WORLD

യൂറോപ്പില്‍ 10 ലക്ഷം പേർ ഭവനരഹിതർ; വീടില്ലാത്തവർ അധികവും ജര്‍മനിയില്‍

പാര്‍പ്പിടം മൗലികാവകാശമാക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പരാജയം സൂചിപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടെന്നാണ് 'ഫെന്റ്സ' ചൂണ്ടിക്കാട്ടുന്നത്

വെബ് ഡെസ്ക്

യൂറോപ്പില്‍ പത്ത് ലക്ഷം പേർ ഭവനരഹിതരാണെന്ന് റിപ്പോര്‍ട്ട്. ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ 'ഫെന്റ്സ' പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കണക്ക് വ്യക്തമാക്കിയിരിക്കുന്നത്. പാര്‍പ്പിടം മൗലികാവകാശമാക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പരാജയം സൂചിപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടെന്നാണ് 'ഫെന്റ്സ' ചൂണ്ടിക്കാട്ടുന്നത്. ഓരോ രാത്രിയിലും ഏതാണ്ട് 8,95,000 ആളുകള്‍ ഭവനരഹിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും യുകെയില്‍ നിന്നടക്കം ശേഖരിച്ച ഡാറ്റാ സെന്‍സസ് രേഖകള്‍ മുതല്‍ പ്രാദേശികാധികാരികളുടെ രേഖകള്‍ വരെ അടിസ്ഥാനമാക്കിയതാണ് പഠന റിപ്പോര്‍ട്ട്. ദുസഹമായ സാഹചര്യങ്ങളില്‍ അന്തിയുറങ്ങുന്നവര്‍, അടിയന്തരമായി പാര്‍പ്പിടം ആവശ്യമുള്ളവര്‍, സ്വന്തമായി പാര്‍പ്പിടമില്ലാതെ ബന്ധുക്കളുടെയും മറ്റും വീടുകളില്‍ കഴിയുന്നവര്‍ എന്നിങ്ങനെ തിരച്ചാണ് പഠനം നടത്തിയിരിക്കുന്നത്.

കണക്ക് പരിശോധിക്കുമ്പോള്‍ പാര്‍പ്പിട പ്രതിസന്ധി രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലൻഡെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സ്വന്തമായി പാര്‍പ്പിടമില്ലാതെ ബന്ധുക്കളുടേയും മറ്റും വീടുകളില്‍ കഴിയുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

യൂറോപ്പിലെ മിക്ക സര്‍ക്കാരുകളും ഭവനരഹിതരായ ആളുകള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നാണ് പഠനറിപ്പോര്‍ട്ടിലുള്ളത്. പൊതുജനങ്ങളെ നിരാശരാക്കുന്നെന്നും പ്രശ്‌നം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരുകള്‍ പാരജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2030-ഓടെ ഭവനരഹിതര്‍ക്കായുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടാന്‍ പ്രവര്‍ത്തിക്കുമെന്ന് യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളും കഴിഞ്ഞ വര്‍ഷം പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ ഇതില്‍ ഫിന്‍ലന്‍ഡും ഡെന്‍മാര്‍ക്കും മാത്രമാണ് പ്രകടമായ പുരോഗതി കൈവരിച്ചതെന്നാണ് റിപ്പോര്‍ട്ട് പറയുന്നു.

ഡെന്മാര്‍ക്കില്‍ 2019നും 2022 നുമിടയില്‍ ഭവനരഹിതരുടെ എണ്ണം 10% കുറഞ്ഞു. വ്യക്തമായ പുരോഗതി കൈവരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഡെന്മാര്‍ക്ക്. താമസ കേന്ദ്രങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുകയും പ്രധാന നഗരങ്ങളില്‍ 24 വയസ്സിന് താഴെയുള്ളവരെ ലക്ഷ്യം വച്ചുള്ള പ്രതിരോധ നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന 'ഭവനം ആദ്യം' എന്ന ദേശീയ നയത്തിന്റെ ഭാഗമായാണ് ഡെന്മാര്‍ക്കിന് ഈ നേട്ടം കൈവരിക്കാനായതെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ജര്‍മ്മനിയില്‍, ഔദ്യോഗിക സെന്‍സസ് കണക്കുകള്‍ പ്രകാരം ഭവനരഹിതരുടെ എണ്ണം 2,62,645 ആണ്. ഇതേ വര്‍ഷം സ്പെയിനില്‍ 28,500-ല്‍ അധികം ആളുകള്‍ ഭവന രഹിതരാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം അയര്‍ലൻഡില്‍ സാമൂഹിക വിഭജനത്തിലധിഷ്ടിതമായി, ഭവന സൗകര്യം ഇല്ലാത്തത് ഉപ തിരഞ്ഞെടുപ്പിനുള്ള സാധ്യത കൂട്ടുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2022 അവസാനത്തോടെ അടിയന്തരമായി വീട് വേണ്ടവരുടെ എണ്ണം രാജ്യത്ത് 11,632 ആണ്. അയര്‍ലൻഡില്‍ താമസ സൗകര്യം ആവശ്യമുള്ളവരുടെ എണ്ണം നാല്‍പത് ശതമാനമായി കൂടിയിട്ടുമുണ്ട്.

ബ്രിട്ടൻ, ഫ്രാന്‍സ്, ബള്‍ഗേറിയ, ഹംഗറി എന്നിവിടങ്ങളില്‍ വലിയ എണ്ണം ആളുകള്‍ നിലവാരമില്ലാത്തതും ജീവിക്കാന്‍ യോഗ്യമല്ലാത്തതുമായ ഭവനങ്ങളില്‍ കഴിയുന്നുവെന്നാണ് ഫെന്റ്സ കണ്ടെത്തിയിരിക്കുന്നത്. ഹംഗറിയിലാണ് നിലവാരമില്ലാത്ത താമസ സൗകര്യങ്ങളുടെ നിരക്ക് അധികമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ജനസംഖ്യയുടെ പകുതിയോളം നിലവാരമില്ലാത്തതും ഇടുങ്ങിയതുമായ വീടുകളിലാണ് കഴിയുന്നത്. ബള്‍ഗേറിയയിലെ എട്ടില്‍ ഒന്ന് കുടുംബം ശുചിമുറി സൗകര്യം പോലും ഇല്ലാതെയാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഫ്രാന്‍സിലെ ജനസംഖ്യയുടെ അഞ്ചിലൊന്ന് പേരും താമസിക്കാന്‍ യോഗ്യമല്ലാത്ത വീടുകളിലാണ് കഴിയുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നവരില്‍ നാലിലൊന്നും ഇതേ അവസ്ഥയിലാണ് കഴിയുന്നതെന്നും പഠനം കണ്ടെത്തി.

യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗിക ഡാറ്റാ ഓഫീസായ യൂറോസ്റ്റാറ്റ് പറയുന്നതനുസരിച്ച്, 2020-ല്‍ യൂറോപ്യന്‍ യൂണിയനിലുടനീളം ഏകദേശം 20 ദശലക്ഷം ആളുകള്‍ ഭവനരഹിതരാണെന്നും വ്യക്തമാക്കുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍