അൽ ഖായിദ നേതാവ് അയ്മാൻ അൽ സവാഹിരിയെ അമേരിക്ക വധിച്ചു. സവാഹിരിയെ കാബൂളിൽ നടന്ന വ്യോമാക്രമണത്തിൽ വധിച്ചതായി പ്രസിഡന്റ് ജോ ബൈഡനാണ് വെളിപ്പെടുത്തിയത്. ടെലിവിഷനിലൂടെയാണ് ബൈഡൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണം നടന്ന കാര്യം താലിബാൻ സ്ഥിരീകരിച്ചിട്ടുണ്ട്.
'നീതി നടപ്പിലായി. ആ ഭീകരവാദി ഇനി ഇല്ല' രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡൻ പറഞ്ഞു.
കാബൂളില്‍ സവാഹിരിയും കുടുംബവും കഴിയുന്ന കാര്യം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയത് ഈ വര്‍ഷം ആരംഭത്തിലാണെന്ന് ജോ ബൈഡന്‍ പറഞ്ഞു. സൈനിക ഓപ്പറേഷനില്‍ നാട്ടുകാരോ സവാഹിരിയുടെ ബന്ധുക്കളോ കൊല്ലപ്പെട്ടിട്ടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു.
സംഭവം താലിബാൻ സ്ഥിരീകരിച്ചിട്ടുണ്ട്. അന്തരാഷ്ട്ര തത്വങ്ങളുടെ ലംഘനമാണ് ആക്രമണമെന്നാണ് താലിബാൻ്റെ ആദ്യ പ്രതികരണമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
2001 സെപ്റ്റംബര്‍ 11 ന്റെ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരകരില്‍ ഒരാള്‍ ആയിരുന്നു സവാഹിരി. ഈജിപ്ത് സ്വദേശിയായ ഇദ്ദേഹം ഒരു ഡോക്ടറായിരുന്നു. ഇദ്ദേഹത്തിന്റെ തലയ്ക്ക് 25 ദശലക്ഷം ഡോളറാണ് അമേരിക്ക പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്.
അഫ്ഗാനിസ്ഥാനിലെ രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന സവാഹിരിയ്ക്ക് മേൽ രണ്ട് ഹെൽഫയർ മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. 2001 സെപ്റ്റംബറിൽ നടന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു സവാഹിരി.