ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിലെ സ്റ്റേഡിയങ്ങളിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്കെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് റിപ്പോർട്ട്. മനുഷ്യാവകാശ സംഘടനയായ എക്വിഡം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഖത്തറിൽ നടക്കുന്ന വ്യാപക തൊഴിൽ ചൂഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ദേശീയത അടിസ്ഥാനമാക്കിയുള്ള വിവേചനം, നിയമവിരുദ്ധമായ റിക്രൂട്ട്മെന്റ് രീതികൾ, വേതനമില്ലാത്ത ജോലിയെടുപ്പിക്കൽ, ജോലിസ്ഥലത്തെ ശാരീരിക - മാനസിക അതിക്രമങ്ങൾ തുടങ്ങിയവ ഈ ചൂഷണങ്ങളിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.തൊഴിലാളികളുടെ ആരോഗ്യ സുരക്ഷാ രംഗത്തെ വീഴ്ചകളെക്കുറിച്ചും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ ലോകകപ്പ് സംഘാടക സമിതി ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഖത്തറിലെ എട്ട് പുതിയ സ്റ്റേഡിയങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് കടുത്ത ശാരീരിക- മാനസിക പീഡനങ്ങൾക്ക് വിധേയരാവുന്നു എന്ന് എക്വിഡം പുറത്തുവിട്ട 95 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2020 സെപ്റ്റംബറിനും 2022 ഒക്ടോബറിനും ഇടയിലാണ് എക്വിഡം പഠനം നടത്തിയത്. സ്റ്റേഡിയത്തിൽ ജോലി ചെയ്യുന്ന 982 കുടിയേറ്റ തൊഴിലാളികളുമായി മനുഷ്യാവകാശപ്രവർത്തകർ സംസാരിക്കുകയും അതിൽ 60 പേരുമായി വിശദമായ അഭിമുഖം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിത്. തൊഴിലാളികളില്‍ ഭൂരിഭാഗം പേരും ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ എത്തിയവരാണ്.
ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മാണ ചുമതലയുള്ള കമ്പനികൾ തൊഴിൽ പരിശോധനകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഫിഫ ഖത്തർ സന്ദർശിക്കുന്നതിന് മുൻപായി തൊഴിലാളികളെ അവരുടെ ക്യാമ്പുകളിലേക്ക് കമ്പനി മാറ്റിയിരുന്നു. സ്റ്റേഡിയത്തിൽ തുടര്‍ന്ന് ഫിഫ അധികൃതരോട് പരാതിപ്പെടാന്‍ ശ്രമിച്ച തൊഴിലാളികള്‍ക്കെതിരെ കമ്പനി ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചു. അവരിൽ ചിലരെ നാട്ടിലേക്ക് തിരിച്ചയക്കുകയും മറ്റുചിലരുടെ വേതനം വെട്ടിക്കുറക്കുകയും ചെയ്തു. സ്റ്റേഡിയത്തിലെ കുടിയേറ്റ തൊഴിലാളിയെ ഉദ്ധരിച്ച് ഗാർഡിയനാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
2007ൽ ഖത്തറിൽ തൊഴിൽ അധിഷ്ഠിത നിയമങ്ങളിൽ ചില പരിഷ്‌കാരങ്ങൾ വരുത്തിയിരുന്നു. കഫാല അഥവാ സ്പോൺസർഷിപ്പ് സംവിധാനത്തിൽ ആണ് പ്രധാന മാറ്റങ്ങൾ കൊണ്ടുവന്നത്. ഇതനുസരിച്ച് കുടിയേറ്റ തൊഴിലാളികൾക്ക് ജോലി മാറാനും, രാജ്യം വിടാനും , തൊഴിൽ ചൂഷണം സംബന്ധിച്ച് ലേബർ കോടതികളെ സമീപിക്കാനും അനുവാദമുണ്ട്. കുടിയേറ്റ തൊഴിലാളികൾക്ക് മിനിമം വേതന നിരക്കും നിലവിലുണ്ട്. എന്നാൽ തൊഴില്‍ നിയമങ്ങളിലെ പരിഷ്കരണങ്ങൾക്ക് ശേഷവും പഴയ രീതികൾ മാറ്റമില്ലാതെ തുടരുകയാണ്.
ലോകകപ്പിന് ശേഷമുള്ള വർഷങ്ങളിൽ കുടിയേറ്റ തൊഴിലാളികൾക്ക് അന്താരാഷ്ട്ര മിനിമം മാനദണ്ഡങ്ങൾ നടപ്പിലാക്കാനും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി "മൈഗ്രന്റ് വർക്കേഴ്സ് സെന്റർ" സ്ഥാപിക്കാനും എക്വിഡം റിപ്പോർട്ടിൽ ഖത്തറിനോട് ആവശ്യപ്പെടുന്നുണ്ട്. തൊഴിലാളികൾക്കായി നഷ്ടപരിഹാര ഫണ്ട് സ്ഥാപിക്കാൻ ഫിഫയോടും റിപ്പോർട്ട് ആവശ്യപ്പെടുന്നു. കുറഞ്ഞത് 440 മില്യൺ ഡോളറെങ്കിലും ഇതിനായി നീക്കിവയ്ക്കണമെന്നാണ് ആവശ്യം. ലോകകപ്പിൽ വിതരണം ചെയ്യുന്ന സമ്മാനതുകയ്ക്ക് തുല്യമാണിത്.
റിപ്പോർട്ടിലെ വിവരങ്ങൾ പരിശോധിക്കാൻ ഖത്തർ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് ഫിഫ പ്രതികരിച്ചു.