WORLD

ഗാസയിലേക്ക് ഈജിപ്ത് അതിർത്തി വഴിയുള്ള സഹായം വെള്ളിയാഴ്ച മുതൽ; വിതരണം യുഎന്നിന്റെ മേൽനോട്ടത്തിൽ

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തെ തുടർന്ന് ഗാസയിലേക്കുള്ള വെള്ളം- ഭക്ഷണം- വൈദ്യുതി -ഇന്ധനം എന്നിവയുടെ വിതരണം ഇസ്രയേൽ തടഞ്ഞിരുന്നു

വെബ് ഡെസ്ക്

ഈജിപ്തിൽനിന്ന് ഗാസയിലെ ജനങ്ങൾക്കുള്ള മാനുഷിക സഹായം വെള്ളിയാഴ്ചയോടെ എത്തിക്കാൻ ആകുമെന്ന് വൈറ്റ് ഹൗസ്. ഈജിപ്ത്- ഗാസ അതിർത്തി തുറക്കാനും ആദ്യഘട്ടത്തിൽ 20 ട്രക്കുകളിൽ സഹായമെത്തിക്കാനും ഈജിപ്തുമായി ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. എന്നാൽ ഹമാസ് ഇവ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ സഹായങ്ങളുടെ ഒഴുക്ക് പൂർണമായി അവസാനിപ്പിക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച്ച രാത്രി ഗാസയിലെ അൽ അഹ്ലി ആശുപത്രിക്ക് നേരെ നടന്ന മിസൈൽ ആക്രമണം ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെ ടെൽ അവീവിലെത്തിയ ബൈഡൻ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സഹായമെത്തിക്കുന്നതിൽ ധാരണയായത്.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് പിന്നാലെ ഗാസയിലേക്കുള്ള വെള്ളം- ഭക്ഷണം- വൈദ്യുതി -ഇന്ധനം എന്നിവയുടെ വിതരണം ഇസ്രയേൽ തടഞ്ഞിരുന്നു. ഇതോടെ ദുരിതത്തിലായ 23 ലക്ഷം മനുഷ്യർക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. സഹായമെത്തിക്കാൻ ഈജിപ്ത് തയാറായിരുന്നെങ്കിലും ഇസ്രയേൽ അതിർത്തി മേഖലയിൽ ആക്രമണം നടത്തുന്നതിനാലാണ് കഴിയാതിരുന്നതെന്ന് കുറ്റപ്പെടുത്തലുകൾ ഉയർന്നിരുന്നു. അതേസമയം, ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന അതിർത്തിക്ക് കുറുകെയുള്ള റോഡുകൾ നന്നാക്കേണ്ടതുണ്ട്. ഇരുന്നൂറിലധികം ട്രക്കുകളും ഏകദേശം 3,000 ടണ്ണിന്റെ സഹായങ്ങളും റഫാ ക്രോസിങ്ങിന് സമീപം സജ്ജീകരിച്ചിട്ടുണ്ടെന്ന് നോർത്ത് സിനായ് റെഡ് ക്രസന്റ് മേധാവി ഖാലിദ് സായിദ് പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലായിരിക്കും സഹായവിതരണം എത്തിക്കുക. ബൈഡന്റെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം അംഗീകരിച്ചതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്ത് നിന്നുള്ള സഹായം സാധാരണക്കാർക്ക് വേണ്ടി മാത്രമാണെന്നും ഹമാസിന് ലഭിക്കാത്തിടത്തോളം അവയുടെ വിതരണത്തിൽ തടസം നേരിടില്ലെന്നും ഇസ്രയേൽ പറഞ്ഞു. എന്നാൽ ഹോസ്പിറ്റലുകളുടെ പ്രവർത്തനത്തിന് അത്യവശ്യമായ ഇന്ധനത്തിന്റെ വിതരണത്തെ പറ്റി ഇപ്പോഴും പരാമർശമുണ്ടായിട്ടില്ല.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാസയിലേക്കും വെസ്റ്റ് ബാങ്കിലേക്കും 100 മില്യൺ ഡോളറിന്റെ അധിക സഹായം അമേരിക്ക എത്തിക്കുമെന്നും ബൈഡൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒക്‌ടോബർ 7 മുതൽ ഇസ്രയേൽ ആക്രമണം നടത്തുന്ന ഗാസയിൽ 3,478 പേർ കൊല്ലപ്പെടുകയും 12,065 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ