WORLD

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് അഫ്ഗാനിലെ പെണ്‍കുട്ടികള്‍; താലിബാന്‍ ഭരണത്തില്‍ ഭാവിയെന്ത്?

26 ശതമാനം പെണ്‍കുട്ടികളിലും വിഷാദരോഗത്തിന്റെ ലക്ഷണം

വെബ് ഡെസ്ക്

അടച്ചിട്ട സ്‌കൂളുകള്‍, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെണ്‍കുട്ടികള്‍, ഒടുവില്‍ വീടുകള്‍ വിദ്യാലയങ്ങളാകുകയാണ്. വിദ്യാര്‍ത്ഥികള്‍ അധ്യാപകരും. താലിബാന്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ട അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഈ കാഴ്ചകള്‍.

അനൗദ്യോഗിക സ്‌കൂളായി മാറിയിരിക്കുകയാണ് സാദബ നസന്തിന്റെ വീട്. സാദബയും സഹോദരിയുമാണ് ഇവിടുത്തെ അധ്യാപകര്‍. പെണ്‍കുട്ടികള്‍ക്ക് ഇംഗ്ലീഷ്, ശാസ്ത്രം, കണക്ക് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നു. ' പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനുമുള്ള അവകാശത്തെ താലിബാന്‍ നിഷേധിക്കുമ്പോള്‍ പഠിപ്പിച്ചു കൊണ്ട് ഞങ്ങള്‍ അവര്‍ക്കെതിരെ പോരാടുകയാണ് ', നസന്തിന്റേത് ചെറുത്തു നില്‍പ്പിന്റെ ശക്തമായ ഭാഷയാവുകയാണ്. അഫ്ഗാനിസ്ഥാനില്‍ പലയിടത്തും രഹസ്യമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഒരു വര്‍ഷം മുന്‍പാണ് അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലെത്തിയത്. ഇതിനകം സ്ത്രീ വിരുദ്ധമായ അനേകം തീരുമാനങ്ങളെടുക്കുകയും ചെയ്തു. അവയില്‍ ഏറ്റവും പ്രധാനം ആറാം ക്ലാസിന് മുകളിലേക്ക് പെണ്‍കുട്ടികളുടെ പഠനം വിലക്കിയതായിരുന്നു. വളരെ ആശങ്കാജനകവും സങ്കടകരവുമായ സാഹചര്യമാണെന്ന് കുട്ടികള്‍ പറയുന്നു. സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശന വിലക്കില്ല. പക്ഷേ ഹൈസ്‌കൂളില്‍ പെണ്‍കുട്ടികള്‍ എത്താതാകുന്നതോടെ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍വകലാശാലകളിലും വിദ്യാര്‍ഥിനികള്‍ ഇല്ലാതാകും. അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റേയും നേതൃത്വത്തില്‍ അഫ്ഗാനില്‍ ഓപ്പണ്‍ സ്‌കൂളുകള്‍ തുടങ്ങണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് അന്താരാഷ്ട്ര സംഘടനകള്‍. താലിബാനെ ഉള്‍പ്പെടുത്താതെ അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം നല്‍കുന്ന രീതിയിലുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നത്.

'സേവ് ദ ചില്‍ഡ്രണ്‍' എന്ന സന്നദ്ധ സംഘടന വിദ്യാഭ്യാസ നിയന്ത്രണങ്ങളുടെ ആഘാതങ്ങള്‍ പഠിക്കാനായി ഒന്‍പതിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള 1700 കുട്ടികളുമായി സംവദിച്ചിരുന്നു. ഇതില്‍ 45 ശതമാനത്തില്‍ കൂടുതല്‍ പെണ്‍കുട്ടികളും സ്‌കൂളില്‍ പോകുന്നില്ല. 26 ശതമാനം പെണ്‍കുട്ടികളിലും 16 ശതമാനം ആണ്‍കുട്ടികളിലും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണപ്പെടുന്നുവെന്നും സര്‍വേ ഫലം പറയുന്നു.

താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ ലോകരാജ്യങ്ങള്‍ അഫ്ഗാനുള്ള സാമ്പത്തിക സഹായം നിര്‍ത്തിയിരുന്നു. ഇതോടെ കടുത്ത ദാരിദ്രവും പട്ടിണിയും അനുഭവിക്കുകയാണ് രാജ്യത്തെ ജനങ്ങള്‍. അധ്യാപകര്‍, രക്ഷിതാക്കള്‍, സാമ്പത്തിക ശാസ്ത്ര വിദഗ്ധര്‍ തുടങ്ങിയവരെല്ലാം രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന ഭീഷണികളെ ചൂണ്ടിക്കാട്ടുന്നുണ്ട്.

സ്ത്രീകള്‍ ജോലിക്ക് പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ താലിബാന്‍ അവര്‍ വീടുകളിലിരിക്കാന്‍ ഉത്തരവിട്ടുണ്ട്. അതോടൊപ്പം മുഖമുള്‍പ്പെടെ മറയ്ക്കുന്ന വസ്ത്രധാരണവും നിര്‍ബന്ധമാക്കി. 1990ല്‍ താലിബാന്‍ ആദ്യമായി അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ ഇപ്പോഴത്തേതിനെക്കാള്‍ കര്‍ശന നിയന്ത്രണങ്ങളായിരുന്നു സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്. 2001ല്‍ താലിബാന്‍ ഭരണത്തില്‍ നിന്ന് പുറത്തായതിന് ശേഷമുള്ള ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് എല്ലാ പെണ്‍കുട്ടികളും സ്‌കൂളിലേക്കും സ്ത്രീകള്‍ ജോലി സ്ഥലങ്ങളിലേക്കും തിരിച്ചെത്തിയിരുന്നു. വീണ്ടും ഭരണത്തിലെത്തിയപ്പോള്‍ എല്ലാ പെണ്‍കുട്ടികളെയും സ്‌കൂളില്‍ അയയ്ക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് മാത്രമേ നടപ്പാക്കാന്‍ സാധിക്കുകയുള്ളെന്നാണ് താലിബാന്‍റെ ഇപ്പോഴത്തെ നിലപാട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ