WORLD

ഇസ്രയേലിന് ഡ്രോണുകൾ ഇന്ത്യയിൽനിന്ന്; അദാനിക്ക് നിയന്ത്രണമുള്ള സ്ഥാപനം കൈമാറിയത് ഇരുപതിലധികം ഡ്രോണുകളെന്ന് റിപ്പോർട്ട്

വെബ് ഡെസ്ക്

ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നുവെന്ന വിമർശനങ്ങൾക്കിടെ, അദാനിയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ കമ്പനി അവർക്ക് സൈനിക ഡ്രോണുകൾ കൈമാറിയതായി റിപ്പോർട്ട്. ഓൺലൈൻ പോർട്ടലായ 'ദ വയർ' 2024 ഫെബ്രുവരി 12ന് പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദാനി- എൽബിറ്റ് അഡ്വാൻസ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡാണ് ഇരുപതിലധികം ഹെർമിസ് ഡ്രോണുകൾ ഇസ്രയേലിന് നൽകിയത്. ഗാസയിലെ ആക്രമണങ്ങൾക്ക് ഇസ്രയേൽ വ്യാപകമായി ഉപയോഗിക്കുന്ന ഡ്രോണുകളാണിത്.

ഹെർമിസ് 900 മീഡിയം ആൾറ്റിട്യൂട്, ലോങ് എൻഡുറൻസ് യുഎവികൾ ഫെബ്രുവരി രണ്ടിനാണ് ഇസ്രയേലിന് വിറ്റത്. പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കാറുള്ള ഷെപാർഡ് മീഡിയ ആണ് ഇക്കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഇന്ത്യയോ ഇസ്രയേലോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇന്ത്യയിൽ ഉത്‌പാദിപ്പിച്ച ഡ്രോണുകൾ ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്ന് അദാനിയുമായി അടുത്ത വൃത്തങ്ങൾ തങ്ങളോട് സ്ഥിരീകരിച്ചതായി ദ വയർ പറയുന്നു.

വെടിനിർത്തലിന് വേണ്ടി ഇന്ത്യ ഉള്‍പ്പെടെ ആഹ്വാനം നടത്തുന്നതിനിടെയാണ് അതേ രാജ്യത്തുനിന്ന് ഇസ്രയേലിന് ആയുധങ്ങൾ കൈമാറുന്നത്. ഇത് നയതന്ത്ര തലത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടി ഉണ്ടാക്കിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്. എഫ് 35 യുദ്ധവിമാനങ്ങൾക്ക് ആവശ്യമായ ഘടകങ്ങൾ ഇസ്രയേലിന് നൽകുന്നത് നിർത്തിവയ്ക്കണമെന്ന ഡച്ച് കോടതിയുടെ ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് അദാനിക്ക് കൂടുതൽ ഓഹരിയും അതുവഴി നിയന്ത്രണവുമുള്ള സംയുക്ത കമ്പനി കയറ്റുമതി നടത്തിയിരിക്കുന്നത്.

2018-ലാണ് ഇസ്രയേലിൻ്റെ എൽബിറ്റ് സിസ്റ്റംസ് അദാനി ഡിഫൻസുമായി കരാറിൽ ഏർപ്പെടുന്നത്. അതിന്റെ ഭാഗമായാണ് ഇസ്രയേലിന് പുറത്ത് ആദ്യമായി ആളില്ലാ വിമാനങ്ങൾ നിർമിക്കുന്ന 150 കോടി ഡോളറിന്റെ സംയുക്ത സംരംഭം ഹൈദരാബാദിൽ ആരംഭിക്കുന്നത്.

2023 ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ഗാസയിൽ ഇസ്രയേൽ ആരംഭിച്ച കടുത്ത ആക്രമണങ്ങളിൽ ഡ്രോണുകൾ പ്രത്യേകിച്ച് ഹെർമിസ് 900 നിർണായക പങ്കാണ് വഹിക്കുന്നത്. 30 മണിക്കൂറിലധികം പ്രവർത്തനക്ഷമതയുള്ള, ഹെർമിസ് 900 ഉപയോഗിച്ചാണ് മുനമ്പിൽ ഇസ്രയേൽ പ്രധാനമായും നിരീക്ഷണം നടത്തുന്നത്. അതേസമയം, നിരീക്ഷണങ്ങൾക്ക് മാത്രമല്ല ചെറിയ ലേസർ ഗൈഡഡ് ബോംബുകൾ ഉപയോഗിക്കാനും ഇസ്രയേൽ ഡ്രോൺ ഉപയോഗിക്കുന്നതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു.

നിലവിൽ ഇസ്രയേൽ റഫായിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവർ ഇസ്രയേൽ നടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഒക്‌ടോബർ ഏഴിന് ശേഷം ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 28,473 പലസ്തീനികൾ കൊല്ലപ്പെടുകയും 68,146 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും