WORLD

രണ്ടാഴ്ചക്കിടെ ഗാസയിൽനിന്ന് കുടിയിറക്കപ്പെട്ടത് 40 ശതമാനം പേർ; ആക്രമണം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ

വെബ് ഡെസ്ക്

കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം ഇസ്രയേൽ സൈനിക നീക്കത്തിന്റെ ഭാഗമായി ഗാസയിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടത് ജനസംഖ്യയുടെ 40 ശതമാനമെന്ന് യുഎൻ. ഒൻപത് ലക്ഷത്തിലധികം ആളുകളാണ് നിർബന്ധിതമായി കുടിയിറക്കപ്പെട്ടത്. ഇപ്പോഴും കുടിയൊഴിപ്പിക്കൽ തുടരുകയാണെന്നും പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

ഗാസയിലെ ജനങ്ങൾ സുരക്ഷിതത്വം തേടി എല്ലാം ഉപേക്ഷിക്കാൻ നിർബന്ധിതരാണെന്നും മുനമ്പിൽ സുരക്ഷിതമായ സ്ഥലങ്ങളില്ലെന്നും യുഎൻആർഡബ്ല്യുഎ പ്രസ്താവനയിൽ പറയുന്നു.

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, മൂന്ന് ഹമാസ് നേതാക്കൾ എന്നിവർക്കെതിരെ അറസ്റ്റ് വാറന്റ്‌ തേടുകയാണെന്ന് രാജ്യാന്തര നീതിന്യായ കോടതി (ഐസിസി) ചീഫ് പ്രോസിക്യൂട്ടർ അറിയിച്ചതിനുപിന്നാലെയാണ് യുഎൻ വെളിപ്പെടുത്തൽ.

അതേസമയം, ഗാസയിലുടനീളം ഇസ്രയേൽ രൂക്ഷമായ ആക്രമണം തുടരുകയാണ്. ഇന്ന് രാവിലെയോടെയാണ് ഇസ്രയേൽ സൈന്യം ആക്രമണം വീണ്ടും ശക്തമാക്കിയത്. വടക്ക് ജബാലിയയിലും തെക്ക് റഫയിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കഴിഞ്ഞ മണിക്കൂറുകളിൽ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 24 മണിക്കൂറിനിടെ 106 പലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. റഫയിൽ ഒരു പാർപ്പിട കെട്ടിടം തകർന്നതിനെത്തുടർന്ന് കുറഞ്ഞത് എട്ട് പേർ മരിച്ചിട്ടുണ്ട്. മുന്നറിയിപ്പില്ലാതെയാണ് ആക്രമണങ്ങൾ.

വടക്കൻ ഗാസയിൽ സിവിലിയൻ പ്രദേശങ്ങൾ ലക്ഷ്യമിട്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ജബാലിയ അഭയാർഥി ക്യാമ്പിലേക്കും ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. വെള്ളവും ഭക്ഷണവുമില്ലാതെ നഗരത്തിൻ്റെ ഒരു കോണിൽ ക്യാമ്പ് ഒറ്റപ്പെട്ടിരിക്കുകയായിരുന്നു. ഇവിടെയാണ് ഇസ്രയേൽ ആക്രമണം ആരംഭിച്ചത്.

ഗാസയിലുടനീളം തീവ്രമായ ഇസ്രയേൽ ആക്രമണങ്ങൾ തുടരുകയാണ്. ഇന്ന് രാവിലെയോടെ ഇസ്രയേൽ സൈന്യം ആക്രമണം വീണ്ടും ശക്തമാക്കുകയായിരുന്നു.

അധിനിവേശ വെസ്റ്റ് ബാങ്കിൽ ജെനിനിൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ലെബനനിലെ ടയർ മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ഗ്രൂപ്പിൻ്റെ കമാൻഡറെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഒക്‌ടോബർ ഏഴ് മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 35,562 പേർ കൊല്ലപ്പെട്ടു. 79,652 പേർക്ക് പരുക്കേറ്റു.

നെതന്യാഹു, പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ്‌ തലവൻ യഹ്യ സിന്‍വാർ, ഹമാസിൻ്റെ സൈനിക വിഭാഗത്തിൻ്റെ കമാൻഡർ-ഇൻ-ചീഫ് മുഹമ്മദ് അൽ-മസ്രി, ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനി എന്നിവർക്കെതിരെയാണ് ഐസിസി പ്രോസിക്യൂഷൻ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും