WORLD

ഗാസയില്‍നിന്ന് കുടിയിറക്കപ്പെട്ടത് ഏഴ് ലക്ഷം കുട്ടികള്‍; ദുരിതം വിതച്ച് ഇസ്രയേലിന്റെ ക്രൂരത

ഗാസയില്‍ ഉടനടി മാനുഷിക വെടിനിര്‍ത്തലിന് യൂണിസെഫ് ആഹ്വാനം ചെയ്തു.

വെബ് ഡെസ്ക്

പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന നിരന്തരമായ ക്രൂരതകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കുട്ടികളെയാണ്. യൂണിസെഫിന്റെ കണക്ക് പ്രകാരം ഇതുവരെ ഏഴ് ലക്ഷം കുട്ടികളാണ് ഗാസയില്‍ നിന്നു കുടിയിറക്കപ്പെട്ടത്. മാനുഷികമായ ആവശ്യങ്ങള്‍ വര്‍ധിക്കുന്നതിനാല്‍തന്നെ അടിയന്തരമായ വെടിനിര്‍ത്തലിന് യൂണിസെഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

തട്ടിക്കൊണ്ടുപോയ എല്ലാ കുട്ടികളെയും സഹായിക്കുന്നതിനും സുരക്ഷിതമായി മോചിപ്പിക്കുന്നതിനും സുസ്ഥിരവും തടസമില്ലാത്തതുമായ പ്രവേശനത്തിനായാണ് ഉടനടി മാനുഷിക വെടിനിര്‍ത്തലിന് യൂണിസെഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇസ്രയേലിന്റെ നിരന്തരമായ ബോംബാക്രമണത്തില്‍ ഗാസയിലെ കുട്ടികള്‍ക്ക് എല്ലാം ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണെന്നും യൂണിസെഫ് പറയുന്നു. ഗാസയിലെ പകുതിയിലധികം കുട്ടികളും കുടിയിറിക്കപ്പെട്ടുവെന്നും യൂണിസെഫ് പങ്കുവച്ച വീഡിയോയില്‍ സൂചിപ്പിക്കുന്നു.

കൂടാതെ ഗാസയിലെ കാന്‍സര്‍ ചികിത്സയ്ക്കുള്ള ഏക സൗകര്യമായ അല്‍ റാന്റിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികള്‍ അപകടകരമായ അവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് പലസ്തീന്‍ കുട്ടികളുടെ ദുരിതാശ്വാസ നിധിയുടെ സ്ഥാപകനായ സ്റ്റീവ് സൊസെബീ അല്‍ ജസീറയോട് പറഞ്ഞു. ചികിത്സയിലുള്ള കുട്ടികളുമായി ബന്ധപ്പെടുന്നത് ബുദ്ധിമുട്ടാകുന്നുവെന്നും എന്‍ക്ലേവിലെ കുട്ടികളെ മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

''ഈ കുട്ടികള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവായിരിക്കും. അതുകൊണ്ട് തന്നെ മറ്റ് രോഗങ്ങളും മരണത്തിന് വരെ കാരണമായേക്കാവുന്ന വൈറസുകള്‍ പിടിപ്പെടാനും വളരെ എളുപ്പമാണ്. വൃത്തിയുള്ളതും ഒറ്റപ്പെട്ടതായുമുള്ള സ്ഥലങ്ങളിലാണ് അവരെ സംരക്ഷിക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ ഈ കുട്ടികള്‍ ശുദ്ധജലമില്ലാത്ത, മലിനജലം കെട്ടിക്കിടക്കുന്ന തെരുവുകളിലാണ് ജീവിക്കുന്നത്''- അദ്ദേഹം പറയുന്നു.

ഓക്സിജന്‍ ലഭ്യതക്കുറവു കാരണം ഏഴു കുട്ടികള്‍ മരണപ്പെട്ടതായി ഡോ. മുഹമ്മദ് അബു സെല്‍മിയ ബിബിസിയോട് പറഞ്ഞു. ഇന്ധന വിതരണം നിലച്ചതോടെ ഇന്‍കുബേറ്റര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്തതാണ് ആശുപത്രികളിലെ സാഹചര്യം കൂടുതല്‍ ദുഷ്‌കരമാക്കിയത്.

അതേസമയം കഴിഞ്ഞ ദിവസം ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30ലധികം പേര്‍ കൊല്ലപ്പെട്ടു. ക്യാമ്പിന് സമീപമുള്ള ജനസാന്ദ്രതയേറിയ പ്രദേശത്തെ 12 വീടുകളാണ് ഇസ്രയേല്‍ ലക്ഷ്യം വച്ചതെന്ന് പലസ്തീനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ചയോട് കൂടി പലസ്തീന്‍ എന്‍ക്ലേവിലേക്ക് ഇന്ധനങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്ന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ആക്രമണം 38 ദിവസത്തിലേക്കെത്തുമ്പോള്‍ ഇതുവരെ കുട്ടികളടക്കം 11,200ഓളം പേരാണ് പലസ്തീനില്‍ കൊല്ലപ്പെട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ