്സ് അധികാരത്തിലേറിയതും ഇറ്റലിയില്‍ തീവ്ര വലതു നേതാവ് ജോര്‍ജിയ മെലോനി അധികാരത്തിലേറിയതും യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കാന്‍ സാധ്യതയുണ്ട്.

ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സിലേലക്കും 2024ല്‍ തിരഞ്ഞെടുപ്പ് നടക്കും. യുഎന്‍ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരമല്ലാത്ത സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ആഫ്രിക്ക, ഏഷ്യ പെസഫിക്, ലാറ്റിന്‍ അമേരിക്ക ആന്റ് കരീബിയ, വെസ്റ്റേണ്‍ യൂറോപ് രാജ്യങ്ങള്‍ക്ക് മാറ്റിവച്ചിരിക്കുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തായ്വാന്‍, ഇന്താനീഷ്യ, ഇറാന്‍, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പോര്‍ച്ചുഗല്‍, ജോര്‍ജിയ, ഓസ്ട്രിയ, അല്‍ജീരിയ, ദക്ഷിണ കൊറിയ, വെനസ്വേല എന്നീ രാജ്യങ്ങളിലും ഈ വര്‍ഷം തിരഞ്ഞെടുപ്പുകള്‍ നടക്കും.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി