രണ്ടായിരങ്ങളിൽ വെസ്റ്റ് ബാങ്കിലും പ്രദേശങ്ങളിലുമായി നടന്ന രണ്ടാം ഇൻതിഫാദയുടെ (പലസ്തീൻ സായുധ വിമോചന സമരം) വേദനിക്കുന്ന ഓർമകൾ ഉറങ്ങുന്ന നഗരമാണ് ജെനിൻ- അധിനിവേശ വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പുകളിൽ ഒന്ന്. ആ ജനതയാണ് ഇന്ന്, ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു വലിയ ഇസ്രയേലി സൈനിക നടപടിക്ക് സാക്ഷിയാകുന്നത്.
ജെനിൻ ക്യാമ്പിന്റെ പ്രവേശന കവാടമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം രാവിലെ മുതൽ സ്ഫോടനങ്ങളും വെടിവയ്പ്പുമെല്ലാം മണിക്കൂറുകൾ ഇടവിട്ട് നടന്നുകൊണ്ടിരിക്കുകയാണ്. യന്ത്രത്തോക്കുകളുടെ വെടിയൊച്ചകളും ആംബുലൻസ് സൈറണുകളുടെ നിലവിളി ശബ്ദവുമാണ് അന്തരീക്ഷമാകെ മുഴങ്ങുന്നത്. 11,000 അഭയാർഥികളായി മനുഷ്യർ തിങ്ങി പാർക്കുന്ന തെരുവുകളിലേക്കാണ് തിങ്കളാഴ്ച പുലർച്ചെ രണ്ടായിരത്തോളം സൈനികരും ഡ്രോണുകളും കവചിത ബുൾഡോസറുകളുമൊക്കെയായി ഇസ്രയേൽ സൈന്യം ഇരച്ചുകയറിയത്. പിന്നീട് നടന്ന വെടിവയ്‌പ്പിലും കെട്ടിടങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിലും കഴിഞ്ഞ ദിവസം മാത്രം എട്ട് പേർ കൊല്ലപ്പെടുകയും അൻപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
133 പലസ്തീനികളും 24 ഇസ്രായേലി പൗരന്മാരുമാണ് 2023ൽ മാത്രം വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടത്
20 വർഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണമാണ് 'ഓപ്പറേഷൻ ഹോം ആൻഡ് ഗാർഡൻ' എന്ന പേരിൽ ജെനിനിൽ നടന്നുകൊണ്ടിരിക്കുന്നത്. സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്യാനാണെന്ന പേരിൽ ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്ന കവചിത ബുൾഡോസറുകൾ നിലവിൽ ജെനിൻ തെരുവീഥികളിലെ വീടുകളും കാറുകളുമെല്ലാം ഇടിച്ചുനിരത്തുകയാണ്. പരുക്കേറ്റവരുമായി പോകുന്ന ആംബുലൻസുകളെ പോലും ഇസ്രയേൽ സൈന്യം പലയിടത്തും തടയുന്നതായി ജെനിന് സമീപമുള്ള ആശുപത്രിയിലെ അധികൃതർ ആരോപിക്കുന്നു.
ഇസ്രയേൽ രൂപീകരണത്തിൽ അഭയം നഷ്ടപ്പെട്ട പലസ്തീനികൾക്കായി 1950ൽ വെസ്റ്റ് ബാങ്കിൽ സ്ഥാപിച്ചതാണ് ജെനിൻ അഭയാർത്ഥി ക്യാമ്പ്. കഴിഞ്ഞ 55 വർഷങ്ങളായി ഇസ്രയേലി കുടിയേറ്റ അധിനിവേശത്തിനെതിരായ (Settler Colonialism) പലസ്തീൻ പ്രതിരോധത്തിന്റെ കേന്ദ്രം കൂടിയായ ഈ മേഖലയിൽ പട്ടിണി, കുറ്റകൃത്യം, തൊഴിലില്ലായ്മ എന്നിവയുടെ നിരക്കും വളരെ കൂടുതലാണ്. ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) കണക്കനുസരിച്ച്, ഇസ്രയേൽ പൗരന്മാർക്കെതിരെ നടന്ന അൻപതോളം വെടിവയ്പുകളുടെ പ്രഭവകേന്ദ്രം ജെനിനാണ്.
കഴിഞ്ഞ വർഷം മാർച്ചിൽ ജെനിനിലും നാബുലസിലും 'ഓപ്പറേഷൻ ബ്രേക്‌വാട്ടർ' എന്ന പേരിൽ സൈനികനടപടി നടത്തിയിരുന്നു. 133 പലസ്തീനികളും 24 ഇസ്രായേലി പൗരന്മാരുമാണ് 2023ൽ മാത്രം വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടത്. 2005ന് ശേഷം ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ട വർഷം കൂടിയാണ് 2023. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാരും അധികാരമേറ്റ ശേഷം വെസ്റ്റ് ബാങ്കിലും പ്രദേശങ്ങളിലുമായി ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം വലിയതോതിൽ വർധിച്ചിരുന്നു. കഴിഞ്ഞ മാസം, ഹെലികോപ്റ്റർ ഉപയോഗിച്ച് പോലും ജെനിനിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയിരുന്നു.