പമ്പ് ഉപരോധം 
WORLD

ഇന്ധനവില വര്‍ധന, ജനകീയ പ്രക്ഷോഭം; ശ്രീലങ്കയുടെ വഴിയെ ബംഗ്ലാദേശ്

ഇന്ധന വിലയ്‌ക്കൊപ്പം ഉയരുന്ന പണപ്പെരുപ്പം പലരുടെയും അടുക്കള ബജറ്റിന്റെ താളം തെറ്റിച്ചിരിക്കുന്നു

വെബ് ഡെസ്ക്

ശ്രീലങ്കയെ പ്രതിസന്ധിയിലാഴ്ത്തിയ ഇന്ധനവില വര്‍ധന ബംഗ്ലാദേശിനെയും ബാധിക്കുന്നു. രാജ്യത്തെ ഇന്ധനവില 52 ശതമാനമാണ് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും വലിയ വില വര്‍ധന വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ആയിരങ്ങളാണ് സമരവുമായി തെരുവിലുള്ളത്. വില കുറയ്ക്കണമെന്നാണ് ആവശ്യം. കുപിതരായ ജനം, പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെ ഉപരോധിക്കുകയാണ്.

ബംഗ്ലാദേശില്‍, ശനിയാഴ്ച പെട്രോള്‍ വില 51.2 ശതമാനം വര്‍ധിച്ച് 130 ടാക്കയും (108 രൂപയോളം), 95-ഒക്ടെയ്ന്‍ ഗ്യാസോലിന്‍ വില 52.7 ശതമാനം ഉയര്‍ന്ന് 134 ടാക്കയും (113 രൂപയോളം) ആയി. ഡീസല്‍, മണ്ണെണ്ണ വിലയും 42.5 ശതമാനം വര്‍ധിച്ചതായി ഊര്‍ജ ധാതു വിഭവ മന്ത്രാലയം പ്രസ്താവനയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒമ്പത് മാസമായി ആറ് ശതമാനത്തിന്‍ മുകളിലായിരുന്നു ബംഗ്ലാദേശിലെ പണപ്പെരുപ്പം. ജൂലൈയില്‍ അത് ഏഴ് ശതമാനത്തിലെത്തി. നിത്യ ചെലവിനായി കഷ്ടപ്പെടുന്ന മധ്യവര്‍ഗ കുടുംബങ്ങളെയാണ് ഇത് സാരമായി ബാധിച്ചത്. ഇന്ധന വിലയ്‌ക്കൊപ്പം ഉയരുന്ന പണപ്പെരുപ്പം പലരുടെയും അടുക്കള ബജറ്റിന്റെ താളം തെറ്റിച്ചു. അരി, പയറുവര്‍ഗങ്ങള്‍, എണ്ണ, ഉപ്പ്, തുടങ്ങി തുണികളുടേയും മറ്റു നിത്യോപയോഗ സാധനങ്ങളുടേയും വില കൂടുകയാണ്.

വിദേശനാണ്യ കരുതല്‍ ശേഖരവും കുറയുന്നു എന്നതാണ് ബംഗ്ലാദേശ് നേരിടുന്ന മറ്റൊരു പ്രതിസന്ധി.

വിദേശനാണ്യ കരുതല്‍ ശേഖരവും കുറയുന്നു എന്നതാണ് ബംഗ്ലാദേശ് നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഇതോടെ, ആഡംബരവസ്തുക്കളുടെയും ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) ഉള്‍പ്പെടെ ഇന്ധനങ്ങളുടെയും ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനവും തടസപ്പെട്ടതോടെ, വൈദ്യുതി മുടക്കവും തുടര്‍ക്കഥയാവുകയാണ്.

പുതിയ ഇന്ധന വില എല്ലാവര്‍ക്കും താങ്ങാനാവുന്നതല്ലെന്നും സര്‍ക്കാരിന് മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍, ജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് ഊര്‍ജ ധാതു വിഭവ വകുപ്പ് മന്ത്രി നസ്റുള്‍ ഹമീദിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ വരെയുള്ള ആറ് മാസത്തിനിടെ, ബംഗ്ലാദേശ് പെട്രോളിയം കോര്‍പ്പറേഷന് ഇന്ധന വില്‍പ്പനയില്‍ 8 ബില്യണ്‍ ടാക്കയിലധികം (85 മില്യണ്‍ ഡോളര്‍) നഷ്ടം വന്നു. ആഗോള വില കുറയുന്നതിനനുസരിച്ച് രാജ്യത്തെ ഇന്ധന വിലയില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രെയ്നെതിരായ റഷ്യന്‍ അധിനിവേശത്തിനു പിന്നാലെ, ആഗോള എണ്ണവില കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ വീണ്ടും സാമ്പത്തിക മാന്ദ്യം സംഭവിച്ചേക്കുമോയെന്നുള്ള ഭീതി, സമീപവാരങ്ങളില്‍ ഇന്ധനവില ഇടിയാന്‍ കാരണമായിട്ടുണ്ട്. അതേസമയം, രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സബ്സിഡി ബാധ്യത കുറയ്ക്കാമെന്ന കണക്കുക്കൂട്ടലിലാണ് ഹസീന സര്‍ക്കാര്‍. പക്ഷേ, രാജ്യത്തെ പണപ്പെരുപ്പം ഇതിനോടകം ഏഴ് ശതമാനം കടന്നിട്ടുണ്ട്. ഇന്ധനവില ഉയരുന്നത് പണപ്പെരുപ്പം വര്‍ധിപ്പിക്കും. അത് സാധാരണക്കാരെ നേരിട്ട് ബാധിക്കുകയും ചെയ്യും.

രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സബ്സിഡി ബാധ്യത കുറയ്ക്കാമെന്ന കണക്കുക്കൂട്ടലിലാണ് ഹസീന സര്‍ക്കാര്‍.

ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് 416 ബില്ല്യണ്‍ ഡോളര്‍ വരുന്ന ബംഗ്ലാദേശ്. എന്നാല്‍ കുതിച്ചുയരുന്ന ഇന്ധനവിലയും ഭക്ഷ്യവിലയും രാജ്യത്തിന്‍റെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുകയും, അന്താരാഷ്ട്ര നാണയനിധി ഉള്‍പ്പെടെ രാജ്യാന്തര ഏജന്‍സികളില്‍ നിന്നും വായ്പ യെടുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരുമാക്കുകയുമാണ്. വിദേശ വായ്പകള്‍ എങ്ങനെയാണ് ഒരു രാജ്യത്തെ സാമ്പത്തികമായും രാഷ്‍ട്രീയമായും അസ്ഥിരമാക്കുന്നതെന്ന വലിയ ഉദാഹരണം ശ്രീലങ്ക പറഞ്ഞുവെക്കുമ്പോള്‍ തന്നെയാണ് ബംഗ്ലാദേശും സമാന പ്രതിസന്ധി അഭിമുഖീകരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ