WORLD

റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി പോയ ബോട്ട് കാണാതായി; 180 പേര്‍ മരിച്ചതായി സംശയം

അപകടത്തില്‍പ്പെട്ടെന്ന് സംശയിക്കുന്നവരെല്ലാം ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ബോട്ടില്‍ യാത്ര തിരിച്ചവര്‍

വെബ് ഡെസ്ക്

ബംഗ്ലാദേശില്‍ നിന്ന് മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 180 റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ മുങ്ങിമരിച്ചതായി സംശയം. ബംഗ്ലാദേശ് നഗരമായ കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ബോട്ടില്‍ യാത്ര തിരിച്ചവരാണ് അപകടത്തില്‍പ്പെട്ടവരെല്ലാം. ബോട്ട് കാണാതായതായി ഐക്യരാഷ്ട്ര സഭയും സ്ഥിരീകരിച്ചു. ഏകദേശം ഒരുമാസം മുന്‍പ് 200 റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി പോയ മറ്റൊരു ബോട്ട് കൂടി കാണാതായതായും സംശയിക്കുന്നു.

ബോട്ടില്‍ യാത്ര ചെയ്തവരുമായി ഇപ്പോള്‍ ബന്ധപ്പെടാനാകുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബോട്ടിലുണ്ടായിരുന്നവരില്‍ ചിലര്‍ സുരക്ഷിതമായി മലേഷ്യയിലെത്തിയതായി കോക്സ് ബസാര്‍ ക്യാമ്പിലുള്ളവര്‍ പറയുന്നു. ഡിസംബര്‍ എട്ടിനാണ് ബോട്ടിലുള്ളവരുമായി അവസാനമായി ബന്ധപ്പെടാനായതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് സാധിച്ചിട്ടില്ല. ശക്തമായ കാറ്റില്‍ ബോട്ട് മുങ്ങിപ്പോയതായി ഇതേ സമയം സഞ്ചരിച്ച മറ്റൊരു ബോട്ടിലുണ്ടായിരുന്നവരും വ്യക്തമാക്കിയിരുന്നു. ബോട്ട് മുങ്ങിയതായി സ്ഥിരീകരിച്ചാല്‍ 2022ല്‍ മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച് മരണമടഞ്ഞ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം 350നടുത്താകും.

ആഴ്ചകളോളം കടലില്‍ കുടുങ്ങിയ 58 പുരുഷ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്തോനേഷ്യന്‍ തീരത്ത് എത്തിയതായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഏജന്‍സി (യുഎന്‍എച്ച്സിആര്‍) കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചയോടെ ഇന്തോനേഷ്യയിലെ ആഷേ ബെസര്‍ ജില്ലയിലെ ഒരു കടലോര ഗ്രാമത്തിലാണ് ഇവരിറങ്ങിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗം പേരുടേയും ആരോഗ്യ സ്ഥിതി മോശമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

10 ലക്ഷത്തിലധികം റോഹിങ്ക്യന്‍ മുസ്ലീമുകളാണ് നിലവില്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ക്യാമ്പില്‍ കഴിയുന്നത് . മ്യന്‍മാറിലെ പീഡനം സഹിക്കവയ്യാതെ പലായനം ചെയ്തവരാണിവരെല്ലാം. വിദ്യാഭ്യാസത്തിനോ ഉപജീവനത്തിനോ അവസരങ്ങളില്ലാത്ത ജയിലിന് സമാനമായ ജീവിത സാഹചര്യത്തിലാണ് ക്യാമ്പുകളിലും ഇവരുടെ ജീവിതം .

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സുരക്ഷിത ഇടമായി കാണുന്ന രാജ്യമാണ് മലേഷ്യ. സാഹചര്യം മുതലെടുത്ത് മനുഷ്യക്കടത്തുകാര്‍ ഉള്‍പ്പെടെ അവരെ ചൂഷണം ചെയ്യുന്നത് പതിവാണ്. നിരവധി റോഹിങ്ക്യന്‍ അഭയാര്‍ഥികളെയും കുത്തിനിറച്ചാണ് പല ബോട്ടുകളുടേയും യാത്ര.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം