WORLD

'ഭാവിയുമായി എന്നെ ബന്ധിപ്പിക്കുന്ന പാലം അവർ നശിപ്പിച്ചു'- പഠന വിലക്കിനെതിരെ അഫ്ഗാനിസ്ഥാനിൽ വിദ്യാർഥി പ്രതിരോധം

പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആൺകുട്ടികളും

വെബ് ഡെസ്ക്

നീണ്ട വർഷങ്ങൾക് ശേഷം അഫ്ഗാനിസ്ഥാനിലേക്കുള്ള താലിബാന്റെ മടക്കത്തെ ഏറ്റവും ഭയപ്പാടോടെ കണ്ടത് അവിടുത്തെ സ്ത്രീകളാണ്. സ്ത്രീ അവകാശങ്ങളെ പൂർണമായും മാനിക്കുമെന്ന് വാഗ്ദാനം ചെയ്താണ് താലിബാൻ രാജ്യത്ത് അധികാരത്തിൽ ഏറ്റെടുത്തതെങ്കിലും പിന്നീട് രാജ്യം കണ്ടത് സ്ത്രീകളെ അടിച്ചമർത്തുന്ന താലിബാന്റെ തീവ്ര യാഥാസ്ഥിതിക നിലപടുകളെയാണ്. അതിൻ്റെ ഏറ്റവും ഒടുവിലത്തെ തീരുമാനമാണ് പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നിരോധിച്ചുള്ള തീരുമാനം. ഇതിനെതിരെ ആൺകുട്ടികളും പെൺകുട്ടികളും അഫ്ഗാനിസ്ഥാനിൽ പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാർക്കെതിരെ ശക്തമായ നടപടിയാണ് താലിബാൻ സ്വീകരിക്കുന്നത്

അമേരിക്കയുടെ പിന്മാറ്റത്തിന് പിന്നാലെ അധികാരത്തിലെത്തിയ താലിബാൻ തുടക്കം മുതൽ തന്നെ സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഇല്ലാതാക്കുകയായിരുന്നു. ജോലി ചെയ്യാനും അടിസ്ഥാന വിദ്യാഭാസത്തിനുമുള്ള സ്ത്രീകളുടെ അവകാശങ്ങളെ അധികാരം ലഭിച്ച ആദ്യ ദിനങ്ങളിൽ തന്നെ താലിബാൻ ഇല്ലാതാക്കി. കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും അവർക്ക് മേൽ ചുമത്തി. ജിം, പാർക്ക് പോലുള്ള പൊതുസ്ഥലങ്ങളിൽ അവരുടെ സാന്നിധ്യത്തെ വിലക്കി. ഏറ്റവും ഒടുവിലായി ഇപ്പോൾ അഫ്ഗാനിലെ പെൺകുട്ടികളുടെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം താലിബാൻ നിരോധിച്ചിരിക്കുകയാണ്. അഫ്ഗാനിലെ പെൺകുട്ടികൾ ഏറ്റവും ഭയപ്പെട്ടിരുന്ന ഒരു തീരുമാനമാണ്.

രാജ്യത്തെ വലിയൊരു വിഭാഗം സ്ത്രീകൾ തങ്ങളുടെ ഭാവി ഇരുളടഞ്ഞുവെന്ന് വിശ്വസിച്ചപ്പോഴും ചെറിയൊരു വിഭാഗം പെൺകുട്ടികൾ വിദ്യാഭ്യാസത്തിലൂടെ മറ്റൊരു ഭാവി സ്വപ്നം കണ്ടവരായിരുന്നു. എന്നാൽ ആ സ്വപ്‌നങ്ങൾ കൂടി ഇപ്പോൾ താലിബാൻ ഇല്ലാതാക്കിയിരിക്കുകയാണ്.

ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങുന്നത്. അടുത്ത ദിവസം തന്നെ ഇസ്ലാമിക മതപഠന ശാലകളും നിരവധി പ്രദേശങ്ങളിലെ സ്വകാര്യ ട്യൂഷൻ കോളേജുകളും ഉൾപ്പടെയുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും വിധി നടപ്പാക്കി. ബുധനാഴ്ച സർവകലാശാലകളിൽ എത്തിയ വിദ്യാർത്ഥികളെ താലിബാൻ ഗാർഡുകൾ തടയുകയും തിരിച്ചയക്കുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ വികരീധനരായി സർവകലാശാലകളിൽനിന്ന് പിന്തിരിഞ്ഞ് പോകുന്ന പെൺകുട്ടികളെ കാണാം. അഫ്ഗാനിലെ സ്ത്രീകൾക്ക് ഔപചാരിക വിദ്യാഭ്യാസത്തിനുള്ള എല്ലാ വഴികളും ഇതോടെ അടഞ്ഞിരിക്കുകയാണ്.

'എന്റെ ഭാവിയുമായി എന്നെ ബന്ധിപ്പിക്കുന്ന ഒരേയൊരു പാലം അവർ നശിപ്പിച്ചു കളഞ്ഞു 'എന്നാണ് കാബൂൾ സർവകലാശാലയിലെ വിദ്യാർത്ഥിനി നിരോധനവാർത്തയോട് പ്രതികരിച്ചത് . " എനിക്ക് എങ്ങനെ പ്രതികരിക്കാനാകും . പഠിക്കാനും , എന്റെ ഭാവിയിൽ മാറ്റം വരുത്താനും എന്റെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരാനും കഴിയുമെന്ന് ഞാൻ വിശ്വസിച്ചു . അവർ അത് നശിപ്പിച്ച് കളഞ്ഞു. " - മറ്റൊരു വിദ്യാർത്ഥിയുടെ പ്രതികരണം ഇങ്ങനെയാണ്.

അഫ്ഗാനിൽ യൂണിവേഴ്‌സിറ്റിക്ക് മുൻപിൽ ഒത്തുകൂടിയിരിക്കുന്ന വിദ്യാർഥികൾ

തുടർന്ന് താലിബാൻ കീഴിലുള്ള അഫ്ഗാനിൽ തിരഞ്ഞെടുക്കാവുന്ന ഏറ്റവും അപകടകരമായ വഴി അവിടുത്തെ വിദ്യാർഥികൾ തിരഞ്ഞെടുത്തു. അവർ കാബൂളിലെ തെരുവുകളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. അഫ്ഗാനിലെ ആൺകുട്ടികളും സ്ത്രീ വിദ്യാഭ്യാസത്തിനായി തെരുവിലിറങ്ങി. എന്നാൽ ചെറിയ ആൾക്കൂട്ടങ്ങളെപ്പോലും പതിവ്പോലെ താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥർ പിരിച്ചുവിട്ടു.

മൂന്ന് മാസം മുൻപ് അഫ്ഗാനിലെ പെൺകുട്ടികൾക്ക് താലിബാൻ സർവകലാശാലകളുടെ പ്രവേശന പരീക്ഷകളിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. ആയിരകണക്കിന് സ്ത്രീകളും കുട്ടികളും പരീക്ഷകളിൽ പങ്കെടുത്തു. പരീക്ഷയ്ക്കിടെ സ്കൂളുകൾ ലക്ഷ്യമാക്കി സ്ഫോടനങ്ങൾ നടക്കുകയും വിദ്യാർഥികൾ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലും അവിടുത്തെ പെൺകുട്ടികൾ വിദ്യാഭ്യാസം എന്ന അടിസ്ഥാന അവകാശത്തിന് വേണ്ടി ഉറച്ചു നിൽക്കുകയായിരുന്നു .

നവംബറിൽ താലിബാൻ സാമ്പത്തിക ശാസ്ത്രം, എഞ്ചിനീയറിംഗ്, ജേണലിസം തുടങ്ങിയ കോഴ്‌സുകൾ പഠിക്കുന്നതിൽ നിന്ന് പെൺകുട്ടികളെ തടഞ്ഞിരുന്നു. ,എന്നാൽ അവർ മറ്റു കോഴ്സുകൾക്ക് അപേക്ഷിക്കുകയും പഠനവുമായി മുന്നോട്ട് പോവുകയും ചെയ്തു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം തെറ്റാണെന്ന് വിശ്വസിക്കുന്ന അഫ്ഗാനിലെ മത മൗലിക വാദികളുടെ വിജയമായി വേണം പുതിയ ഉത്തരവിനെ പരിഗണിക്കാൻ.

സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു എന്നതുമാത്രമല്ല, ഈ തീരുമാനം രാജ്യത്തിന്റെ മുഴുവൻ ഭാവിയിലും സ്വാധീനം ചെലുത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു.

“ജനസംഖ്യയുടെ പകുതി പിന്നോട്ട് പോകുമ്പോൾ ഒരു രാജ്യത്തിനും അഭിവൃദ്ധി പ്രാപിക്കാനാവില്ല,” എന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെൻ നൽകുന്ന മുന്നറിയിപ്പ് താലിബാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയത്. ആഗോള അംഗീകാരം ലഭിക്കുന്നതിനായി സ്ത്രീകളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ മുൻപ് പാശ്ചാത്യ രാജ്യങ്ങൾ താലിബാനോട് ആവശ്യപ്പെട്ടിരുന്നങ്കിലും താലിബാൻ ഈ ആവശ്യത്തെ അവഗണിക്കുകയായിരുന്നു.

എന്നാൽ ലോകത്തിന്റെ പല ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നു വരുന്നത്. നിരവധി വനിതാ മനുഷ്യാവകാശ പ്രവർത്തകർ തങ്ങളുടെ ബിരുദദാന ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അഫ്ഗാനിലെ പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എന്നാൽ അതുകൊണ്ട് മാത്രം താലിബാൻ സ്ത്രീകളോടുള്ള ക്രൂരമായ അടിച്ചമർത്തലുകളിൽ നിന്നും സ്ത്രീ അവകാശങ്ങൾ ഹനിക്കുന്നതിൽ നിന്നും പിന്മാറാൻ പോകുന്നില്ല. വീടുകളിലെ നാല് ചുവരുകൾക്കുള്ളിലേക്ക് അഫ്ഗാനിലെ സ്ത്രീകൾ ഒതുങ്ങികഴിയുക എന്നതാണ് താലിബാൻ ഭരണകൂടം മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യം.

വിവരങ്ങൾക്ക് കടപ്പാട് ബിബിസി

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ