WORLD

'പ്രതിരോധിക്കാൻ അവകാശമുണ്ട്'; ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ വീണ്ടും ആക്രമിച്ച് അമേരിക്ക

ആക്രമണം നടത്തിയ കാര്യ അമേരിക്കൻ സൈനിക കമാൻഡാണ് സമൂഹമാധ്യമമായ എക്‌സിലൂടെ വ്യാഴാഴ്ച പുലർച്ചെ അറിയിച്ചത്

വെബ് ഡെസ്ക്

ഹൂതികളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണവുമായി അമേരിക്ക. മിസൈലുകൾ തൊടുക്കാൻ സജ്ജമാക്കിയിരുന്ന യെമനിലെ 14 ഇടങ്ങൾക്ക് നേരെയാണ് സൈന്യം ആക്രമണം നടത്തിയത്. അമേരിക്കൻ സൈനിക കമാൻഡാണ് ഇക്കാര്യം സമൂഹമാധ്യമമായ എക്‌സിലൂടെ വ്യാഴാഴ്ച പുലർച്ചെ അറിയിച്ചത്.

ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്കും അമേരിക്കൻ നാവിക കപ്പലുകൾക്കും ഭീഷണി ഉയർത്തിയ മിസൈൽ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം 11.59 നായിരുന്നു ആക്രമണം.

അടുത്തിടെ ഏദൻ ഉൾക്കടലിൽ അമേരിക്കൻ ഉടമസ്ഥതയിലുള്ള മാർഷൽ ദ്വീപിന്റെ പതാകയേന്തിവന്ന ജിബ്രാൾട്ടർ ഈഗിൾ കണ്ടെയ്‌നർ കപ്പലിന് നേരെ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി.

"ലോഞ്ച് റെയിലുകളിൽ ഉണ്ടായിരുന്ന മിസൈലുകൾ ഈ മേഖലയിലെ വ്യാപാര കപ്പലുകൾക്കും യുഎസ് നാവികസേന കപ്പലുകൾക്കും ആസന്നമായ ഭീഷണി ഉയർത്തി. എപ്പോൾ വേണമെങ്കിലും ആക്രമണം നടക്കുമായിരുന്നു. ഇത് പ്രതിരോധിക്കാനുള്ള അവകാശവും ബാധ്യതയുമാണ് യു എസ് സേന വിനിയോഗിച്ചത്," സെൻട്രൽ കമാൻഡ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

ചെങ്കടൽ, ബാബ്-എൽ-മണ്ടേബ് കടലിടുക്ക്, ഏദൻ ഉൾക്കടൽ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്‌ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനുള്ള ഹൂതികളുടെ പ്രാപ്തി ഇത്തരം നടപടികളിലൂടെ നശിപ്പിക്കുമെന്നും പ്രസ്താവനയിൽ അമേരിക്ക അവകാശപ്പെട്ടു. 2022 നവംബർ മുതലാണ് ഹമാസിന് ഐക്യദാര്‍ഡ്യമറിയിച്ചുകൊണ്ട് ഹൂതികൾ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം ആരംഭിച്ചത്. ഇതോടെ പല പ്രമുഖ ചരക്ക് കപ്പൽ കമ്പനികളും ചെങ്കടൽ വഴിയുള്ള ഗതാഗതം താത്കാലികമായി അവസാനിപ്പിച്ചിരുന്നു. കയറ്റുമതി അവസാനിപ്പിക്കുന്നതായി ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഇന്ധന കയറ്റുമതിക്കാരിൽ ഒന്നായ ഖത്തർ എനർജിയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഗാസയിലെ ഇസ്രയേലിന്റെ ഏകപക്ഷീയമായ നടപടി അവസാനിപ്പിക്കുംവരെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുമെന്ന് യെമന്റെ ഭൂരിഭാഗ മേഖലകളും നിയന്ത്രിക്കുന്ന ഹൂതികൾ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഹൂതികളുടെ നിരവധി കേന്ദ്രങ്ങൾ അമേരിക്കയും യുകെയും നേതൃത്വം നൽകുന്ന സംഘം ആക്രമിച്ചിരുന്നെങ്കിലും അവർ തിരിച്ചടിച്ചിരുന്നു.

ചെങ്കടലിൽ നിരന്തര ആക്രമണം തുടരുന്ന ഹൂതികളെ ഭീകര സംഘടനയായി കഴിഞ്ഞ ദിവസം അമേരിക്ക മുദ്രകുത്തിയിരുന്നു. ഇറാന്റെ പിന്തുണയുള്ള വിമത സായുധ സംഘം ഹൂതികൾ ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്ക് മറുപടിയായിട്ടാണ് ഈ നീക്കമെന്ന് അമേരിക്ക ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ