WORLD

പാകിസ്താൻ സ്ഫോടനം: മരണം 44 ആയി, 100-ലധികം പേർക്ക് പരുക്ക്, ചാവേറാക്രമണമെന്ന് റിപ്പോർട്ട്

വെബ് ഡെസ്ക്

പാകിസ്താനില്‍ ഖൈബർ പഖ്തൂൺഖ്വയിലെ ബജൗർ ജില്ലയിൽ രാഷ്ട്രീയ പാര്‍ട്ടി യോഗത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 100-ലധികം പേർക്ക് പരുക്കേറ്റതായി ഖൈബർ പഖ്തൂൺഖ്വ ആരോഗ്യമന്ത്രി റിയാസ് അൻവർ എഎഫ്‌പിയോട് പറഞ്ഞു. ജംഇയ്യത്തുൽ ഉലമ ഇസ്‌ലാം-ഫസൽ (ജെയുഐ-എഫ്) സമ്മേളനം നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. നടന്നത് ചാവേർ ആക്രമണമായിരുന്നുവെന്നും സ്‌റ്റേജിനോട് ചേർന്ന് ബോംബുമായെത്തി ആൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

10 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കെപി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് അക്തർ ഹയാത്ത് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ട്, കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഖാർ തെഹ്‌സിലിലെ ജെയുഐ-എഫ് അമീർ മൗലാന സിയാവുല്ല ജാനും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി ബജൗർ ജില്ലാ എമർജൻസി ഓഫീസർ സാദ് ഖാൻ പാക് മാധ്യമമായ ഡോണിനോട് പറഞ്ഞു. പരുക്കേറ്റ 100-ലധികം പേരെ ബജൗർ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബജൗർ ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. ഫൈസൽ കമാൽ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ബജൗറിലും സമീപ പ്രദേശങ്ങളിലുടനീളമുള്ള ആശുപത്രികളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ താത്കാലിക ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫിറോസ് ഷാ അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഹെലികോപ്റ്ററുകള്‍ വഴി പെഷവാറിലേക്കും മറ്റ് ആശുപത്രികളിലേക്കും മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്‌ഫോടനത്തിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും തീവ്രവാദം അവസാനിപ്പിക്കുക എന്നത് മുഴുവൻ രാജ്യത്തിന്റെയും പ്രതിബദ്ധതയാണെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?