ലോസ് ഏഞ്ചൽസിലെ കാലിഫോർണിയയിൽ നടന്ന വെടിവയ്പ്പില്‍ മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. സർജൻറ് ലോസ് ഏഞ്ചൽസിലെ ബെവർലി ക്രെസ്റ്റിലാണ് ആക്രമണം നടന്നത്. പുലർച്ചെ 2:30 ന് ശേഷമാണ് വെടിവയ്പ്പ് നടന്നതെന്ന് ലോസ് ഏഞ്ചൽസ് പോലീസ് സ്ഥിരീകരിച്ചു.
വെടിവയ്പ്പിൽ മരിച്ച മൂന്ന് പേരും വാഹനത്തിനുളളിൽ ഇരുന്നവരായിരുന്നു. നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. എന്നാൽ, വെടിവയ്പ്പിലേക്ക് നയിച്ചതിന്റെ കാരണങ്ങളൊന്നും തന്നെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം.
ഒരാഴ്ചയ്ക്ക് മുൻപ് മോണ്ടെറി പാർക്കിൽ നടന്ന വെടിവെയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു
ഈ മാസം കാലിഫോർണിയയിൽ നടക്കുന്ന നാലാമത്തെ കൂട്ട വെടിവയ്പ്പാണിത്. ഒരാഴ്ചയ്ക്ക് മുൻപ് വെടിവെയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. മോണ്ടെറി പാർക്കിൽ രാത്രി 10 മണിക്ക് ശേഷം നടന്ന ചൈനീസ് ചാന്ദ്ര പുതുവത്സര ആഘോഷത്തിനിടെയായിരുന്നു സംഭവം. പതിനായിരക്കണക്കിന് പേര് പങ്കെടുത്ത ആഘോഷത്തിലാണ് വെടിവയ്പ്പുണ്ടായത്. എന്നാൽ, പോലീസിന്റെ പിന്നീടുളള അന്വേഷണത്തിൽ പ്രതിയെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഏഷ്യൻ സ്വദേശിയായ 72കാരൻ ഹുയു കാൻ ട്രാനെ ഒരു വാനിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അമേരിക്കയിൽ ഇത്തരത്തിലുളള സമാന സംഭവങ്ങൾ പതിവാണ്. ഗൺ വയലൻസ് ആർക്കൈവിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് 2020 ൽ രാജ്യത്ത് 43,000 തോക്ക് അക്രമ സംഭവങ്ങളാണ് ഉണ്ടായത്. അതിന്റെ ഫലമായി ഒരു ലക്ഷത്തിലധികം പേർ മരിച്ചു. 2022-ൽ യുഎസിൽ 600-ലധികം കൂട്ട വെടിവയ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ടക്കൊലകൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്.