ആഗോള സമൂഹം പലനിലയില്‍ ആധുനികവത്കരിക്കപ്പെടുമ്പോഴും അടിമത്തം രൂപം മാറി ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നെന്ന് യുഎന്‍ റിപ്പോര്‍ട്ട്. യുഎന്‍ ലേബര്‍ ഏജന്‍സിയുടെ കണക്ക് അനുസരിച്ച് ആഗോള തലത്തില്‍ അഞ്ച് കോടിയോളം പേര്‍ ഇത്തരത്തില്‍ ഇരകളാണ്. അഞ്ച് വര്‍ഷത്തിനിടെ കണക്കുകളില്‍ 25 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിര്‍ബന്ധിത ജോലി, വിവാഹം എന്നിവയുള്‍പ്പെടെയാണ് ആധുനിക അടിമത്തം എന്ന നിലയില്‍ യുഎന്‍ ലേബര്‍ ഏജന്‍സി കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2017ലെ കണക്കുകളില്‍ നിന്ന് 2021ല്‍ എത്തുമ്പോള്‍ ഒരു കോടിയാണ് ഇരകളുടെ എണ്ണം. വര്‍ധിച്ച കണക്കുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും നിര്‍ബന്ധിത വിവാഹമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, കോംഗോ, ഈജിപ്ത്, ഇന്ത്യ, ഉഗാണ്ട, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അടിമത്തം അനുഭവിക്കുന്ന കുട്ടികളുടെയും നിര്‍ബന്ധിത വിവാഹങ്ങളുടെയും എണ്ണത്തില്‍ വര്‍ധന ഉണ്ടായതായും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.
2021 അവസാനത്തോടെ 28 ദശലക്ഷം പേര്‍ നിര്‍ബന്ധിത ജോലിക്കും 22 ദശലക്ഷം പേര്‍ നിര്‍ബന്ധിത വിവാഹത്തിനും വിധേയരായി
നിര്‍ബന്ധിത തൊഴിലുകള്‍ക്ക് വിധേയരാക്കപ്പെടുന്നവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാലില്‍ ഒരാള്‍ തങ്ങളുടെ തൊഴില്‍ മേഖലകളില്‍ ലൈംഗിക ചൂക്ഷണം അനുഭവിക്കുന്നതായി അന്താരാഷ്ട്ര തൊഴില്‍ സംഘടന പറയുന്നു. 2021 അവസാനത്തോടെ 28 ദശലക്ഷം പേര്‍ നിര്‍ബന്ധിത ജോലിക്കും 22 ദശലക്ഷം പേര്‍ നിര്‍ബന്ധിത വിവാഹത്തിനും വിധേയരായതായി യുഎന്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനും വാക്ക് ഫ്രീ ഫൗണ്ടേഷനും ചൂണ്ടിക്കാട്ടുന്നു.
സമ്പന്ന രാജ്യങ്ങളിലും സ്ഥിതി വിഭിന്നമല്ലെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. നിര്‍ബന്ധിത വിവാഹങ്ങള്‍ക്ക് ഇരയാവുന്ന നാലില്‍ ഒരാള്‍ സമ്പന്ന രാജ്യങ്ങളില്‍ നിന്നാണ്. കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം, സായുധ സംഘര്‍ഷങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രതിസന്ധികള്‍ വര്‍ധിപ്പിച്ചു. സമീപ വര്‍ഷങ്ങളില്‍ കടുത്ത ദാരിദ്ര്യവും സുരക്ഷിതമല്ലാത്ത കുടിയേറ്റവും ലിംഗാധിഷ്ഠിത അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കി. ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള ഏഷ്യാ-പസഫിക് മേഖലയില്‍ നിര്‍ബന്ധിത വിവാഹങ്ങളുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിത വിവാഹങ്ങള്‍ നടന്നത് അറബ് രാജ്യങ്ങളിലാണ്. അവിടെ ആയിരം പേരില്‍ അഞ്ച് പേര്‍ നിര്‍ബന്ധിത വിവാഹങ്ങള്‍ക്ക് ഇരയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിര്‍ബന്ധിത ജോലിക്ക് വിധേയരായവരില്‍ എട്ടില്‍ ഒരാള്‍ കുട്ടികളും പകുതിയോളം പേര്‍ തൊഴിലിടങ്ങളില്‍ ലൈംഗിക ചൂഷണത്തിന് വിധേയരായവരുമാണ്
സമൂഹത്തില്‍ നിലനിന്ന് പോരുന്ന പുരുഷാധിപത്യ മനോഭാവങ്ങളുടെ ആകെത്തുകയാണ് വര്‍ധിച്ചുവരുന്ന നിര്‍ബന്ധിത വിവാഹങ്ങളെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, 85 ശതമാനം കേസുകളും കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് സംഭവിക്കുന്നത്. നിര്‍ബന്ധിത ജോലിക്ക് വിധേയരായവരില്‍ എട്ടില്‍ ഒരാള്‍ കുട്ടികളും പകുതിയോളം പേര്‍ തൊഴിലിടങ്ങളില്‍ ലൈംഗിക ചൂഷണത്തിന് വിധേയരായവരുമാണ്.
ആധുനിക അടിമത്തം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന സാഹചര്യം മനുഷ്യനിര്‍മിത പ്രശ്‌നമാണെന്നാണ് വാക്ക് ഫ്രീയുടെ സ്ഥാപക ഡയറക്ടറുടെ നിലപാട്. അതിനെതിരെ പോരാടാനുള്ള വിപുലമായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും വാക് ഫ്രീ ചൂണ്ടിക്കാട്ടുന്നു. അതേസമയം ട്രേഡ് യൂണിയനുകള്‍, തൊഴിലുടമകളുടെ ഗ്രൂപ്പുകള്‍, പൊതുസമൂഹം എന്നിവയ്ക്കും ഇത്തരം സാഹചര്യങ്ങള്‍ തടയാന്‍ ഉത്തരവാദിത്വമുണ്ടെന്ന് യുഎന്‍ ലേബര്‍ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളെയും ബിസിനസുകളെയും സര്‍ക്കാരുകളെയും ഏകോപിപ്പിച്ചു കൊണ്ട് മുന്നോട്ട് പോയാല്‍ മാത്രമേ അടിമത്ത സാഹചര്യത്തിന് അവസാനമുണ്ടാകൂ എന്നും ഗൈ റൈഡര്‍ കൂട്ടിച്ചേര്‍ത്തു.