WORLD

​ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ തീപിടുത്തം; 10കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചു

അടുക്കളയിൽ ഉണ്ടായ വാതക ചോർച്ചയാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം

വെബ് ഡെസ്ക്

​ഗാസയിൽ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ 21 പേർ മരിച്ചു. മരിച്ചവരിൽ പത്തുപേർ കുട്ടികളാണ്. അടുക്കളയിൽ ഉണ്ടായ വാതക ചോർച്ചയാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവസ്ഥലത്ത് വൻതോതിൽ ഗ്യാസോലിൻ സൂക്ഷിച്ചിരുന്നതായി ഗാസ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കെട്ടിടത്തിൽ നടന്ന പിറന്നാൾ ആഘോഷത്തിനിടെ കത്തിച്ച മെഴുകുതിരിയാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. മെഴുകുതിരികൾ കത്തിച്ചപ്പോൾ പെട്ടെന്ന് തീ പടർന്ന് സ്ഫോടനം നടക്കുകയായിരുന്നുവെന്ന് അൽ ജസീറ ലേഖിക റിപ്പോർട്ട് ചെയ്തു. പോലീസ് സേനകളും സിവിൽ ഡിഫൻസും ഫോറൻസിക് സംഘങ്ങളും സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ഗാസ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നാല് നിലകളുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഒരു മണിക്കൂറിലധികം സമയമെടുത്താണ് അഗ്നിശമന സേനാംഗങ്ങൾ തീപിടുത്തം നിയന്ത്രിച്ചത്. തീപിടുത്തത്തിന്റെ തീവ്രത കാരണം കെട്ടിടത്തിൽ അകപ്പെട്ട് പോയ പലരെയും സഹായിക്കാനായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ് ​ഗാസ. ഇവിടെ 2.3 ദശലക്ഷം ആളുകളാണ് താമസിക്കുന്നത്. യുഎന്നിന്റെ കണക്കുകൾ പ്രകാരം ഗാസയിൽ ഏകദേശം ആറ് ലക്ഷം അഭയാർത്ഥികളാണ് കഴിയുന്നത്. ഇവർക്കായി എട്ട് ക്യാമ്പുകളാണ് നിലവിലുളളത്. അവയിൽ ഒന്നാണ് ജബാലിയ. ശരാശരി, ഒരു ചതുരശ്ര കിലോമീറ്ററിൽ 9,000ലധികം ആളുകളാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്. 2007 മുതൽ ഇസ്രായേൽ ഏർപ്പെടുത്തിയ വ്യോമ, കടൽ, കര ഉപരോധത്തിന് കീഴിലുളള പ്രദേശം കൂടിയാണ് ​ഗാസ.

വടക്കൻ ഗാസ മുനമ്പിലെ ജനസാന്ദ്രതയേറിയ അഭയാർത്ഥി ക്യാമ്പാണ് ജബാലിയ. സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്നും അനുശോചനം രേഖപ്പെടുത്തുന്നതായും പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ UNRWA ട്വീറ്റ് ചെയ്തു.

പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ദുഃഖാചരണത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഗുരുതരമായ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി ഗാസയിലേക്കുള്ള ഈറസ് ക്രോസിംഗ് തുറക്കാൻ പലസ്തീൻ അതോറിറ്റി ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പിഎൽഒ) എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറൽ ഹുസൈൻ അൽ ഷെയ്ഖ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലിനെയും ഗാസയെയും ബന്ധിപ്പിക്കുന്ന ചെക്ക്‌പോസ്റ്റുകളിലൊന്നാണ് എറെസ് ക്രോസിംഗ്. ഇത് നിയന്ത്രിക്കുന്നതും ഇസ്രായേൽ തന്നെയാണ്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്