WORLD

ന്യൂസ് ക്ലിക്കിനെതിരായ നടപടി: പോലീസ് ഉദ്യോഗസ്ഥരെ വിലക്കാൻ അമേരിക്കയോട് ശിപാർശ ചെയ്ത് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ്

വെബ് ഡെസ്ക്

ഡൽഹി പോലീസിലെ നാല് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന് അമേരിക്കയോട് ശിപാർശ ചെയ്ത് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സും യുകെ ആസ്ഥാനമായുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സ്ഥാപനമായ ഗ്വെർണിക്ക 37 ചേമ്പേഴ്സും. ന്യൂസ് ക്ലിക്കിനും മാധ്യമപ്രവർത്തകർക്കുമെതിരായ അവകാശലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം. നേരത്തെ യൂറോപ്യൻ യൂണിയനോടും ഇരുസംഘടനകളും സമാനമായ ആവശ്യമുന്നയിച്ചിരുന്നു.

''ഇന്ത്യയിലെ മാധ്യമപ്രവർത്തകർക്കെതിരായ അടിച്ചമർത്തലിൽ ഉൾപ്പെട്ട ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ ഉപരോധമേർപ്പെടുത്താൻ യുഎസ് വിദേശകാര്യ വകുപ്പിനോടും ട്രഷറി വകുപ്പിനോടും ശിപാർശ ചെയ്തു,'' എന്ന് ഇരുസംഘടനകളും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവർത്തകർക്കെതിരായ ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ നടപടികൾ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ഏറ്റവും നഗ്നമായ ആക്രമണത്തെ കാണിക്കുന്നുവെന്ന് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ് സൗത്ത് ഏഷ്യ ഡെസ്‌കിന്റെ സെലിയ മെർസിയർ പറഞ്ഞു. ഗ്ലോബൽ മാഗ്‌നിറ്റ്സ്‌കി ആക്ട് പ്രകാരമാണ് സംഘടനകൾ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ശിപാർശ അംഗീകരിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർക്ക് യാത്രാവിലക്ക് ഉൾപ്പെടെ വന്നേക്കും.

ന്യൂസ്‌ക്ലിക്കിനെതിരെ ചൈനീസ് ധനസഹായം സ്വീകരിച്ചുവെന്ന് ആരോപിക്കപ്പെട്ടെന്നും എന്നാൽ യഥാർത്ഥത്തിൽ അവരുടെ അന്വേഷണാത്മക റിപ്പോർട്ടിങ്ങിനെ ലക്ഷ്യം വെച്ചായിരുന്നു ഈ നടപടിയെന്നും സംഘടനകളുടെ വാർത്താകുറിപ്പിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അദാനിയെക്കുറിച്ച് പോലീസ് റെയ്ഡിന് വിധേയരായ മാധ്യമപ്രവർത്തകർ അന്വേഷിച്ചിരുന്നു. 2020 നും 2021 നും ഇടയിൽ കർഷകരുടെ പ്രതിഷേധങ്ങളുടെയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രതിഷേധങ്ങളുടെയും കവറേജ് ചെയ്തതിനും റിപ്പോർട്ടർമാരെ ലക്ഷ്യമിട്ടതായി തോന്നുന്നുവെന്നും, ഇവ രണ്ടും സെൻസിറ്റീവ് രാഷ്ട്രീയ വിഷയങ്ങളാണെന്നും വാർത്താകുറിപ്പിൽ പറയുന്നു.

ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ 'മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള വിമർശകരെ ലക്ഷ്യം വെയ്ക്കാൻ ഇന്ത്യൻ സർക്കാരിന് വേണ്ടിയുള്ള ബോഡികളിലൊന്നാണ്' എന്ന് ഗ്വെർണിക്ക 37 ചേമ്പേഴ്സിന്റെ സഹസ്ഥാപകനായ ടോബി ഇമറാമി പറഞ്ഞു.

'വിമർശന ശബ്ദങ്ങളെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വയ്ക്കാനും അധികാരികൾക്ക് യുഎപിഎ സഹായകരമാകുകയാണ്. അധികാരദുരുപയോഗത്തിന് യുഎപിഎ ഉപയോഗിക്കുന്നുണ്ടെന്ന് യുഎന്നും ഒന്നിലധികം വിദേശ സർക്കാരുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2016-ൽ അംഗീകരിച്ച മാഗ്‌നിറ്റ്സ്‌കി നിയമം, മനുഷ്യാവകാശ ലംഘനം നടത്തുന്ന വിദേശ സർക്കാർ ഉദ്യോഗസ്ഥരുടെ ആസ്തി മരവിപ്പിക്കാനും യാത്രാ വിലക്ക് ഏർപ്പെടുത്താനും യുഎസ് ഭരണകൂടത്തെ അനുവദിക്കുന്ന നിയമമാണ്.

നേരത്തെ ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ ഡൽഹി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതും റിമാൻഡ് ചെയ്തതും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് കേസിൽ അറസ്റ്റിലായ പ്രബീറിനെ കോടതി ജയിൽനിന്ന് മോചിപ്പിച്ചിരുന്നു.

2023 ഒക്ടോബർ മൂന്നിനാണ് ഡൽഹി പോലീസിന്റെ സ്‌പെഷൽ സെൽ പ്രബീർ പുരകായസ്തയെ അറസ്റ്റ് ചെയ്തത്. പിറ്റേദിവസം റിമാൻഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് പുരകായസ്തയ്ക്കോ അദ്ദേഹത്തിന്റെ അഭിഭാഷകനോ റിമാൻഡ് അപേക്ഷയുടെ പകർപ്പ് നൽകിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളിൽ ഡൽഹി പോലീസ് പ്രത്യേക സംഘത്തിന്റെ റെയ്ഡിന് പിന്നാലെയാണ് യുഎപിഎ നിയമപ്രകാരം പ്രബീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചൈന അനുകൂല പ്രചാരണം നടത്താൻ ന്യൂസ് പോർട്ടലിന് പണം കൈപ്പറ്റിയെന്നാരോപിച്ചായിരുന്നു തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം ഡൽഹി പോലീസ് ന്യൂസ് ക്ലിക്കിനെതിരെ കേസെടുത്തത്. ന്യൂസ് പോർട്ടൽ ചൈനീസ് സ്ഥാപനങ്ങളിൽനിന്ന് 80 കോടിയിലധികം രൂപ കൈപ്പറ്റിയതായിരുന്നു പോലീസ് കുറ്റപത്രത്തിൽ ആരോപിച്ചത്. സ്ഥാപനത്തിനെതിരെയും യുഎപിഎ ചുമത്തിയ പോലീസ് ഓഫീസ് പൂട്ടി സീൽ ചെയ്തിരുന്നു.

കശ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയൊരു ഇന്ത്യൻ ഭൂപടം സൃഷ്ടിക്കാൻ പ്രബീർ പുരകായസ്ത പദ്ധതിയിട്ടു, ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചു തുടങ്ങിയ ആരോപണങ്ങൾ എഫ്ഐആറിൽ ഉന്നയിച്ചിരുന്നു. ഭീമാ കൊറേഗാവ് കേസിൽ വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയുമായി 1991 മുതൽ സൗഹൃദമുണ്ടെന്ന കാര്യങ്ങളും എഫ്‌ഐആറിൽ പ്രതിപാദിച്ചിരുന്നു.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവർത്തിച്ചുവെന്ന് തുടങ്ങി, കോവിഡ് 19 കാലത്ത് സർക്കാർ നയങ്ങളെ വിമർശിച്ചു, കർഷകസമരത്തെ അനുകൂലിച്ചുവെന്നതടക്കമുള്ള കുറ്റങ്ങളും പോലീസ് പ്രബീർ പുരകായസ്തയ്‌ക്കെതിറീ ആരോപിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും