WORLD

പറന്നുയര്‍ന്ന വിമാനത്തിന്റെ ജനലടക്കം അടർന്നുവീണു; ഒഴിവായത് വന്‍ദുരന്തം

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് 737 മാക്‌സ് 9 വിമാനങ്ങളിൽ 65 എണ്ണങ്ങളിലും പരിശോധന നടത്താനും താത്കാലികമായി സർവീസ് നിർത്തിവെക്കുമെന്ന് അലാസ്‌ക എയർലൈൻസ് സിഇഒ ബെൻ മിനിക്കൂച്ചി അറിയിച്ചിട്ടുണ്ട്

വെബ് ഡെസ്ക്

പോർട്ലാൻഡിൽ നിന്ന് കാലിഫോർണിയയിലേയ്ക്ക് പുറപ്പെട്ട വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ അടര്‍ന്നുവീണു. വിമാനം അടിയന്തരമായി നിലത്തിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം. ടേക്ക് ഓഫ് ചെയ്ത നിമിഷങ്ങൾക്ക് ശേഷം വിമാനത്തിന്റെ ഒരു ജനൽ ഉൾപ്പടെയുള്ള ഫ്യൂസ്‌ലേജിന്റെ ഒരു ഭാഗം അടർന്നു പോവുകയായിരുന്നു.

അലാസ്ക എയർലൈൻസിന്റെ ബോയിംഗ് 737-9 മാക്‌സ് വിമാനത്തിന്റെ വാതിലാണ് വായുവിൽ തുറന്ന് വന്നത്. വിമാനത്തിന്റെ മിഡ് ക്യാബിൻ എക്സിറ്റ് ഡോർ വിമാനത്തിൽ നിന്ന് പൂർണ്ണമായും വേർപെട്ടു. ഒരു ഭാഗം അടർന്ന് പോയതിന് പിന്നാലെ യുഎസ് സംസ്ഥാനമായ ഒറിഗോണിലാണ് ലാൻഡിംഗ് നടത്തിയത്. 177 യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നുവെന്നും ലാൻഡിംഗ് സുരക്ഷിതമായി നടത്തിയെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർ ചിത്രീകരിച്ച വിഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഫ്ലൈറ്റ്അവെയർ വെബ്‌സൈറ്റിൽ നിന്നുള്ള ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം 5.07 നാണ് വിമാനം പറന്നുയർന്നത്. ഏകദേശം 5.26 ആയപ്പോഴേക്കും വിമാനം അടിയന്തരമായി നിലത്തിറക്കിയിട്ടുണ്ട്. അടിയന്തരമായി നിലത്തിറക്കാൻ ആരംഭിച്ചപ്പോൾ വിമാനം 16,000 അടി (4,876 മീറ്റർ) ഉയരത്തിലായിരുന്നു.

അപകടത്തിന്റെ ഭാഗമായി 737 മാക്‌സ് 9 വിമാനങ്ങളിൽ 65 എണ്ണവും പരിശോധന നടത്താൻ താത്കാലികമായി സർവീസ് നിർത്തിവെക്കുമെന്ന് അലാസ്‌ക എയർലൈൻസ് സിഇഒ ബെൻ മിനിക്കൂച്ചി അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്നും ബോയിങ് വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി ബിബിസിയോട് പറഞ്ഞു.

“എല്ലാ വിമാനങ്ങളും പൂർണമായ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയതിന് ശേഷം മാത്രമേ തിരികെ സർവീസിൽ എത്തിക്കുകയുള്ളു," ബെൻ മിനിക്കൂച്ചി വ്യക്തമാക്കി. വിമാനത്തിലെ ആറ് ക്രൂ അംഗങ്ങളുടെ പ്രവർത്തനങ്ങളെ എയർലൈൻസ് സിഇഒ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

അടർന്ന് പോയ ഫ്യൂസ്‌ലേജിലെ വിടവിലൂടെ രാത്രി ആകാശം കാണുന്നത് വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ഇൻസുലേഷൻ മെറ്റീരിയലും മറ്റ് അവശിഷ്ടങ്ങളും ഇതിനിടയിൽ കാണാം. വിമാനത്തിന്റെ ചിറകുകളുടെയും എൻജിന്റെയും ഇടയിലുള്ള ഭാഗമാണ് അടർന്ന് പോന്നിട്ടുള്ളതെന്നാണ് മനസിലാകുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) സ്ഥിരീകരിച്ചു. ബോയിങ്ങിന്റെ മികച്ച 737-ന്റെ ഏറ്റവും പുതിയ പതിപ്പാണ് മാക്‌സ്. 2017 മേയിലാണ് വിമാനം സർവീസ് ആരംഭിച്ചത്.

2018-ലും 2019-ലും രണ്ട് മാക്‌സ് 8 വിമാനങ്ങൾ തകർന്ന് 346 പേർ മരിക്കുകയും മാക്‌സ് 8, മാക്‌സ് 9 വിമാനങ്ങൾ രണ്ട് വർഷത്തേക്ക് ലോകമെമ്പാടും സർവീസ് നിർത്തിവെക്കുകയും ചെയ്തിരുന്നു. അപകടങ്ങളിൽ ഉൾപ്പെട്ട ഒരു ഓട്ടോമേറ്റഡ് ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിൽ ബോയിംഗ് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് അവർ സർവീസിലേക്ക് മടങ്ങിയെത്തിയത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി