WORLD

പലസ്തീനികളുടെ ദുരവസ്ഥയോടുള്ള നിരന്തര നിസംഗത; ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂണിയനിലെ ഇരുന്നൂറിലധികം ജീവനക്കാരുടെ കത്ത്

യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്കും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലക്ഷ്യത്തിനും വിരുദ്ധമാണ് ഗാസ വിഷയത്തില്‍ സ്വീകരിക്കുന്നതെന്നാണ് ഇവര്‍ കത്തില്‍ പറയുന്നത്

വെബ് ഡെസ്ക്

ഗാസ പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂണിയനിലെ ഇരുന്നൂറിലധകം ജീവനക്കാരുടെ കത്ത്. ഗാസയിലെ മാനുഷിക പ്രതിസന്ധിയോടുള്ള യൂണിയന്റെ നിസംഗതയില്‍ വളരെ വലിയ ഉത്കണ്ഠ പ്രകടിപ്പിച്ചാണ് യൂണിയനിലെ സ്ഥാപനങ്ങളിലെയും ഏജന്‍സികളിലെയും ഇരുന്നൂറിലധികം ജീവനക്കാര്‍ കത്തില്‍ ഒപ്പിട്ടത്.

യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്കും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലക്ഷ്യത്തിനും വിരുദ്ധമാണ് ഗാസ വിഷയത്തില്‍ സ്വീകരിക്കുന്നതെന്നാണ് ഇവര്‍ കത്തില്‍ പറയുന്നത്. പലസ്തീനികളുടെ ദുരവസ്ഥയില്‍ യൂണിയന്‍ തുടര്‍ച്ചയായി നിസംഗത പുലര്‍ത്തുകയാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കത്തില്‍ പറയുന്നു. ഒപ്പം, ഗാസയില്‍ വെടിനിര്‍ത്തലിന് ഔദ്യോഗികമായി യൂണിയന്‍ ഇടപെടണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

സമൂഹത്തോട് പ്രതിബദ്ധതയുള്ള പൗരന്മാരെന്ന നിലയിലാണ് യൂണിയന്റെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് ഒപ്പിട്ടതെന്ന് 211 ജീവനക്കാരുടെ പേരിലുള്ള കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തെ ശക്തമായി അപലപിച്ചാണ് കത്ത് ആരംഭിക്കുന്നത്. മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇത്രയധികം വാചാലരായ, മനുഷ്യാവകാശങ്ങളുടെ വിളക്കുമാടമെന്ന് വിശേഷിപ്പിക്കുന്ന യൂണിയന്റെ നേതാക്കള്‍, ഗാസയിലെ പ്രതിസന്ധിയെക്കുറിച്ച് പെട്ടെന്ന് നിശബ്ദരായത് ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കത്തില്‍ ഒപ്പിട്ട സംഘത്തിലെ പ്രധാനിയായ സെനോ ബെനെറ്റി പറഞ്ഞു.

വംശഹത്യ കണ്‍വെന്‍ഷന്‍ പ്രകാരം പലസ്തീനികള്‍ നേരിടുന്ന അപകടസാധ്യത വ്യക്തമാക്കിയ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ജനുവരിയിലെ വിധിയും കത്തില്‍ ഉദ്ധരിക്കുന്നുണ്ട്. പലസ്തീനികളുടെ ദുരവസ്ഥയോടുള്ള നിരന്തര നിസംഗത ലോകസമാധാനം തകര്‍ക്കുന്ന അവസ്ഥയിലേക്ക് നയിക്കുമെന്ന് ജീവനക്കാര്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതയുടെ സാക്ഷികളായ തങ്ങളുടെ പിന്‍തലമുറക്കാര്‍ പുതിയൊരു യൂറോപ്പ് സൃഷ്ടിച്ചത് ഇത്തരമൊരു ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഒഴിവാക്കാനാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിയമവാഴ്ചയുടെ ഇത്തരമൊരു ശോഷണം മുന്നില്‍ കണ്ടിട്ടും വെറുതെ നില്‍ക്കുക എന്നതിനര്‍ഥം യൂണിയന്‍ വിഭാവനം ചെയ്യുന്ന യൂറോപ്യന്‍ പദ്ധതി പരാജയപ്പെട്ടു എന്നാണെന്നും ഇത്തരമൊരു അവസ്ഥയ്ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നും ജീവനക്കാര്‍ പറയുന്നു.

നൂറ് ഒപ്പുകള്‍ മാത്രമാണ് പ്രതീക്ഷിച്ചതെങ്കിലും കത്തിന്റെ ഉള്ളടക്കം അറിഞ്ഞതോടെ കൂടുതല്‍ ജീവനക്കാര്‍ കത്തില്‍ ഒപ്പിടാന്‍ തയാറായി മുന്നോട്ടുവരികയായിരുന്നു. ഇത്തരമൊരു കത്ത് പലസ്തീന്‍ അനുകൂലമായി ചിത്രീകരിക്കേണ്ടെന്നും അന്താരാഷ്ട്ര നിയമത്തിന്റെ തത്ത്വങ്ങളെ അപകടപ്പെടുത്തുന്നതിനെതിരായി മാത്രമാണെന്നും ദ ഗാര്‍ഡിയന് പുറത്തുവിട്ട കത്തില്‍ ജീവനക്കാരുടെ പ്രതിനിധികള്‍ വ്യക്തമാക്കി.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം