ചൈനയില്‍ 'സീറോ കോവിഡ്' വിരുദ്ധ പ്രക്ഷോഭം  
WORLD

അയയാതെ ചൈനയിലെ 'സീറോ കോവിഡ്' വിരുദ്ധ പ്രക്ഷോഭം; പിന്തുണച്ച് ലോകരാജ്യങ്ങള്‍

ഇതുവരെ നടന്ന പ്രതിഷേധങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശൂന്യമായകടലാസ് ഷീറ്റുകൾ ഉയർത്തിപ്പിടിച്ചാണ് കഴിഞ്ഞദിവസം ജനങ്ങൾ തെരുവിൽ ഇറങ്ങിയത്

വെബ് ഡെസ്ക്

ചൈനയിൽ ഷി ജിന്‍പിങ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരായ പ്രതിഷേധം ശക്തമാകുന്നു. മൂന്നാമതും അധികാരത്തിലെത്തിയ ഷി ജിൻപിങ്ങിന് കനത്ത പ്രതിസന്ധി സൃഷ്ടിച്ച് ദിവസങ്ങളായി പ്രതിഷേധം അയവില്ലാതെ തുടരുകയാണ്. സീറോ കോവിഡ് നിയന്ത്രങ്ങള്‍ അവസാനിപ്പിക്കുക, ഷി ജിന്‍പിങ് സ്ഥാനം ഒഴിയുക എന്നിങ്ങനെയാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍. ഷെങ്സുവിൽ ലോകത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണകേന്ദ്രത്തിലെ തൊഴിലാളിസമരം, ഗുവാങ്സുവിലും ചെങ്ദുവിലും നടക്കുന്ന പ്രതിഷേധങ്ങൾ, ബെയ്ജിങ്, വുഹാൻ സർവകലാശാലാ ക്യാംപസുകളിൽ യൂറോപ്യൻ മോഡൽ പ്രതിഷേധം തുടങ്ങി അധികാരത്തിന്റെ മൂന്നാം ഊഴത്തിന്റെ തുടക്കം ഷി ജിൻപിങ്ങിന് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. ഇതുവരെ നടന്ന പ്രതിഷേധങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശൂന്യമായ കടലാസ് ഷീറ്റുകൾ ഉയർത്തിപ്പിടിച്ചാണ് ജനങ്ങൾ കഴിഞ്ഞദിവസം തെരുവിൽ ഇറങ്ങിയത്. സര്‍ക്കാര്‍ രാജ്യത്ത് ഒന്നും നടപ്പാക്കുന്നില്ലെന്നതിന്റെ പ്രതീകമായിരുന്നു വെള്ളക്കടലാസ് ഉയര്‍ത്തിയുള്ള പ്രതിഷേധം.

ഏകദേശം നാല് ദശലക്ഷം ജനസംഖ്യയുള്ള പടിഞ്ഞാറൻ ചൈനയിൽ 100 ദിവസത്തോളം ജനങ്ങളെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിയിരുന്നു

സിൻജിയാങ് മേഖലയിലെ വംശീയ കലാപവേദിയായ ഉറുംഗിയിലെ അപ്പാർട്മെന്റ് ബ്ലോക്കിൽ നടന്ന തീപിടിത്തത്തിന് ശേഷമാണ് പ്രതിഷേധങ്ങൾ ശക്തമായത്. തീപിടിത്തത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. ഏകദേശം നാല് ദശലക്ഷം ജനസംഖ്യയുള്ള പടിഞ്ഞാറൻ ചൈനയിൽ 100 ദിവസത്തോളം ജനങ്ങളെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിയിരുന്നു. കർശനമായ ഹോം ഐസൊലേഷൻ നയങ്ങൾ കാരണം ജനങ്ങൾക്ക് തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാനോ അപ്പാർട്മെന്റുകളിൽ നിന്ന് പുറത്തിറങ്ങാനോ കഴിഞ്ഞിരുന്നില്ല. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ ലോക്ഡൗൺ നയങ്ങളെ കുറ്റപ്പെടുത്തുന്ന പ്രതിഷേധങ്ങളുയര്‍ന്നത്.

ചൈനയിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികളും ഷാങ്ഹായ്, ബീജിംഗ്, വുഹാന്‍, ചെങ്ഡു തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ളവരും ഞായറാഴ്ച രാത്രി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. വൈറസ് വ്യാപനം തടയുന്നതിലും പൗരന്മാരുടെ ജീവൻ സംരക്ഷിക്കുന്നതിലും പരാജയപ്പെട്ട പ്രസിഡന്റ് ഷി സ്ഥാനമൊഴിയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചൊവ്വാഴ്ച രാത്രി രാജ്യത്തെ പ്രധാന ഉത്പാദന കേന്ദ്രമായ ഗ്വാങ്ഷൗവിൽ പ്രതിഷേധം രൂക്ഷമായി. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പ്രകോപിതരായ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. 22 നഗരങ്ങളിൽ പ്രതിഷേധക്കാർ നിയമം ലംഘിച്ച് തെരുവിലിറങ്ങി. പ്രതിഷേധത്തെ പിന്തുണച്ച് വിദേശരാജ്യങ്ങളിലുള്ള ചൈനീസ് വംശജരും പ്രചാരണം തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായത്.

ചൈനയിലെ പ്രതിഷേധത്തില്‍ പ്രതികരണവുമായി ലോകരാജ്യങ്ങളും രംഗത്തെത്തി. പ്രതിഷേധങ്ങൾ ഉയരുന്നത് പതിവാകുന്ന സാഹചര്യത്തില്‍, ഭരണകൂടം ഇതിനെ ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലർജി രംഗത്തെത്തി. സമരം ചെയ്യാനും പ്രതിഷേധം അറിയിക്കാനുമുള്ള അവകാശം എല്ലാ പൗരന്മാർക്കുമുണ്ടെന്ന് വൈറ്റ് ഹൗസ്‌ ഇറക്കിയ പ്രസ്താവനയിലും പറയുന്നു. ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിപ്പ് അറിയിക്കാനുള്ള പ്രതിഷേധക്കാരുടെ അവകാശത്തെ പിന്തുണച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും രംഗത്തെത്തിയിരുന്നു.

എന്നാൽ, ശത്രുക്കളുടെ നുഴഞ്ഞുകയറ്റവും അട്ടിമറി പ്രവർത്തനങ്ങളുമാണ് പ്രതിഷേധം ശക്തമാകാൻ കാരണമെന്നാണ് ചൈനയുടെ നിലപാട്. ഇതിനെ ശക്തമായി അടിച്ചമര്‍ത്തുമെന്നും ചൈനയുടെ രാഷ്ട്രീയ - നിയമകാര്യ കമ്മീഷന്‍ പ്രസ്താവനയിറക്കി.

ജനകീയ പ്രക്ഷോഭത്തിന്റെ വ്യാപനം തടയാന്‍ കൂടുതല്‍ പോലീസിനെ തെരുവിലിറക്കിയിരിക്കുകയാണ് ഷി ജിന്‍പിങ് ഭരണകൂടം. അർദ്ധസൈനിക വിഭാഗങ്ങളേയും പ്രതിഷേധക്കാരെ നേരിടാന്‍ ഇറക്കി. പ്രതിഷേധക്കാരുടെ തിരിച്ചറിയൽ രേഖകളും ഫോണുകളും പരിശോധിക്കാനും കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇടപെടല്‍ നടത്തുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ