ബ്ലാക്ക് ലൈവ്സ് മാറ്ററിന്റെ ത്രീ സ്ട്രൈപ്പ് ഡിസൈനിന് എതിരെയുള്ള പരാതി പിൻവലിച്ച് ജർമൻ സ്‌പോർട്‌സ് വെയർ നിർമാതാക്കളായ അഡിഡാസ്. ബ്ലാക്ക് ലൈവ്സ് മാറ്റർ ഗ്ലോബൽ നെറ്റ്‌വർക്ക് ഫൗണ്ടേഷന്റെ മൂന്ന് മഞ്ഞ സമാന്തരവരകളുള്ള ഡിസൈനും അഡിഡാസ് ലോഗോയും തമ്മിൽ സാമ്യതകൾ ഉണ്ടെന്നും ഇത് ആശയക്കുഴപ്പം സൃഷ്ടിക്കും എന്നും ചൂണ്ടിക്കാട്ടിയാണ് അഡിഡാസ് തിങ്കളാഴ്ച നിയമനടപടി സ്വീകരിച്ചത്. 70 വർഷത്തിലേറെയായി തങ്ങളുടെ ലോഗോ പ്രചാരത്തിലുണ്ട്. ഇതുപ്രകാരം കമ്പനി ഉത്പന്നങ്ങളിൽ ഈ ലോഗോ ഉപയോഗിക്കുന്നത് തടയണമെന്നും അഡിഡാസ് ട്രേഡ്മാർക്ക് ഓഫീസിനോട് ആവശ്യപ്പെട്ടു. എന്നാൽ പരാതി നൽകി രണ്ട് ദിവസത്തിനുള്ളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഏജൻസിയിൽ നൽകിയ പരാതി കമ്പനി പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു. തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.
ബ്ലാക്ക് ലൈവ്സ് മാറ്റർ ഡിസൈൻ ഫീച്ചർ ചെയ്യുന്ന ഉത്പ്പന്നങ്ങൾ അഡിഡാസുമായി ബന്ധമുള്ളതോ അല്ലെങ്കിൽ അതേ ഉറവിടത്തിൽ നിന്ന് വന്നതോ ആണെന്ന് ഉപഭോക്താക്കൾ കരുത്തുമെന്നായിരുന്നു അഡിഡാസിന്റെ വാദം
ബ്ലാക്ക് ലൈവ്സ് മാറ്ററിന്റെ ദൗത്യത്തിനെതിരായ വിമർശനമായി നടപടിയെ തെറ്റായി വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. 2020 നവംബറിൽ ആണ് വസ്ത്രങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ബാഗുകൾ, ബ്രെയ്സ്‌ലെറ്റുകൾ തുടങ്ങിയ വസ്തുക്കളിൽ ലോഗോ ഉപയോഗിക്കാനായി ബ്ലാക്ക് ലൈവ്സ് മാറ്റർ അനുമതി തേടിയത്.
"അന്താരാഷ്ട്ര പ്രശസ്തിയും വമ്പിച്ച പൊതു അംഗീകാരവും" ലഭിച്ച ലോഗോ ആണ് കമ്പനിയുടേത്. അതിനാൽ ബ്ലാക്ക് ലൈവ്സ് മാറ്റർ ഡിസൈൻ ഫീച്ചർ ചെയ്യുന്ന ഉത്പ്പന്നങ്ങൾ അഡിഡാസുമായി ബന്ധമുള്ളതോ അല്ലെങ്കിൽ അതേ ഉറവിടത്തിൽ നിന്ന് വന്നതോ ആണെന്ന് ഉപഭോക്താക്കൾ കരുതുമെന്നായിരുന്നു അഡിഡാസിന്റെ വാദം. ബ്ലാക്ക് ലൈവ്സ് മാറ്റർ ഗ്ലോബൽ നെറ്റ്‌വർക്ക് ഫൗണ്ടേഷന്റെ ലോഗോയ്ക്ക് എതിരെയുള്ള പരാതി എത്രയും വേഗം പിൻവലിക്കുമെന്ന് കമ്പനി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
വികേന്ദ്രീകൃത പ്രസ്ഥാനമായ ബ്ലാക്ക് ലൈവ്സ് മാറ്ററിന്റെ ഏറ്റവും പ്രമുഖ സ്ഥാപനമാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ ഗ്ലോബൽ നെറ്റ്‌വർക്ക് ഫൗണ്ടേഷൻ. കറുത്ത വർഗക്കാർക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പത്ത് വർഷം മുൻപാണ് പ്രസ്ഥാനം ഉയർന്നുവന്നത്. 2020 ൽ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടർന്നാണ് ആഗോള തലത്തിൽ ശ്രദ്ധ നേടിയത്. എന്നാൽ അഡിഡാസിന്റെ നടപടികളോട് പ്രസ്ഥാനം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഡിഡാസ് ലോഗോയുടെ പേരിൽ മുൻപും കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. 2008 മുതൽ ത്രീ-സ്ട്രൈപ്പ് വ്യാപാരമുദ്രയുമായി ബന്ധപ്പെട്ട് കമ്പനി 90ലധികം കേസുകൾ ഫയൽ ചെയ്യുകയും 200ലധികം സെറ്റിൽമെന്റ് കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്.