670 ലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഇനത്തില്‍ പെടുന്ന ടൈറനോസോറസ്-റെക്‌സിന്റെ അസ്ഥികൂടം ലേലത്തില്‍ വച്ച് സ്വിറ്റ്‌സര്‍ലന്റ്. ട്രിനിറ്റി എന്ന് പേരിട്ടിരിക്കുന്ന അസ്ഥികൂടത്തിന്റെ വില്‍പന ഏപ്രില്‍ 18ന് സൂറിച്ചില്‍ വച്ച് നടക്കുന്ന ലേലത്തിലായിരിക്കും. യൂറോപ്പില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യ ലേലമായിരിക്കുമിതെന്ന് ഓക്ഷന്‍ ഹൗസ് ശനിയാഴ്ച അറിയിച്ചു.
ലേല വിവരപ്പട്ടിക അനുസരിച്ച്, 53 കോടി മുതല്‍ 71 കോടി 30 ലക്ഷം വരെയാണ് ട്രിനിറ്റിയുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. നിലവിലുള്ള ഏറ്റവും മനോഹരമായ അസ്ഥികൂടങ്ങളില്‍ ഒന്നായ ട്രിനിറ്റി വർഷങ്ങളായി കേടുപാടുകളൊന്നും കൂടാതെ വളരെ ശ്രദ്ധയോടെ സംരക്ഷിക്കുന്ന ഫോസിലാണ്. ലോക ചരിത്രത്തില്‍ മൂന്നാം തവണയാണ് ഇത്രയും ഗുണനിലവാരമുള്ള ടി-റെക്‌സിന്റെ അസ്ഥികൂടങ്ങള്‍ ലേലത്തിന് വെക്കുന്നതെന്നും, യൂറോപ്പിൽ ഇതാദ്യമാണെന്നും ഓക്ഷന്‍ ഹൗസ് കൂട്ടിചേര്‍ത്തു.
ലോകമെമ്പാടുമായി പ്രായപൂര്‍ത്തിയായ ടി-റെക്‌സുകളുടെ 32 അസ്ഥികൂടങ്ങള്‍ മാത്രമെ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂവെന്ന് ശാസ്ത്ര ജേണലായ നേച്ചർ 2021ല്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.
മൂന്ന് ടിറെക്‌സുകളുടെ അസ്ഥികളില്‍ നിന്നാണ് ട്രിനിറ്റി അസ്ഥികൂടം ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ട്രിനിറ്റിയുടെ തലയോട്ടി ഒരു ടിറെക്സ് മാതൃകയിൽ നിന്നെടുത്തതാണെന്നും ഓക്ഷൻ ഹൗസ് പറയുന്നു.
2008 നും 2013 നും ഇടയില്‍ അമേരിക്കയിലെ മൊണ്ടാനയിലെയും വ്യോമിംഗിലെയും ഹെല്‍ ക്രീക്ക്, ലാന്‍സ് ക്രീക്കില്‍ (പാറകള്‍ ഉണ്ടാകുന്ന പ്രദേശങ്ങളാണിവ) നിന്നാണ് അവ കുഴിച്ചെടുത്ത്. ഇതിന് മുമ്പ് ലേലത്തില്‍ പോയ മറ്റ് രണ്ട് പ്രധാനപ്പെട്ട ടി-റെക്സ് അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതും ഇവിടെ നിന്നാണ്. സ്യൂ എന്ന് പേരിട്ട അസ്ഥികൂടം 1997 ല്‍ 8.4 മില്യണ്‍ ഡോളറിന് വില്‍ക്കപ്പെട്ടത്, മറ്റൊരു ടി-റെക്‌സ് അസ്ഥികൂടമായ സ്റ്റാന്‍ ലോക റെക്കോര്‍ഡിട്ടുകൊണ്ട് 2020ലെ ലേലത്തില്‍ 31.8 മില്യണ്‍ ഡോളറിനാണ് വിറ്റുപോയത്.