WORLD

തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കി അമേരിക്ക

വെബ് ഡെസ്ക്

തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ പുറത്താക്കി അമേരിക്ക. തീവ്രവാദത്തിനെതിരെയുള്ള അമേരിക്കയുടെ പോരാട്ടത്തിൽ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ക്യൂബയെ അമേരിക്കന്‍ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കന്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തതായി വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. അമേരിക്കയും ക്യൂബയും തമ്മില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമനിര്‍വഹണ സഹകരണം കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ചതാണ് ഇതിന് പ്രധാന കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കാത്ത രാജ്യങ്ങളില്‍ നോര്‍ത്ത് കൊറിയ, ഇറാന്‍, സിറിയ, വെനിസ്വേല എന്നീ രാജ്യങ്ങളുടെ പേരുകള്‍ ഇപ്പോഴും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അമേരിക്കയുടെ തീരുമാനത്തെ സ്വീകരിച്ച ക്യൂബ, തീവ്രവാദത്തിന്റെ സ്‌പോണ്‍സര്‍മാരെന്ന പട്ടികയില്‍ നിന്ന് രാജ്യത്തിൻ്റെ പേര് നീക്കം ചെയ്യണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടു.

തീവ്രവാദത്തിനെതിരെ പൂര്‍ണമായും ക്യൂബ സഹകരിക്കുന്നുണ്ടെന്ന എല്ലാവര്‍ക്കും അറിയുന്ന കാര്യം അമേരിക്ക അംഗീകരിച്ചുവെന്ന് ക്യൂബയുടെ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗ്വെസ് പറില്ല സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. വിഷയത്തിലെ എല്ലാ രാഷ്ട്രീയ കൃത്രിമത്വവും അവസാനിപ്പിക്കണമെന്നും തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന പട്ടികയില്‍ അന്യായമായി ഉള്‍പ്പെടുത്തിയത് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീവ്രവാദത്തിനെതിരെയുള്ള സഹകരണത്തിനുള്ള ലിസ്റ്റും തീവ്രവാദത്തിനെതിരെയുള്ള സ്‌പോണ്‍സര്‍ ലിസ്റ്റും വ്യത്യസ്തമാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ക്യൂബയെ തീവ്രവാദത്തിനുള്ള സ്‌പോണ്‍സര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും മരുന്നിന്റെയും കുറവും സാമ്പത്തിക പ്രതിസന്ധിയും ക്യൂബ നേരിടേണ്ടി വന്നു.

പ്രത്യേക നിയമപരമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സ്‌പോണ്‍സര്‍ പട്ടികയില്‍ ഒരു രാജ്യത്തെ ഉള്‍പ്പെടുത്തുന്നത്. ക്യൂബയുടെ സ്‌പോണ്‍സര്‍ പദവിയില്‍ നടക്കുന്ന ഏതൊരു തീരുമാനവും അമേരിക്കന്‍ കോണ്‍ഗ്രസ് സ്ഥാപിച്ചിട്ടുള്ള നിയമത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും