WORLD

പോഷകാഹാരക്കുറവ് മൂലം മരിച്ചുവീഴുന്ന കുട്ടികൾ, നരകയാതനയിൽ ഗർഭിണികളും; ആഭ്യന്തര കലാപത്തിൽ വലഞ്ഞ് സുഡാൻ ജനത

വെബ് ഡെസ്ക്

ലോകത്തെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് സുഡാൻ എന്ന ആഫ്രിക്കൻ രാജ്യം. ഒരുവർഷം മുൻപ് രാജ്യത്തെ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ ആരംഭിച്ച ആഭ്യന്തര യുദ്ധമാണ് സുഡാനെ കടുത്ത ക്ഷാമത്തിലേക്ക് തള്ളിവിട്ടത്. വീടുകൾവിട്ട് ക്യാമ്പുകളിലേക്ക് മാറാൻ നിർബന്ധിതരായ ദശലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോൾ കടുത്ത പോഷകാഹാരക്കുറവും പകർച്ചവ്യാധികളും കൊണ്ട് ദുരിതമനുഭവിക്കുകയാണ്. അതിലേറ്റവും ബുദ്ധിമുട്ടുന്നതാകട്ടെ കുട്ടികളും.

സുഡാനിലെ വടക്കൻ ഡർഫറിലെ സംസം ക്യാമ്പിൽ മെഡിസിൻസ് വിതൗട്ട് ബോർഡേഴ്സ് (എംഎസ്എഫ്) എന്ന അന്താരാഷ്ട്ര സംഘടന നടത്തിയ അന്വേഷണത്തിൽ ഓരോ രണ്ടുമണിക്കൂറിലും ഒരു കുട്ടിയെങ്കിലും മരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഭക്ഷണ ദൗർലഭ്യം, വൃത്തിഹീനമായ വെള്ളം, അപര്യാപ്തമായ വൈദ്യസഹായം എന്നിവയാണ് മരണനിരക്ക് വർധിപ്പിക്കുന്നത്. ആഭ്യന്തര സംഘർഷം രണ്ടാം വർഷത്തിലേക്ക് കടന്ന സുഡാനിൽ നിലവിൽ മാനുഷിക സഹായങ്ങൾക്കായി പ്രവർത്തിക്കുന്ന ഏക അന്താരാഷ്ട്ര സംഘടനയാണ് എം എസ് എഫ്.

അഞ്ച് വയസിന് താഴെയുള്ള ഓരോ 10 കുട്ടികളിൽ മൂന്ന് പേർക്കും, ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരിൽ മൂന്നിലൊന്ന് പേരും പോഷകാഹാരക്കുറവുള്ളവരാണെന്ന് ഏജൻസി കണ്ടെത്തിയിട്ടുണ്ട്. പോഷകാഹാര അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട പരിധി സുഡാൻ താണ്ടിയതായും ഏജൻസി പറയുന്നു. നിലവിൽപ്പോൾ സംസം ക്യാമ്പിൽ മാത്രമാണ് എംഎസ്എഫ് സർവേ നടത്തിയത്. ഇതൊരു മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് എംഎസ്എഫ് പറയുന്നു.

ആഭ്യന്തര സംഘർഷം മൂലം ഭക്ഷ്യവിതരണം പോലും അവസാനിച്ചിരിക്കുകയാണ്. അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സ് മേഖല കയ്യടക്കിയതോടെ വടക്കൻ ഡർഫറിലേക്കുള്ള സഹായവിതരണവും നിലച്ചു. മിക്ക സംഘടനകളും പ്രദേശം വിട്ടൊഴിഞ്ഞ് പോകുകയും ചെയ്തു. ആർഎസ്എഫിൻ്റെയും സഖ്യസേനയും ആശുപത്രികളും സ്റ്റോറുകളും കൊള്ളയടിച്ചതായി ആരോപണങ്ങളുണ്ട്.

വിസയും ആഭ്യന്തര യാത്രാനുമതിയും നൽകുന്നതിലെ കാലതാമസവും സഹായവിതരണത്തിന് തിരിച്ചടിയാകുന്നതായി സന്നദ്ധ പ്രവർത്തകർ പറയുന്നു. മറുഭാഗത്ത് ആരോഗ്യസംവിധാനങ്ങളുടെ അവസ്ഥയും മോശമാണ്. ആകെയുണ്ടായിരുന്നതിന്റെ 20-30 ശതമാനം ആരോഗ്യസംവിധാനങ്ങൾ മാത്രമാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്.

2023 മെയ് 15നും സെപ്റ്റംബർ 14നും ഇടയിൽ അഞ്ച് വയസിന് താഴെയുള്ള 1,200 ലധികം കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിച്ചിരുന്നു. സൈനിക മേധാവി അബ്ദുൾ ഹത്താഫ് അൽ ബുർഹാനും, അർധ സൈനിക കമാൻഡറായ ഹംദാൻ ഡാഗ്ലോയും തമ്മിലുള്ള അധികാര തർക്കങ്ങളാണ് രാജ്യത്ത പ്രതിസന്ധിയിലേക്ക് നയിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും