ലോകം സാമ്പത്തികമായി വളരെ പുരോഗമിച്ചിട്ടും പട്ടിണിയില്‍ നിന്നും കരകയറാതെ ദാരിദ്രത്തില്‍ ഒരു ജനത ഇപ്പോഴും തുടരുകയെന്നത് ദയനീയമാണ്. പട്ടിണിയ്ക്ക് ഒരു മറു പേരായി സൊമാലിയയെപ്പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു. പട്ടിണിയും ജലക്ഷാമവും മൂലമുണ്ടാകുന്ന മരണങ്ങള്‍ക്കും സൊമാലിയയില്‍ ഇന്നും കുറവില്ല. പോഷകാഹാരക്കുറവ് കാരണം ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടിളെപാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ മാത്രം ഈ വര്‍ഷം മരിച്ചത് 700 ലധികം കുട്ടികളാണ്. വരും മാസങ്ങളില്‍ സൊമാലിയയിലെ ചില പ്രദേശങ്ങള്‍ പട്ടിണിയിലായിരിക്കുമെന്നും യുനിസെഫ് മുന്നറിയിപ്പ് നല്‍കുന്നു.
പട്ടിണിയും ജലക്ഷാമവും മൂലമുണ്ടാകുന്ന മരണങ്ങൾക്ക് സൊമാലിയയിൽ ഇന്നും കുറവില്ല
ആഫ്രിക്കയിലെ പല പ്രദേശങ്ങളിലും തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും മഴയെത്താത്തതിനെത്തുടര്‍ന്ന് വരള്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. സൊമാലിയയില്‍ 2011 ലുണ്ടായ വരള്‍ച്ചയില്‍ ഏകദേശം കാല്‍ ലക്ഷത്തോളം ജീവനുകളാണ് പൊലിഞ്ഞത്. അവരില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളിലാണ് 730 ഓളം കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഇനിയും പുറത്തു വരാത്ത കണക്കുകള്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
2011 ൽ ഉണ്ടായ വരൾച്ചയിൽ ഏകദേശം കാൽലക്ഷത്തോളം ജീവനുകളാണ് പൊലിഞ്ഞത്
കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് അഞ്ചാം പനി, കോളറ, മലേറിയ പോലുള്ള സങ്കീര്‍ണമായ രോഗങ്ങളും നേരിടുന്നുണ്ട്. എത്ര കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്, എത്ര പേര്‍ മരിക്കുന്നുണ്ട് എന്നുള്ള കണക്കുകളൊന്നും തന്നെ വ്യക്തമല്ലെന്നാണ് യുനിസെഫ് ചൂണ്ടിക്കാണിക്കുന്നത്. കണക്കുകളില്‍പെടാതെ പല കുട്ടികളും മരിച്ചു വീഴുന്നുണ്ട്. മാത്രമല്ല കുട്ടികളില്‍ രോഗം പടരുന്നത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും യൂനിസെഫ് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസങ്ങളില്‍ 13000 ത്തോളം മീസില്‍സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ 78 ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ്.
പോഷകാഹാരക്കുറവ് മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം ഇപ്പോഴും വ്യക്തമല്ല
സൊമാലിയയിലെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ലക്ഷകണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ കനത്ത പട്ടിണി നേരിടുന്നുണ്ട്. സ്ത്രീകളില്‍ പ്രത്യേകിച്ച് ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ടിട്ടും ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് ലഭിക്കാത്തതും സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.