ആഗോള തലത്തില്‍ പ്രതിദിനം അന്തരീക്ഷ മലിനീകരണം മൂലം അഞ്ച് വയസില്‍ താഴെയുള്ള രണ്ടായിരത്തോളം കുട്ടികള്‍ മരിക്കുന്നതായി പഠനം. കുട്ടികളും മുതിർന്നവരും ഉള്‍പ്പെടെ 80 ലക്ഷത്തോളം മരണമാണ് 2021ല്‍ അന്തരീക്ഷമലിനീകരണം മൂലം സംഭവിച്ചിട്ടുള്ളത്. അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെല്‍ത്ത് എഫക്‌ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (എച്ച്ഇഐ) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
മലിനമായ വായു അഗോളതലത്തില്‍ മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ വലിയ ഘടകമായി മാറിയതായും പഠനത്തില്‍ പറയുന്നു. പുകയില ഉപയോഗത്തെ മറികടന്നാണ് പട്ടികയില്‍ മലിനമായ വായു രണ്ടാമത് എത്തിയത്. അമിത രക്ത സമ്മർദമാണ് ഒന്നാമത്.
ദരിദ്ര രാജ്യങ്ങളിലാണ് മലിനവായു മൂലമുള്ള കുട്ടികളുടെ മരണം വർധിക്കുന്നത്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇത്തരം രാജ്യങ്ങളില്‍ മരണനിരക്ക് നൂറുമടങ്ങാണ്. പിഎം 2.5 എന്നറിയപ്പെടുന്ന ചെറിയ കണങ്ങളാണ് വായുമലിനീകരണം മൂലമുള്ള 90 ശതമാനം മരണത്തിനും കാരണമാകുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ കണങ്ങള്‍ക്ക് രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കാനും അവയവങ്ങളെ ബാധിക്കാനുമുള്ള ശേഷിയുണ്ട്. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് മാത്രമല്ല, ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, മറവി തുടങ്ങിയവയുമായും ബന്ധപ്പെട്ടിരിക്കുന്നു.
നമ്മുടെ നിഷ്ക്രിയത്വം വരും തലമുറയെ സാരമായി ബാധിക്കുമെന്നും ആജീവനാന്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും യുണിസെഫിന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ കിറ്റി വാർ ഡെർ ഹെയ്‌ഡൻ പറഞ്ഞു. ആഗോള അടിയന്തരാവസ്ഥ അനിവാര്യമാണ്. സർക്കാരുകളും വ്യവസായ സ്ഥാപനങ്ങളും ഈ വിവരങ്ങളേയും പ്രാദേശിക കണക്കുകളേയും അടിസ്ഥാനമാക്കി വായുമലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കിറ്റി ആവശ്യപ്പെട്ടു.
കാലാവസ്ഥ പ്രതിസന്ധികളില്‍ വായുനിലവാരം കൂടുതല്‍ മോശമാക്കുന്നതായും പഠനത്തില്‍ പറയുന്നു. കാട്ടുതീ പടരുന്നതും മണല്‍ക്കാറ്റും വായുവില്‍ കണങ്ങള്‍ ദീർഘകാലം നിലനില്‍ക്കുന്നതിന് കാരണമാകുന്നു.
വായുമലിനീകരണം തടയുന്നത് കാലാവസ്ഥയില്‍ ഗുണകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. 2021ല്‍ അഞ്ച് ലക്ഷത്തോളം കുട്ടികളുടെ മരണത്തിന് കാരണമായത് വീടിനുള്ളിലെ മോശം വായുവാണ്. ബയോമാസ്, കരി, കല്‍ക്കരി തുടങ്ങിയവ ഉപയോഗിച്ച് പാചകം ചെയ്യുന്നതാണ് വീടിനുള്ളില്‍ മോശം വായുവിന് കാരണമാകുന്നത്.
ആഗോളതലത്തില്‍ 2.3 ബില്യണ്‍ ആളുകള്‍ക്ക് ശുദ്ധമായ പാചക ഇന്ധനങ്ങള്‍ ലഭ്യമല്ല. ഇത് 2030ലെങ്കിലും പരിഹരിക്കുന്നതിനായി പ്രതിവർഷം നാല് ബില്യണ്‍ അമേരിക്കൻ ഡോളറെങ്കിലും ആവശ്യമാണെന്നാണ് ഇന്റർനാഷണല്‍ എനർജി ഏജൻസി പറയുന്നത്. സബ് സഹാറൻ ആഫ്രിക്കയില്‍ മാത്രമാണിത്. ഭൂഖണ്ഡത്തിലുടനീളമുള്ളവരെ വൃത്തിയുള്ള അന്തരീക്ഷത്തിലേക്ക് മാറ്റുന്നതിന് സഹായിക്കുന്ന വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞ മാസം നടത്തിയ ഉച്ചകോടിയിലൂടെ 2.2 ബില്യണ്‍ അമേരിക്കൻ ഡോളർ ഏജൻസി സമാഹരിച്ചിരുന്നു.