WORLD

ഗാസ: ആക്രമണം അവസാനിപ്പിക്കാൻ അപൂർവ നീക്കവുമായി ഗുട്ടറസ്, പ്രയോഗിച്ചത് യുഎന്‍ ചാർട്ടറിലെ അനുച്ഛേദം 99

ഗാസയിലെ ആക്രമണങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താൻ യുഎൻ സുരക്ഷാ കൗൺസിലിനെ പ്രേരിപ്പിക്കാനാണ് അനുച്ഛേദം 99 ഉപയോഗിച്ചത്

വെബ് ഡെസ്ക്

താത്കാലിക വെടിനിര്‍ത്തനിര്‍ത്തലിനുശേഷം വീണ്ടും ആരംഭിച്ച ഗാസയിലെ സൈനിക നീക്കത്തിന് പിന്നാലെ മേഖലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. ഗാസ മുനമ്പിലുടനീളം തെരുവുയുദ്ധത്തിന് സമാനമായ സാഹചര്യമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുനമ്പിന്റെ വിവിധ ഭാഗങ്ങളിൽ ഹമാസും ഇസ്രയേൽ സൈനികരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പ്രദേശത്തെ സാധാരണ ജനങ്ങളുടെ നിലവിലെ സ്ഥിതി കൂടുതൽ വഷളാക്കുമെന്ന ആശങ്കകളും ശക്തമാവുകയാണ്. ഗാസയിലേക്കുള്ള അന്താരാഷ്ട്ര മാനുഷിക സഹായങ്ങള്‍ പൂർണമായി തടസപ്പെട്ടനിലയിലാണ്.

അതേസമയം ഇസ്രയേൽ ആക്രമണം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് യുഎൻ ചാർട്ടറിലെ അനുച്ഛേദം 99 പ്രയോഗിച്ചു. ഗാസയിലെ ആക്രമണങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താൻ യുഎൻ സുരക്ഷാ കൗൺസിലിനെ പ്രേരിപ്പിക്കാനാണ് അനുച്ഛേദം 99 അദ്ദേഹം ഉപയോഗിച്ചത്. ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം സുരക്ഷാ കൗൺസിൽ ഇതുവരെ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടറി ജനറലിന്റെ അപൂർവ നീക്കം.

യുഎന്നിന്റെ ഏറ്റവും ശക്തമായ സ്ഥാപനമായി കണക്കാക്കപ്പെടുന്ന 15 അംഗ സുരക്ഷാ കൗൺസിലിന് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്താനുള്ള ചുമതലയുണ്ടെന്ന് കൗൺസിൽ പ്രസിഡന്റിന് അയച്ച കത്തിൽ ഗുട്ടെറസ് ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലിലെയും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെയും സാഹചര്യം അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനത്തിന് നിലവിലുള്ള ഭീഷണികൾ വഷളാക്കുമെന്ന് വിശ്വസിക്കുന്നതായി ഗുട്ടെറസ് വ്യക്തമാക്കി.

ഉടനടിയുള്ള മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന ഗുട്ടെറസ് ഇസ്രായേലിലും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലും ഉടനീളമുള്ള ഭയാനകമായ മാനുഷിക ദുരന്തങ്ങളും കഷ്ടപ്പാടുകളും നാശ നഷ്ടങ്ങളും കൂട്ടായ ആഘാതവും കത്തിൽ വിവരിച്ചിട്ടുണ്ട്. ഗുട്ടെറസിന്റെ കത്തിന് മറുപടിയായി, സെക്യൂരിറ്റി കൗൺസിലിൽ ഒരു പുതിയ കരട് പ്രമേയം സമർപ്പിച്ചതായും ഒരു മാനുഷിക വെടിനിർത്തൽ പ്രമേയം അടിയന്തരമായി ആവശ്യപ്പെട്ടതായും കൗൺസിൽ അംഗമായ യു എ ഇ എക്‌സിൽ കുറിച്ചു.

കൗൺസിൽ ഗുട്ടെറസിന്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കാനും വെടിനിർത്തൽ പ്രമേയം സ്വീകരിക്കാനും തീരുമാനിക്കുകയാണെങ്കിൽ, ഉപരോധം ഏർപ്പെടുത്താനോ ഒരു അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിന് അംഗീകാരം നൽകാനോ ഉള്ള അധികാരം ഉൾപ്പെടെ, പ്രമേയം നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ കൂടുതൽ അധികാരങ്ങൾ ലഭിക്കുന്നതാണ്.

സെക്യൂരിറ്റി കൗൺസിലിന്റെ തുടർനടപടികളുടെ അഭാവവും ഗാസയിലെ രൂക്ഷമായ സ്ഥിതി ഗതികളും 2017 ൽ യുഎന്നിലെ സെക്രട്ടറി ജനറൽ ആയതിന് ശേഷം ആദ്യമായി ആർട്ടിക്കിൾ 99 പ്രയോഗിക്കാൻ തന്നെ പ്രേരിപ്പിച്ചതായും ഗുട്ടെറസ് പറഞ്ഞു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം