അഫ്ഗാനിസ്ഥാനില്‍ സ്ത്രീ വിദ്യാഭ്യാസ പ്രവര്‍ത്തകനെ താലിബാന്‍ ഭരണകൂടം അറസ്റ്റ് ചെയ്തു. താലിബാന്‍ അധിനിവേശ അഫ്ഗാനിസ്ഥാനില്‍ സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന മതിയുള്ള വെസയെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് എന്തിനാണെന്ന് സംബന്ധിച്ച് താലിബാന്റെ വിശദീകരണം വന്നിട്ടില്ല.
വിദ്യാഭ്യാസ ലഭ്യത എല്ലാ പെണ്‍കുട്ടികള്‍ക്കും ഉറപ്പുവരുത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതിയുള്ള വെസ സഞ്ചരിച്ചിരുന്നു. അത്തരം യാത്രകളിലുടനീളം മതിയുള്ളക്കെതിരെ ഭരണകൂട ഭീഷണിയുണ്ടായി. സ്ത്രീവിദ്യാഭ്യാസത്തിന് വേണ്ടി സമരം ചെയ്ത നിരവധി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് വെസയുടെ അറസ്റ്റെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ, പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി പുസ്തകം നല്‍കുന്നതിനിടെ പ്രൊഫസര്‍ ഇസ്മായില്‍ മാഷലിനെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് അഞ്ചിന് മോചിപ്പിച്ചെങ്കിലും പിന്നീട് അദ്ദേഹം ഭരണകൂടത്തിനെതിരെ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല.
2021ല്‍ താലിബാന്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തിയത് മുതല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി വെസ വിവിധ രീതിയില്‍ പ്രതിഷേധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഇസ്ലാമിക അവകാശങ്ങള്‍ ചൂണ്ടിക്കാട്ടി 'പെന്‍ പാത്ത്' എന്ന വനിതാ സന്നദ്ധപ്രവര്‍ത്തകരുടെ ഫോട്ടോ പങ്കുവച്ചശേഷമായിരുന്നു വെസയുടെ അറസ്റ്റ്. വെസ എവിടെയാണെന്ന് താലിബാനോട് ചോദിച്ച ഐക്യ രാഷ്ട്രസഭ അദ്ദേഹത്തെ തടങ്കലില്‍ വച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കാനും ആവശ്യപ്പെട്ടു.
2021 സെപ്റ്റംബറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പുരുഷ അധ്യാപകര്‍ക്കും മാത്രമേ സെക്കന്‍ഡറി സ്‌കൂളുകളില്‍ താലിബാന്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതു വരെ സ്‌കൂളുകളിലും സര്‍വകലാശാലകളിലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് താലിബാന്റെ വിശദീകരണം.
സ്ത്രീകള്‍ കണ്ണുകള്‍ മാത്രം വെളിവാക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കണമെന്നും 72 കിലോമീറ്ററില്‍ കൂടുതല്‍ (48 മൈല്‍) യാത്ര ചെയ്യുകയാണെങ്കില്‍ ഒരു പുരുഷ ബന്ധു അനുഗമിക്കണമെന്നുമുള്ള മാര്‍ഗ നിര്‍ദേശങ്ങളും താലിബാന്‍ ഏർപ്പെടുത്തിയിരുന്നു.
നവംബറില്‍ സ്ത്രീകള്‍ക്ക് പാര്‍ക്കുകളിലും ജിമ്മുകളിലും നീന്തല്‍ക്കുളങ്ങളിലും വരെ വിലക്കേര്‍പ്പെടുത്തിയ താലിബാന്‍ നിയമങ്ങള്‍ ഭയത്തിന്റെയും ഉത്കണ്ഠയുടെയും അന്തരീക്ഷമാണ് അഫ്ഗാനില്‍ സൃഷ്ടിക്കുന്നത്. സ്ത്രീകളുടെയും ആക്ടിവിസ്റ്റുകളുടെയും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും അവഗണിച്ച് നിയന്ത്രണങ്ങള്‍ തുടരുകയാണ്.
ആരോഗ്യമേഖലയിലല്ലാതെ ആഭ്യന്തര, അന്തര്‍ദേശീയ എന്‍ജിഒകളില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ലെന്ന് താലിബാന്‍ പറഞ്ഞതിന് പിന്നാലെ വിദേശ സഹായ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും ഭരണകൂടം തടസ്സപ്പെടുത്തി. രാജ്യം കടുത്ത സാമ്പത്തികവും മാനുഷികവുമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന സമയത്താണ് ചില സംഘടനകളുടെ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ താലിബാന്‍ നിര്‍ദേശം നല്‍കിയത്.