ചെങ്കടലിൽ നിരന്തര ആക്രമണം തുടരുന്ന ഹൂതികളെ രണ്ട് വർഷത്തിനുശേഷം വീണ്ടും 'ഭീകര സംഘടന'യായി മുദ്രകുത്തി അമേരിക്ക. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്ക് മറുപടിയായിട്ടാണ് ഈ നീക്കമെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. 30 ദിവസത്തിനുള്ളിലായിരിക്കും ഈ തീരുമാനം പ്രാബല്യത്തിൽ വരുക.
ഈ തീരുമാനത്തോടെ ഹൂതികളുടെ ഫണ്ട് മരവിപ്പിക്കാൻ യുഎസ് ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും അതിലുള്ള അംഗങ്ങളെ യുഎസിൽനിന്ന് വിലക്കുകയും ചെയ്യും. അമേരിക്കയുടെ ആഗോള ഭീകരരുടെ പട്ടികയിൽ (എസ്ഡിജിടി) നിന്ന് 2021ൽ ഹൂതികളെ നീക്കം ചെയ്യാനുള്ള സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ തീരുമാനത്തെയാണ് മറികടന്നത്.
അടുത്തിടെ ചെങ്കടലിൽ ഹൂതികൾ നടത്തിയ ആക്രമണങ്ങൾ 'ഭീകരതയുടെ പാഠപുസ്തകങ്ങളിലെ ഭീകരതയുടെ നിർവചനത്തിന് ഉദാഹരണമാണെന്നാണ്' ജേക്ക് സള്ളിവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
ട്രംപ് ഭരണകൂട സമയത്താണ് എസ്ഡിജിടി ഹൂതികൾക്ക് മേൽ തീവ്രവാദ സംഘടന എന്ന ലേബൽ ചുമത്തുന്നത്. ഈ തീരുമാനം യുദ്ധത്തിൽ തകർന്ന യെമനെ വലിയ ക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് യുഎന്നിന്റെയും സഹായ ഗ്രൂപ്പുകളുടെയും മുന്നറിയിപ്പ് അവഗണിച്ചായിരുന്നു ഈ നടപടി. എന്നാൽ 2021ൽ, പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണത്തിന് തൊട്ടുപിന്നാലെ, പുതിയതായി നിയമിക്കപ്പെട്ട സ്റ്റേറ്റ് സെക്രട്ടറിയായ ആന്റണി ബ്ലിങ്കെൻ യെമനിലെ ജനങ്ങൾ നേരിടുന്ന ഭയാനകമായ സാഹചര്യം ഉദ്ധരിച്ചാണ് ആ തീരുമാനം മാറ്റുന്നത്.
ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടിയോട് പ്രതികരിക്കുകയാണെന്ന് പറഞ്ഞാണ് ഹൂതികൾ നവംബറിൽ വ്യാപാര കപ്പലുകൾക്ക് നേരെ ആക്രമണം തുടങ്ങിയത്. അതിനുശേഷം, ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നായ ചെങ്കടലിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതി സംഘം നിരന്തരം ആക്രമണങ്ങൾ നടത്തുകയായിരുന്നു. ഇതിന് മറുപടിയായി ജനുവരി 11ന് അമേരിക്കയും ബ്രിട്ടനും തിരിച്ച് വ്യോമാക്രമണങ്ങളും നടത്തിയിരുന്നു. മേഖലയിൽ ആക്രമണം അവസാനിപ്പിക്കാനുള്ള അന്ത്യശാസനം ഹൂതി സേന അവഗണിച്ചതിനെ തുടർന്നാണ് ഓസ്‌ട്രേലിയ, ബഹ്‌റൈൻ, നെതർലൻഡ്‌സ്, കാനഡ എന്നിവയുടെ പിന്തുണയോടെയുള്ള വ്യോമാക്രമണങ്ങൾ അമേരിക്ക ആരംഭിച്ചത്.
കഴിഞ്ഞ ദിവസം പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം വ്യാപിക്കുമെന്ന ആശങ്കകൾക്കിടെ ഏദന്‍ കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം നടത്തിയിരുന്നു. അമേരിക്കൻ ഉടമസ്ഥതയിലുള്ള മാർഷൽ ദ്വീപിന്റെ പതാകയേന്തിയന്ന ജിബ്രാൾട്ടർ ഈഗിൾ കണ്ടെയ്‌നർ കപ്പലാണ് തിങ്കളാഴ്ച ആക്രമിക്കപ്പെട്ടത്.