ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നു വധശ്രമക്കേസില്‍ കോടതി മുന്‍പാകെ സത്യം തെളിയുന്നതുവരെ പ്രതികരിക്കാനില്ലെന്ന് അമേരിക്ക. വിഷയത്തില്‍ ആരോപണങ്ങളോ വസ്തുതകളോ അടങ്ങുന്ന കുറ്റപത്രം നിലവിലുണ്ടെന്നും അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. പന്നു കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഇടപെട്ടുവെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തിന്, മറ്റു രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ അമേരിക്ക ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ജനങ്ങള്‍ എടുക്കേണ്ട തീരുമാനമാണ് അതെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് നീതിന്യായവകുപ്പ് കുറ്റപത്രം അനുസരിച്ച്, നിഖില്‍ ഗുപ്തയ്ക്കെതിരെ കൊലപാതകശ്രമത്തിന് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2023 ജൂണിലാണ് ഗുപ്തയെ ചെക്ക് പോലീസ് അറസ്റ്റ് ചെയ്തത്. പന്നുവിനെ വധിക്കാനായി വാടക കൊലയാളിയെ കണ്ടെത്താന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനാണ് നിഖില്‍ ഗുപ്തയെ ചുമതലപ്പെടുത്തിയതെന്നാണ് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
നീതിന്യായ വകുപ്പിന്റെ കുറ്റപത്രത്തില്‍ പേര് വെളുപ്പെടുത്തിയിട്ടില്ലാത്ത 'ഇന്ത്യന്‍ ഉദ്യോഗസ്ഥനെ' സിസി-1 എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹമാണ് മുഴുവന്‍ പദ്ധതികള്‍ക്കും പിന്നിലെന്നാണ് ആരോപണം. ഇയാള്‍ സിആര്‍പിഎഫ് മുന്‍ ഉദ്യോഗസ്ഥനാണെന്നും നിലവില്‍ സെക്യൂരിറ്റി മാനേജ്മെന്റ്, ഇന്റലിജന്‍സ് എന്നീ ഉത്തരവാദിത്തങ്ങളുള്ള 'സീനിയര്‍ ഫീല്‍ഡ് ഓഫീസര്‍' ആന്നെന്നുമാണ് അവകാശപ്പെട്ടിട്ടുള്ളതെന്നും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഗുജറാത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിഖില്‍ ഗുപ്തയെ കേസുകളില്‍നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ ഗൂഢാലോചനയുടെ ഭാഗമാക്കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2023 മേയിലാണ് സിസി-1 (ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍) നിഖില്‍ ഗുപ്തയുമായി ബന്ധപ്പെടുന്നത്. ടെലിഫോണും മറ്റ് ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു നിര്‍ദേശങ്ങള്‍ കൈമാറിയിരുന്നത്. തുടര്‍ന്ന് ഇരുവരും ന്യൂ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതായും പറയുന്നു.
ഗുര്‍പത്വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ന്യൂയോര്‍ക്കില്‍ കൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നു നിഖില്‍ ഗുപ്തയുടെ ജോലി. അതിന്റെ ഭാഗമായി ഒരു ലക്ഷം ഡോളറിന്റെ ക്വട്ടേഷന്‍ ന്യൂയോര്‍ക്കിലുള്ള കൊലയാളിക്ക് നല്‍കാനും നിഖില്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ നിഖില്‍ ഗുപ്ത കണ്ടെത്തിയ കൊലയാളി യു എസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ അണ്ടര്‍കവര്‍ ഏജന്റായിരുന്നു. ഇതോടെയാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന പുറത്തുവരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം, വധശ്രമത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടന റോയുടെ പങ്കുണ്ടെന്ന ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു. യുഎസ് മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണ് എന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധിര്‍ ജയ്‌സ്വാളിന്റെ പ്രതികരണം. ആരോപണങ്ങള്‍ അന്വേഷിക്കാനായി ഇന്ത്യ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.
നിലവില്‍ ന്യൂയോര്‍ക്കിലാണ് പന്നു കഴിയുന്നത്. ഇന്ത്യ തീവ്രവാദിയെന്ന് മുദ്രകുത്തിയ വ്യക്തിയാണ് ഗുര്‍പത്വന്ത് സിങ് പന്നു. കൂടാതെ അദ്ദേഹം നേതൃത്വം കൊടുക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസിനെ ഭീകരവാദ സംഘടനയായാണ് ഇന്ത്യ കണക്കാക്കുന്നത്.