ടിബറ്റന്‍ ബുദ്ധമതത്തിന്റെ ഉന്നത ബുദ്ധ ലാമയായ നവാങ് താഷി  PRINT-124
WORLD

'റിംപോച്ചെ'; നാല് വയസുകാരനെ ആത്മീയ നേതാവാക്കി ടിബറ്റന്‍ ബുദ്ധ സന്യാസിമാര്‍

'യോദ്ധ'യിലെ ഉണ്ണിക്കുട്ടനെ ഓര്‍മിപ്പിക്കുന്ന വിധം മുടിവെട്ടി, കാവി പുതച്ച് നിഷ്‌കളങ്കത തുളുമ്പുന്ന മുഖമാണ് പുതിയ റിംപോച്ചെയ്ക്ക്

വെബ് ഡെസ്ക്

ടിബറ്റന്‍ ബുദ്ധ സന്യാസികളുടെ തലവനായ റിംപോച്ചെ ലാമയെ യോദ്ധാ സിനിമയിലെ ഉണ്ണിക്കുട്ടന്‍ എന്ന റിംപോച്ചയിലൂടെ മലയാളികള്‍ക്ക് സുപരിചിതമാണ്. ഏഴ് വര്‍ഷത്തിന് ശേഷം പുനര്‍ജന്മം പ്രാപിച്ചുവെന്ന് വിശ്വസിക്കുന്ന ലാമയെ വീണ്ടും ആശ്രമത്തില്‍ കണ്ട സന്തോഷത്തിലാണ് ഇപ്പോള്‍ ഹിമാലയന്‍ മേഖലയിലെ ടിബറ്റന്‍ ബുദ്ധ സന്യാസിമാര്‍.

ഹിമാചല്‍പ്രദേശിലെ സ്പിറ്റി താഴ്‌വാരയില്‍ നാല് വയസുകാരനെ ഉന്നത ബുദ്ധ ലാമയായ റിംപോച്ചെയായി അവരോഹിച്ചിരിക്കുകയാണ് ന്യിംഗ്മ ബുദ്ധ വിഭാഗത്തിലെ സന്യാസിമാർ. യോദ്ധയിലെ ഉണ്ണിക്കുട്ടനെ സ്മരിപ്പിക്കും വിധം മുടിവെട്ടി, കാവി പുതപ്പിച്ച് നിഷ്‌കളങ്കത തുളുമ്പുന്ന മുഖവുമായി നില്‍ക്കുന്ന കൊച്ചുപയ്യനാണ് ഇന്ന് ന്യിംഗ്മ ബുദ്ധ വിഭാഗത്തിന്റെ തലവന്‍.

ടിബറ്റന്‍ ബുദ്ധമതത്തിന്റെ ഉന്നത ബുദ്ധ ലാമയായി പുനര്‍ജന്മം ലഭിച്ച ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയതിന്റെ സന്തോഷത്തിലാണ് നവാങ് താഷി എന്ന നാല് വയസുകാരന്റെ മാതാപിതാക്കളും ബന്ധുക്കളും. കുട്ടിയെ കഴിഞ്ഞ ദിവസം ഔദ്യോഗികമായി മതജീവിതത്തില്‍ ഉള്‍പ്പെടുത്തി.

ഷിംലയിലെ പന്തഘാട്ടിയിലുള്ള ഡോര്‍ജിദാക് ആശ്രമത്തിലാണ് കുട്ടിയുടെ ഇനിയുള്ള മതപഠനം. ടിബറ്റന്‍ ബുദ്ധ സന്യാസിമാരും ദോര്‍ജിദാക്കിലെ മറ്റുള്ളവരും ഹിമാചല്‍ പ്രദേശിലെ ഹിമാലയന്‍ മേഖലയിലുള്ള മറ്റ് ബുദ്ധ ശിഷ്യന്മാരും ഷിംലയില്‍ പുതിയ റിംപോച്ചയെ സ്വീകരിച്ചു.

റിംപോച്ചെ ആശ്രമത്തില്‍ പുനര്‍ജനിച്ചത് തങ്ങളുടെ ഭാഗ്യമായി കരുതുന്നവരാണ് ബുദ്ധ സന്യാസിമാര്‍. മനുഷ്യന് ഭൗതിക ശരീരവും ആത്മീയ ശരീരവും ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് ബുദ്ധമത വിശ്വാസികള്‍. മരണശേഷം ഭൗതിക ശരീരം നശിച്ചാലും മനസ്സിന്റെ പ്രവാഹം തുടരുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. ആ മനസിന്റെ പ്രവാഹം കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യുന്നതാണ് പുനര്‍ജന്മ പ്രക്രിയയായി ബുദ്ധമത വിശ്വാസികള്‍ കരുതുന്നത്.

2015 ഡിസംബര്‍ 24 നാണ് തക്‌ലുങ് ത്സെതുല്‍ റിംപോച്ചെ അന്തരിച്ചത്. അതിന് ശേഷം ഹിമാലയന്‍ മേഖലയിലെ ബുദ്ധ സന്യാസിമാരും അനുയായികളും തങ്ങളുടെ ലാമയുടെ പുനര്‍ജന്മത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ലാമയുടെ പുനര്‍ജന്മമെന്ന് കരുതുന്ന നാല് വയസുകാരന്‍ നഴ്‌സറി വിദ്യാഭ്യാസം ഉപേക്ഷിച്ചാണ് ഷിംലയിലെ പന്തഘാട്ടിയിലുള്ള ഡോര്‍ജിഡാക്ക് മൊണാസ്ട്രിയില്‍ സന്യാസ വിദ്യാഭ്യാസം ആരംഭിക്കുന്നത്.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും