WORLD

വടക്കൻ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; രണ്ട് അൽജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഇസ്മായിൽ ഹനിയയുടെ ജന്മ നഗരത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് അൽജസീറയുടെ പലസ്തീൻ റിപ്പോർട്ടരായ രണ്ടുപേരും കൊല്ലപ്പെട്ടത്

വെബ് ഡെസ്ക്

ഗാസയിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ രണ്ട് അൽജസീറ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആണ് രണ്ടു പേരും കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹമാസിന്റെ രാഷ്ട്രീയ വിഭാഗം തലവൻ ഇസ്മായിൽ ഹനിയയുടെ ജന്മ നഗരത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് അൽജസീറയുടെ പലസ്തീൻ റിപ്പോർട്ടരായ രണ്ടുപേരും കൊല്ലപ്പെട്ടത്.

മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. അൽജസീറ ലേഖകനായ ഇസ്മായിൽ അൽ-ഗൗൾ, ക്യാമറാമാൻ റാമി അൽ-റിഫി എന്നിവർക്കൊപ്പം ഒരു കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്. അപകടത്തിപ്പെട്ടവരെ കണ്ടെത്തി ഗാസയിലുടനീളമുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസ് സേവനവുമായി ബന്ധപ്പെട്ടവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പലസ്തീൻ അധികൃതർ അറിയിച്ചു.

ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ പുലർച്ചെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ ജന്മസ്ഥലമായ അൽ-ഷാതി അഭയാർഥി ക്യാംപിൽ റിപ്പോർട്ട് ചെയ്യാനാണ് ഇരുവരും വടക്കൻ ഗാസയിൽ എത്തിയത്. ഇരുവരുടെയും മൃതദേഹം എത്തിക്കുമ്പോൾ അൽ ജസീറയുടെ ഗാസ റിപ്പോർട്ടർ അനസ് അൽ ഷെരീഫ് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

“ഗാസയിലെ നിരപരാധികളായ ജനങ്ങൾക്കെതിരെയുള്ള ഇസ്രായേൽ അധിനിവേശത്തിൽ കുടിയിറക്കപ്പെട്ട പലസ്തീനികളുടെ കഷ്ടപ്പാടുകളും മുറിവേറ്റവരുടെ വേദനകളും കൂട്ടക്കൊലകളും ഇസ്മായിൽ ലോകത്തെ അറിയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വാക്കുകൾ കൊണ്ട് വിവരിക്കാനാവുന്നില്ല," അനസ് അൽ ഷെരീഫ് പറഞ്ഞു. ഇസ്മയിലിന്റെ ഭാര്യ സെൻട്രൽ ഗാസയിലെ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ക്യാമ്പിൽ താമസിക്കുകയാണ്. ഇവർക്ക് ഒരു ചെറിയ മകളുമുണ്ട്.

ഇസ്മായിലും റാമിയും പ്രസ് എന്ന് രേഖപ്പെടുത്തിയ വസ്ത്രങ്ങൾ ധരിച്ചിരുന്നു. ആക്രമിക്കപ്പെടുമ്പോൾ അവരുടെ കാറിൽ തിരിച്ചറിയൽ അടയാളങ്ങളുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് 15 മിനിറ്റ് മുൻപാണ് അവസാനമായി അവർ ന്യൂസ് ഡെസ്‌കുമായി ബന്ധപ്പെട്ടത്. പ്രദേശത്ത് നടന്ന ഒരു സമരമാണ് ഇരുവരും അപ്പോൾ റിപ്പോർട്ട് ചെയ്തിരുന്നത്. അവിടെ നിന്ന് ഉടൻ മാറണമെന്ന നിർദേശം ലഭിച്ചിരുന്നതിനാൽ അൽ-അഹ്‌ലി അറബ് ആശുപത്രിയിലേക്ക് പോകവെയാണ് ആക്രമണം ഉണ്ടായത്. വിഷയത്തിൽ ഇതുവരെ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.

വടക്കൻ ഗാസയിലെ സംഭവങ്ങൾ ധീരതയോടെ റിപ്പോർട്ട് ചെയ്യുകയായിരുന്ന ഖത്തർ ആസ്ഥാനമായുള്ള നെറ്റ്‌വർക്കിൻ്റെ മാധ്യമപ്രവർത്തകർ ബുധനാഴ്ച കൊല്ലപ്പെട്ടുവെന്ന് അൽ ജസീറ അറബിക് മാനേജിംഗ് എഡിറ്റർ മുഹമ്മദ് മൊവാദ് പറഞ്ഞു. അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമങ്ങൾ ഇസ്രായേൽ സേന ലക്ഷ്യം വെച്ച് നടത്തിയതാണെന്ന് ആരോപിച്ചു. ഈ കുറ്റകൃത്യങ്ങൾ നടത്തിയ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും മീഡിയ നെറ്റ്‌വർക്ക് അറിയിച്ചു. "2023 ഒക്‌ടോബർ മുതൽ നെറ്റ്‌വർക്കിൻ്റെ മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും നേരെയുള്ള ആസൂത്രിത ടാർഗെറ്റിംഗ് കാമ്പെയ്‌നിൻ്റെ ഭാഗമാണ് അൽ ജസീറ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഈ ഏറ്റവും പുതിയ ആക്രമണം,” -നെറ്റ്‌വർക്ക് പറഞ്ഞു.

കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (CPJ) യുടെ പ്രാഥമിക കണക്കുകൾ പ്രകാരം ഒക്ടോബർ 7 ന് ആക്രമണം ആരംഭിച്ചത് മുതൽ മാധ്യമരംഗത്ത് ജോലി ചെയ്യുന്ന 111 ആളുകൾ പ്രദേശത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ നാല്‌ മാധ്യമപ്രവർത്തകർ അൽജസീറയിൽ നിന്നുള്ളവരാണ്. ഗാസ ഗവൺമെൻ്റ് മീഡിയ ഓഫീസ് കണക്ക് പ്രകാരം 165 പലസ്തീൻ പത്രപ്രവർത്തകർ ഇക്കാലയളവിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ ഗാസയിൽ നടക്കുന്ന ഇസ്രയേൽ അതിക്രമങ്ങളിൽ 39,445 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ ബഹുഭൂരിപക്ഷവും കുട്ടികളും സ്ത്രീകളുമാണ്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍