WORLD

ഒമ്പത് ദിവസങ്ങള്‍ക്കു ശേഷം പുടിന്‍ വഴങ്ങി; നവാല്‍നിയുടെ മൃതദേഹം മാതാവിന് വിട്ടുനല്‍കി

നവാല്‍നിയുടെ സംസ്‌കാരം രഹസ്യമായി നടത്തണമെന്ന് ആവശ്യപ്പെട്ട് റഷ്യന്‍ ഭരണകൂടം തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് മാതാവ് ല്യുഡ്മില നവാല്‍നയ നേരത്തെ വ്യക്തമാക്കിയിരുന്നു.

വെബ് ഡെസ്ക്

ഒടുവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും അനുയായികളും വഴങ്ങി, പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മൃതദേഹം മാതാവിന് വിട്ടുനല്‍കി റഷ്യന്‍ ഭരണകൂടം. ആര്‍ക്ടിക് ജയിലില്‍ മരിച്ച് ഒമ്പത് ദിവസങ്ങള്‍ക്കും നിരവധി വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് മൃതദേഹം വിട്ടുനല്‍കിയത്. നവാല്‍നിയുടെ വക്താവായ കിറ യാര്‍മിഷാണ് കഴിഞ്ഞ ദിവസം മൃതദേഹം വിട്ടുനല്‍കിയ വിവരം പുറത്തറിയിച്ചത്.

നവാല്‍നിയുടെ മൃതദേഹം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട മുഴുവന്‍ ആളുകളോടും നന്ദി പറയുന്നുവെന്ന് കിറ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. എന്നാല്‍ സാധാരണ രീതിയിലുള്ള സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ അധികാരികള്‍ അനുവദിക്കുമോയെന്ന് അറിയില്ലെന്ന ആശങ്കയും കിറ വ്യക്തമാക്കുന്നുണ്ട്.

''സംസ്‌കാരം ഇപ്പോഴും നടത്തിയിട്ടില്ല, അലക്‌സി അര്‍ഹിക്കുന്നത് പോലെയോ കുടുംബം ആഗ്രഹിക്കുന്നത് പോലെയോയുള്ള യാത്രയയപ്പ് നല്‍കാന്‍ അധികാരികള്‍ അനുവദിക്കുമോയെന്ന് അറിയില്ല'', അവര്‍ പറയുന്നു. നവാല്‍നിയുടെ സംസ്‌കാരം രഹസ്യമായി നടത്തണമെന്ന് ആവശ്യപ്പെട്ട് റഷ്യന്‍ ഭരണകൂടം തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് മാതാവ് ല്യുഡ്മില നവാല്‍നയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് സമ്മതിച്ചില്ലെങ്കില്‍ മൃതദേഹം വിട്ടുനല്‍കില്ലെന്നായിരുന്നു ഭീഷണി. മൃതശരീരത്തെ പോലും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പരിഹസിക്കുകയാണെന്ന് നവാല്‍നിയുടെ പങ്കാളി യൂലിയ നവാല്‍നയയും പ്രതികരിച്ചിരുന്നു.

''ജീവിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ അവനെ വേട്ടായാടി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മൃതശരീരത്തെയും വേട്ടയാടുന്നു. അലക്‌സിയുടെ മൃതശീരത്തോട് പുടിന്‍ ചെയ്യുന്നത് പോലെ മറ്റൊരു സത്യക്രിസ്ത്യാനിക്കും ചെയ്യാന്‍ സാധിക്കില്ല. ഈ മൃതശരീരം ഉപയോഗിച്ച് നിങ്ങള്‍ എന്ത് ചെയ്യും? നിങ്ങള്‍ കൊലപ്പെടുത്തിയ മനുഷ്യനെ പരിഹസിക്കാന്‍ നിങ്ങള്‍ എത്രത്തോളം അധപതിക്കും'', നവാല്‍നയ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

യൂലിയയും നവാല്‍നിയുടെ അനുയായികളും കൊലപാതകത്തിന്റെ ഉത്തരവാദിത്തം റഷ്യന്‍ ഭരണാധികാരികള്‍ക്കാണെന്ന് ആവര്‍ത്തിക്കുമ്പോഴും അധികാരികള്‍ അത് തള്ളിക്കളയുകയാണ്. അതേസമയം നവാല്‍നിയുടെ ശരീരം കുടുംബത്തിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് 82000 പേര്‍ ഒപ്പിട്ട നിവേദനമാണ് റഷ്യയുടെ അന്വേഷണ കമ്മിറ്റിക്ക് നല്‍കിയത്. നവാല്‍നിക്ക് ക്രിസ്ത്യന്‍ ആചാരപ്രകാരം യാത്രയയപ്പ് നല്‍കാന്‍ കുടുംബത്തിന് അവകാശമുണ്ടെന്ന് പറഞ്ഞുകൊണ്ട് റഷ്യന്‍ ഓര്‍ത്തഡോക്‌സ് പുരോഹിതന്‍മാര്‍ നല്‍കിയ നിവേദനത്തില്‍ 800 ഓളം പേരും ഒപ്പുവെച്ചിരുന്നു.

പുടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷനേതാവുമായ അലക്‌സി നവാല്‍നി ഫെബ്രുവരി 16നാണ് ജയിലില്‍ മരിച്ചത്. മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്‌ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നി നടന്നുകഴിഞ്ഞ് എത്തിയപ്പോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധം മറയുകയുമായിരുന്നെന്നാണ് മരണത്തിനു കാരണമായി ജയിലധികൃതര്‍ നല്‍കിയ വിശദീകരണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ