മധ്യ ഗാസയിലെ അല്‍ അഖ്‌സ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രണത്തില്‍ 600-ന് മുകളില്‍ പേരെ കാണാതായതായി റിപ്പോര്‍ട്ട്. ആശുപത്രി ജീവനക്കാരേയും 600 രോഗികളേയും എങ്ങോട്ടാണ് മാറ്റിയതെന്ന് വിവരമൊന്നുമില്ലെന്നു ലോകാരോഗ്യ സംഘടനയും യുഎന്നും റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാത്രി ആശുപത്രിക്ക് നേരെ ഇസ്രയേല്‍ കനത്ത വ്യോമാക്രണമാണ് നടത്തിയത്. അഞ്ച് ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെ നിലവിലുള്ളത്.
മധ്യ ഗാസയിലെ ദെയര്‍-അല്‍-ബലാഹില്‍ ഒരു ആശുപത്രി മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ശനിയും ഞായറുമായി നടന്ന ആക്രമണത്തില്‍ മാത്രം 225 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
ഗാസയിലേക്കുള്ള വൈദ്യസഹായം എത്തിക്കുന്നത് തടസപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നാലാമത്തെ തവണയാണ് ലോകാരോഗ്യ സംഘടനയുടെ ദൗത്യം ഉപേക്ഷിക്കേണ്ടിവരുന്നത്. ഇസ്രയേല്‍ ആക്രണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ദൗത്യം ഉപേക്ഷിക്കേണ്ടിവന്നത്.
ഗാസയിലെ അല്‍-അവ്ഡ ആശുപത്രിയിലേക്കും വടക്കന്‍ ഗാസയിലെ സെന്‍ട്രല്‍ ഡ്രഗ് സ്റ്റോറിലേക്കുമാണ് ലോകാരോഗ്യ സംഘടന വൈദ്യസഹായം എത്തിച്ചിരുന്നത്. ഇവിടെനിന്ന് വിവിധ ആശുപത്രികളിലേക്കും ക്യാമ്പുകളിലേക്കും കൊണ്ടുപോവുകയാണ് ചെയ്തിരുന്നത്. എന്നാല്‍, പുതിയ ദൗത്യത്തിന് സുരക്ഷ ഉറപ്പുവരുത്താന്‍ സാധിച്ചില്ലെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.
12 ദിവസം മുന്‍പാണ് വൈദ്യ സഹായവുമായി വടക്കന്‍ ഗാസയില്‍ എത്താന്‍ സാധിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ പലസ്തീന്‍ ഓഫീസര്‍ എക്‌സില്‍ കുറിച്ചു. ആശയവിനിമയം തടസ്സപ്പെടുന്നത് മരുന്നുകള്‍ ഗാസയില്‍ ഉടനീളം എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതായും ഡബ്ല്യുഎച്ച്ഒ ഓഫീസര്‍ വ്യക്തമാക്കി.
വടക്കന്‍ ഗാസയിലെ പ്രധാനപ്പെട്ട അഞ്ചു ആശുപത്രികളിലേക്കാണ് മരുന്നുകള്‍ എത്തിച്ചുകൊണ്ടിരുന്നത്. വടക്കന്‍ ഗാസയിലെ മരണനിരക്ക് ഞെട്ടിക്കുന്നതാണെന്നും അവശ്യമരുന്നുകള്‍ എത്തിക്കുന്നത് വൈകിയാല്‍ വലിയ വര്‍ധനവുണ്ടാകുമെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദ്‌നാം ഗബ്രിയേസസ് പറഞ്ഞു.