ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍പോയ ടൈറ്റന്‍ സമുദ്രപേടകത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി സ്ഥിരീകരിച്ച് യുഎസ് കോസ്റ്റ് ഗാർഡ്. ഉയർന്ന മർദത്തില്‍ പേടകം പൊട്ടിത്തെറിച്ചെന്നാണ് നിഗമനം. ടൈറ്റനിലുണ്ടായിരുന്നവരുടെ മൃതദേഹം കണ്ടെത്തുക ദുഷ്കരമാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. ടൈറ്റാനിക്കിന്റെ അവശിഷ്ടത്തില്‍ നിന്ന് 1,600 അടി ഉയരത്തില്‍ സമുദ്രപേടകത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതായി ഓഷ്യൻ ഗേറ്റ് കമ്പനി വ്യക്തമാക്കി.
ടൈറ്റന്റെ പിന്നിലെ കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെടുത്തത്. കൂടുതൽ ഭാഗങ്ങൾ കണ്ടെത്തുന്നതിനായി കടലിന്റെ അടിത്തട്ടില്‍ തിരച്ചില്‍ തുടരുകയാണ്.
ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍, ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരായിരുന്നു ടൈറ്റന്‍ പേടകത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റന്‍ പേടകം അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് 1.45 മണിക്കൂറിനുശേഷം മദർഷിപ്പ് പോളാർ പ്രിൻസ് പേടകവുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു.
എയര്‍ക്രാഫ്റ്റുകളും ആഴക്കടൽ പര്യവേഷണത്തിൽ വൈദഗ്ധ്യമുള്ള സമുദ്രപേടകങ്ങളും അന്തർവാഹിനികളും ഉപയോഗിച്ച് ഞായറാഴ്ച മുതൽ തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ബുധനാഴ്ച കനേഡിയൻ നിരീക്ഷണ വിമാനമായ പി-3 പിടിച്ചെടുത്ത മുഴക്കങ്ങള്‍ കാണാതായ അന്തര്‍ വാഹിനിയില്‍ നിന്നാണെന്ന പ്രതീക്ഷയുണ്ടായിരുന്നു. പിന്നീട് ഈ ഭാഗം കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ശബ്ദങ്ങളുടെ കൃത്യമായ സ്ഥാനവും ഉറവിടവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കടലിന്റെ അടിത്തട്ടിലെ കൂടിയ മര്‍ദവും തണുപ്പും കാലാവസ്ഥാ വ്യതിയാനവും വളരെ പെട്ടന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങു തടിയായിരുന്നു. വേണ്ടത്ര വെളിച്ചമില്ലാത്തത് രാത്രികാല തിരച്ചിലിനും തടസ്സമായി. സമുദ്രോപരിതലത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം സ്ഥിതി ചെയ്യുന്നത്. റിമോട്ടായി പ്രവര്‍ത്തിപ്പിക്കുന്ന റോബോട്ടുകളും അന്തര്‍വാഹിനിയെ കണ്ടെത്താനുള്ള തിരച്ചിലില്‍ പങ്കെടുത്തിരുന്നു. സമുദ്രവാഹിനിക്ക് എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് ബന്ധം നഷ്ടപ്പെട്ടതെന്നോ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
സ്വകാര്യ മറൈന്‍ കമ്പനിയായ ഓഷന്‍ഗേറ്റ് എക്‌സിപിഡിഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ടൈറ്റന്‍ സമുദ്രപേടകം. ഒരു സഞ്ചാരിക്ക് 25,000 ഡോളര്‍ (രണ്ടു കോടി രൂപ) എന്ന നിരക്കിലാണ് യാത്രക്കാരില്‍ നിന്നും തുക ഈടാക്കുന്നത്. ടൈറ്റാനിക് അവശിഷ്ടങ്ങള്‍ ഏറ്റവും അടുത്ത് നിന്ന് വളരെ നേരം കാണാം എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ അന്തര്‍വാഹിനിക്ക് മാസങ്ങളോളം കടലില്‍ കഴിയാന്‍ സാധിക്കുമ്പോള്‍ ടൈറ്റന് സാധാരണയായി 10 മുതല്‍ 11 മണിക്കൂര്‍ വരെയാണ് കടലില്‍ ചെലവഴിക്കാന്‍ സാധിക്കുക. 5 പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യം മാത്രമാണ് ടൈറ്റന്‍ അന്തര്‍വാഹിനിക്കുള്ളത്.