ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണിലെ കൂടുതല്‍ ജീവനക്കാരെ 2023ല്‍ പിരിച്ചുവിടുമെന്ന് സിഇഒ ആൻഡി ജസി. ബുധനാഴ്ച വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ഏകദേശം 10,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ഏതാനും പാദങ്ങളായി കമ്പനി നഷ്ടത്തിലായതിനാലാണ് കൂട്ടപ്പിരിച്ചുവിടലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് വരും മാസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകൾ നടത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചത്. എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി ഇതുവരെ തീരുമാനിച്ചിട്ടില്ല, എന്നാൽ സ്റ്റോഴ്‌സ്, പിഎക്‌സ്‌ടി ഓർഗനൈസേഷനുകൾ എന്നിവയിൽ നിന്ന് കൂടുതൽ പേരെ പിരിച്ചുവിടും. സമ്പദ്‍വ്യവസ്ഥയിലെ തകർച്ചയും കഴിഞ്ഞ വർഷങ്ങളിലെ അധിക റിക്രൂട്ട്മെന്റുമാണ് കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിച്ചതെന്ന് ആന്‍ഡി ജസി വ്യക്തമാക്കി.
ആഗോളതലത്തില്‍ 1.6 ദശലക്ഷത്തിലധികം ജീവനക്കാരുള്ള ആമസോണിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചു വിടലായിരുന്നു കഴിഞ്ഞ ദിവസത്തേതെന്നാണ് കണക്കുകള്‍. സാമ്പത്തികമാന്ദ്യം ആഗോളതലത്തിൽ ടെക് ഭീമന്മാരെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. ട്വിറ്റർ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ മെറ്റയും ആയിരകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇലോണ്‍ മസ്‌ക്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ 50 ശതമാനത്തിലധികം വരുന്ന ജീവനക്കാരെയാണ് പിരിച്ചു വിട്ടത് . ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും 11,000 ജീവനക്കാരെ പിരിച്ചു വിട്ടു . ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ ഭീമനായ ആമസോണും കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത് .
സമ്പദ്‍വ്യവസ്ഥയിലെ തകർച്ചയും കഴിഞ്ഞ വർഷങ്ങളിലെ അധിക റിക്രൂട്ട്മെന്റുമാണ് കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിച്ചതെന്നാണ് വിശദീകരണം
ആമസോൺ ഡിവൈസസ് ആൻഡ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് ഡേവ് ലിംപും കമ്പനിയിൽ ജീവനക്കാരെ വെട്ടിക്കുറക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക കുറിപ്പ് പുറത്തിറക്കിയിരുന്നു. അടുത്തിടെ ചില ടീമുകളും പ്രോഗ്രാമുകളും ഏകീകരിക്കാൻ തീരുമാനിച്ചു. അതിന്റെ ഫലമായി ചില തസ്തികകൾ ആവശ്യമില്ലാതെ വരുമെന്നായിരുന്നു കുറിപ്പ്.
മാസങ്ങള്‍ നീണ്ട അവലോകനത്തിനും പഠനത്തിനും ശേഷം ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാരോട് മറ്റ് അവസരങ്ങള്‍ തേടാന്‍ നേരത്തെ ആമസോണ്‍ ആവശ്യപ്പെട്ടിരുന്നു . ഈ വര്‍ഷം ആമസോണിന്റെ ഓഹരിമൂല്യം 40 ശതമാനത്തോളം ഇടിഞ്ഞു. കമ്പനിയുടെ റോബർട്ട് ഹോം ഡെലിവറി സംരംഭമായ ആമസോൺ സ്കൗട്ടിലെ പരീക്ഷണം ആമസോൺ നിർത്തിവെച്ചിരുന്നു. ആമസോൺ കെയർ ടെലി-ഹെൽത്ത് ആൻഡ് നഴ്‌സിംഗ് സേവനവും ദീർഘകാല ഓൺലൈൻ ഫാബ്രിക് റീട്ടെയിലറായ Fabric.com ഉം ഇതോടൊപ്പം അടച്ചുപൂട്ടിയിരുന്നു.