WORLD

മലാവി ഉപരാഷ്ട്രപതിയും സംഘവും എവിടെ? തിരച്ചിൽ മണിക്കൂറുകൾ പിന്നിട്ടിട്ടും വിമാനം കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

വെബ് ഡെസ്ക്

ദക്ഷിണാഫ്രിക്കൻ രാജ്യമായ മലാവിയുടെ ഉപരാഷ്ട്രപതി സലോസ് ചിലിമയും മറ്റ് ഒൻപത് പേരും സഞ്ചരിച്ചിരുന്ന സൈനിക വിമാനത്തിനായുള്ള തിരച്ചിൽ തുടരുന്നു. മലാവിയുടെ തലസ്ഥാനമായ ലൈലോങ്‌വോയിൽനിന്ന് സുസുവിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം കാണാതായത്. മോശം കാലാവസ്ഥയെ തുടർന്ന് ലാൻഡ് ചെയ്യാൻ കഴിയാതെ വന്ന വിമാനം, തിരികെ പറക്കുന്നതിനിടെയാണ് കാണാതായത്.

കഴിഞ്ഞ ദിവസം രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. സലോസ് ക്ലോസ് ചിലിമ, മുൻ പ്രഥമ വനിത ഷാനിൽ ഡിസിംബിരി ഉൾപ്പെടെയുള്ളവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വടക്കൻ മലാവിയിലെ പർവത വനങ്ങളിൽ സൈനികർ തിരച്ചിൽ നടത്തിവരികയാണ്. രക്ഷാദൗത്യത്തിന് വേണ്ടി അമേരിക്ക, യു കെ, നോർവെ, ഇസ്രയേൽ സർക്കാരുകളോട് മലാവി സഹായം അഭ്യർഥിച്ചിട്ടുണ്ട്.

മലാവിയിലെ മൂന്നാമത്തെ വലിയ നഗരവും വടക്കൻ മേഖലയുടെ തലസ്ഥാനവുമാണ് സുസു

വിമാനം പുറപ്പെട്ട് 45 മിനിട്ടുകൾക്ക് ശേഷം സുസുവിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയും കാഴ്ച പരിമിതിയും കാരണം ലാൻഡിങ് നടത്താൻ എയർ ട്രാഫിക് കണ്ട്രോൾ അനുമതി കൊടുത്തിരുന്നില്ല. ഇതേത്തുടർന്നാണ് സൈനിക വിമാനം ലാൻഡ് ചെയ്യാതെ മടങ്ങിയത്. പിന്നീട് വിമാനവുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെടുകയായിരുന്നു. വിമാനം അപ്രത്യക്ഷമാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സലോസ് ക്ലോസ് ചിലിമ

മലാവിയിലെ മൂന്നാമത്തെ വലിയ നഗരവും വടക്കൻ മേഖലയുടെ തലസ്ഥാനവുമാണ് സുസു. പൈൻ മരങ്ങൾ തങ്ങിനിൽക്കുന്ന വിഫിയ പർവതനിരകളാൽ ചുറ്റപ്പെട്ട ഒരു കുന്നിൻ പ്രദേശത്താണ് നഗരം സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ തിരച്ചിൽ പ്രവർത്തനങ്ങൾ പുരോഗമിച്ചെങ്കിലും ഇതുവരെ വിമാനത്തിന്റെ വിവരങ്ങൾ ഒന്നും ലഭ്യമല്ല.വിമാനത്തിൽനിന്ന് അവസാനമായി പുറത്തുവന്ന സന്ദേശം അടിസ്ഥാനമാക്കി ടെലികമ്മ്യൂണിക്കേഷൻ ടവറുകളുടെ സഹായത്തോടെ 10 കിലോമീറ്റൽ ചുറ്റളവിൽ തിരച്ചിൽ നടക്കുകയാണ്. മലാവി പ്രതിരോധ സേനയുടെ തിരച്ചിൽ ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ഇപ്പോൾ നടക്കുന്നത്.

മുൻ പ്രസിഡൻ്റ് ബാക്കിലി മുലുസിയുടെ മുൻ ഭാര്യയാണ് യാത്രക്കാരിൽ ഒരാളായ ഷാനിൽ ഡിസിംബിരി. മുൻ മന്ത്രിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സംഘം. മറ്റുള്ളവരിൽ മൂന്നുപേർ സൈനികരാണ്. 2020 മുതൽ മലാവിയുടെ ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് സലോസ് ചിലിമ. 2019ലെ മലാവിയൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന അദ്ദേഹം മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും