ഗാസയിലെ ജനങ്ങൾക്കെതിരായ അമേരിക്കയുടെ പിന്തുണയുള്ള ഇസ്രയേൽ യുദ്ധത്തിൽ പ്രതിഷേധിച്ച് ന്യൂ യോർക്ക് ടൈംസ് മാഗസിന്റെ പോയട്രി എഡിറ്റർ സ്ഥാനം രാജിവച്ച് ആന്‍ ബോയർ. 'യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നുണകള്‍ ഇനി വേണ്ട' എന്ന് പറഞ്ഞുകൊണ്ടാണ് പ്രമുഖ അമേരിക്കൻ കവയിത്രിയും എഴുത്തുകാരിയുമായ ആനിന്റെ രാജി.
ഗാസയിലെ ജനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്നത് ആർക്കും ഗുണം ചെയ്യുന്ന യുദ്ധമല്ലെന്ന് അമേരിക്കയിലെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമായ സബ്സ്റ്റാക്കിൽ പങ്കുവച്ച രാജിക്കത്തിൽ ആന്‍ പറയുന്നു.
''ഗാസയിലെ യുദ്ധത്തില്‍നിന്ന് ഇസ്രയേലിനോ അമേരിക്കയ്‌ക്കോ യൂറോപ്പിനോ ജൂതവിഭാഗത്തിനോ സുരക്ഷിതത്വമുണ്ടാകുന്നില്ല. ഇതില്‍നിന്ന് ലാഭം ലഭിക്കുന്നവർ എണ്ണയ്ക്കുമേൽ താല്‍പ്പര്യമുള്ളവരും ആയുധ നിർമാതാക്കളും മാത്രമാണ്,'' ആന്‍ ബോയർ പറയുന്നു.
ഈ ലോകവും ഭാവിയും നമ്മുടെയെല്ലാം ഹൃദയവും യുദ്ധത്തിലൂടെ ചെറുതും കഠിനവുമാകുകയാണ്. ഇത് മിസൈലുകളുടെയും അധിനിവേശത്തിന്റെയും മാത്രം യുദ്ധമല്ല. പതിറ്റാണ്ടുകളായി അധിനിവേശത്തോടും നിർബന്ധിത പലായനത്തോടും ചെറുത്തുനില്‍ക്കുന്ന പലസ്തീന്‍ ജനതയ്ക്കെതിരായുള്ളതാണ്.
ഇത്തരം സാഹചര്യങ്ങളില്‍ കലാകാരന്മാർക്കുള്ള ഏറ്റവും ഫലപ്രദമായ പ്രതിഷേധമാർഗം നിരസിക്കുക എന്നതാണ്. ദുഷ്കരമായ സാഹചര്യങ്ങളിലേക്ക് നമ്മെ അടുപ്പിക്കാന്‍ ശ്രമിക്കുന്നവർക്കിടയില്‍ എനിക്ക് കവിതയെഴുതാനാകില്ല. വാക്കുകളാല്‍ ശുദ്ധീകരിക്കപ്പെടുന്ന നരകദൃശ്യങ്ങള്‍ ഇനി വേണ്ട. യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നുണകള്‍ ഇനി വേണ്ടെന്നും ആന്‍ ബോയർ പറഞ്ഞു.
ഈ രാജി വാർത്തകളില്‍ കവിതയുടെ വലുപ്പമുള്ള വിടവ് കൊണ്ടുവന്നാല്‍, അതാണ് വർത്തമാന കാലത്തിന്റെ യാഥാർത്ഥ്യമെന്ന് പറഞ്ഞുകൊണ്ടാണ് ആന്‍ ബോയറിന്റെ കുറിപ്പ് അവസാനിക്കുന്നത്.
ഇസ്രയേലിന്റെ ആക്രമണം ഓഗസ്റ്റ് ഏഴിന് ആരംഭിച്ചതിന് ശേഷം 11,000-ലധികം പേരാണ് പലസ്തീനില്‍ കൊല്ലപ്പെട്ടത്. ഗാസയിലെ അല്‍-ഷിഫ ഉള്‍പ്പടെയുള്ള പ്രധാന ആശുപത്രികള്‍ക്ക് സമീപം ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം രൂക്ഷമാകുകയാണ്.
ആശുപത്രികള്‍കള്‍ക്കടയിലാണ് ഹമാസ് തുരങ്കങ്ങൾ നിർമിച്ചിരിക്കുന്നതെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ ക്രൂരത. ആശുപത്രികളെ ആക്രമണങ്ങളില്‍നിന്ന് ഒഴിവാക്കണമെന്ന ലോകരാജ്യങ്ങളുടെ സമ്മർദം കാര്യമാക്കാതെയാണ് ഇസ്രയേലിന്റെ കിരാത നടപടി.