ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ വിതരണം പുനഃരാരംഭിക്കാനൊരുങ്ങി ചൈന. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി, ഉപരിപഠനം മുടങ്ങിയ നിരവധി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് തീരുമാനം. വിദ്യാര്‍ഥികളുടെ വിസയ്ക്ക് പുറമേ ഇന്ത്യക്കാര്‍ക്ക് ബിസിനസ് വിസകളും മറ്റ് യാത്രാ പെര്‍മിറ്റുകളും നല്‍കുമെന്ന് തിങ്കളാഴ്ച ചൈന പ്രഖ്യാപിച്ചു.
ചൈനയിലേക്ക് വിദ്യാര്‍ഥികള്‍ക്കും ബിസിനസുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിസകള്‍ വിതരണം ചെയ്യുമെന്ന് ഡല്‍ഹിയിലെ ചൈനീസ് എംബസി അറിയിച്ചു
പ്രഖ്യാപനം അനുസരിച്ച്, ഉന്നത വിദ്യാഭ്യാസത്തിനായി പുതുതായി എന്റോള് ചെയ്ത വിദ്യാര്‍ഥികള്‍ക്കും, പഠനം പുനരാരംഭിക്കുന്നതിനായി ചൈനയിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും, ദീര്‍ഘകാല പഠനം തുടരാന്‍ ചൈനയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും X1 വിസ നല്‍കും.'ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഊഷ്മളമായ അഭിനന്ദനങ്ങള്‍! ചൈനയിലേക്ക് വീണ്ടും സ്വാഗതം!' എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍ കാര്യ വകുപ്പ് കൗണ്‍സിലര്‍ ജി റോങ് ട്വീറ്റ് ചെയ്തത്. ചൈനയിലേക്ക് വിദ്യാര്‍ഥികള്‍ക്കും ബിസിനസുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിസകള്‍ വിതരണം ചെയ്യുമെന്ന് ജി റോങിന്റെ ട്വീറ്റ് ഉദ്ധരിച്ച് ഡല്‍ഹിയിലെ ചൈനീസ് എംബസി വിശദമാക്കി.
ശ്രീലങ്ക, പാകിസ്ഥാന്‍, റഷ്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇതിനോടകം ചൈനയില്‍ എത്തിയിട്ടുണ്ട്
കോവിഡ് നിയന്ത്രണങ്ങള്‍ കാരണം 23,000-ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ചൈനയിലേക്ക് മടങ്ങാനായിരുന്നില്ല. അവരില്‍ ഭൂരിഭാഗവും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. പഠനം തുടരാന്‍ ഉടന്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ പേരുകള്‍ ചൈന തേടിയതിനു പിന്നാലെ വിദ്യാര്‍ഥികളുടെ പട്ടിക ഇന്ത്യ സമര്‍പ്പിച്ചിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 1,000-ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം തുടരാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.ചാര്‍ട്ടേഡ് വിമാനങ്ങളിലായി കഴിഞ്ഞ ആഴ്ചകളില്‍ ശ്രീലങ്ക, പാകിസ്ഥാന്‍, റഷ്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇതിനോടകം ചൈനയില്‍ എത്തിയിട്ടുണ്ട്.
കോവിഡ് വിസ നിരോധനം മൂലം ചൈനയിലേക്ക് പോകാന്‍ കഴിയാത്ത പുതുതായി എന്റോള് ചെയ്ത വിദ്യാര്‍ഥികള്‍ക്കും പഴയ വിദ്യാര്‍ഥികള്‍ക്കും സ്റ്റുഡന്റ് വിസ നല്‍കുമെന്ന് ഡല്‍ഹിയിലെ ചൈനീസ് എംബസി തിങ്കളാഴ്ച ഔദ്യോഗിക വെബ്സൈറ്റില്‍ കുറിച്ചു. പുതിയ വിദ്യാര്‍ഥികള്‍ ചൈനീസ് സര്‍വകലാശാല നല്‍കിയ അഡ്മിഷന്‍ രേഖകളും, പഴയ വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന 'ക്യാമ്പസ് റിട്ടേണ്‍ സര്‍ട്ടിഫിക്കറ്റും' സമര്‍പ്പിക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് നേരിട്ട് വിമാന സര്‍വീസുകളില്ലെന്നത് പ്രശ്‌നമായി നിലനില്‍ക്കുന്നു
വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പരിഗണിക്കുന്ന സര്‍വകലാശാലകള്‍ വിസയ്ക്ക് അപേക്ഷിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുമോ എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് നേരിട്ട് വിമാന സര്‍വീസുകളില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. ജൂലൈയില്‍ ചൈനയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളുടെ കുടുംബാംഗങ്ങള്‍ക്ക് ചൈന അനുമതി നല്‍കിയിരുന്നു. ഇവരില്‍ പലരും സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ പലമടങ്ങ് കൂടുതല്‍ നല്‍കി മറ്റ് റൂട്ടുകളിലൂടെയാണ് രാജ്യത്തേക്ക് എത്തിയത്
വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ഇന്ത്യ-ചൈന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്രൂ അംഗങ്ങള്‍ക്കുള്ള സി-വിസ ഉള്‍പ്പെടെ വിതരണം ചെയ്യുമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി തിങ്കളാഴ്ച അറിയിച്ചിരുന്നു. വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എം-വിസ, സന്ദര്‍ശനങ്ങള്‍, പഠന ടൂറുകള്‍ എന്നിവയ്ക്കായി ചൈനയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എഫ്-വിസ, ചൈനയില്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇസഡ് വിസ എന്നിവയും എംബസി പ്രഖ്യാപിച്ച മറ്റ് വിസ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു.