വന്യജീവി - പരിസ്ഥിതി സംരക്ഷണത്തിന് പേരുകേട്ട എഴുത്തുകാരനും ചലച്ചിത്രകാരനുമാണ് അമേരിക്കന്‍ സ്വദേശിയായ പോള്‍ റോസോളി. ആമസോണ്‍ കാടുകള്‍ കേന്ദ്രീകരിച്ചാണ് പോളിന്റെ പ്രവർത്തനങ്ങള്‍, പലതും അപകടം നിറഞ്ഞതുമാണ്. ഇവയൊക്കെ ലോകകത്തിലെ തന്നെ ഏറ്റവും ജൈവവൈവിദ്യം നിറഞ്ഞതും വംശനാശഭീഷണി നേരിടുന്നതുമായ പ്രദേശം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു.
ഒരിക്കല്‍ വളരെ അപകടരമായ ഒരു അഭ്യാസത്തിന് പോള്‍ മുതിർന്നു. ഒരു അനക്കോണ്ടയ്ക്ക് കഴിക്കാന്‍ സ്വന്തം ശരീരം വിട്ടുകൊടുക്കാന്‍ പോള്‍ തയാറായി. എന്നാല്‍ പരീക്ഷണം ആരംഭിച്ച് മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ പോളിന് ബോധം നഷ്ടപ്പെട്ടുതുടങ്ങി. ഉടന്‍ അഭ്യാസം അവസാനിപ്പിക്കാനും പോള്‍ ആവശ്യപ്പെട്ടു. 2014ലായിരുന്നു ഈ സംഭവം. അടുത്തിടെ പോള്‍ ഇതിനെക്കുറിച്ച് വിവരിച്ചത് വൈറലായിരുന്നു.
"ഞാന്‍ ഓർക്കുന്ന അവസാന കാര്യം അനക്കോണ്ടയുടെ വായ തുറക്കുന്നതാണ്. പിന്നീടെല്ലാം ഇരുട്ടായി മാറി. ഞാന്‍ തളർന്നുപോയി. എന്നെ ആനക്കോണ്ട വലിഞ്ഞുമുറുകുകയായിരുന്നു, എന്റെ കവചം പൊട്ടുന്നതുപോലെ അനുഭവപ്പെട്ടു. അല്‍പ്പം കൂടി താമസിച്ചിരുന്നെങ്കില്‍ എന്റെ വാരിയെല്ലുകള്‍ തകർന്നുപോകുമായിരുന്നു. ഇത്തരം പാമ്പുകളുടെ ശക്തി എല്ലാവർക്കും മനസിലാക്കിക്കൊടുക്കുന്നതിനും, അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന്റെ പ്രധാന്യം കാണിക്കുന്നതിനുമായിരുന്നു അഭ്യാസം," പോള്‍ പറഞ്ഞു.
അനക്കോണ്ട ശരീരത്തെ വരിഞ്ഞു മുറുകുമ്പോള്‍ ശ്വാസമെടുക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ലെന്നും തനിക്ക് സഹായത്തിനായി ശബ്ദം പുറപ്പെടുവിക്കാന്‍ പോലും സാധിച്ചില്ലെന്നും പോള്‍ പറഞ്ഞു.
നീളവും ഭാരവും കണക്കിലെടുക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പാമ്പിനമാണ് പച്ച നിറത്തിലുള്ള അനക്കോണ്ടകള്‍. ഇവയ്ക്ക് ഒന്‍പത് മീറ്റർ വരെ വളർച്ചയുണ്ടാകും. ഇരുന്നൂറ് കിലോഗ്രാമില്‍ അധികം തൂക്കവും ഈ പാമ്പുകള്‍ക്കുണ്ടാകും.