ഫിലാഡൽഫിയയിൽ മുഖംമൂടി ധരിച്ച കൗമാരസംഘം ആപ്പിളിന്റെ സ്റ്റോറിൽ അതിക്രമിച്ചു കയറി ഫോണുകളും മറ്റ് ഉപകരണങ്ങൾ കൊള്ളയടിച്ചു. ഫിലാഡൽഫിയയിലെ സിറ്റി സെന്ററിലെ സ്റ്റോറിലാണ് നൂറോളം പേരടങ്ങുന്ന കൗമാര സംഘം കവർച്ച നടത്തിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ നടന്ന മോഷണത്തിൽ, ആപ്പിളിന്റെ നിരവധി ഉപകരണങ്ങളാണ് നഷ്ടപ്പെട്ടത്. പല വഴിക്ക് ഓടി രക്ഷപെടാൻ ശ്രമിച്ച മോഷ്ടാക്കളിൽ ചിലരെ സംഭവസ്ഥലത്തെത്തിയ പോലീസ് പിടികൂടി. ഇവരിൽ നിന്ന് നിരവധി ആപ്പിൾ ഉപകരണങ്ങൾ പിടിച്ചെടുത്തു.
സംഭവത്തിന് പിന്നാലെ, 20 ലധികം പേരെ അറസ്റ്റ് ചെയ്തതായി ഫിലാഡൽഫിയ ഇൻക്വയറർ പത്രം റിപ്പോർട്ട് ചെയ്തു
സംഭവത്തിന് പിന്നാലെ, ഇരുപതോളം പേരെ അറസ്റ്റ് ചെയ്തതായി ഫിലാഡൽഫിയ ഇൻക്വയറർ പത്രം റിപ്പോർട്ട് ചെയ്തു. അർധരാത്രിയോടെ സ്ഥിതി നിയന്ത്രണവിധേയമായതായും വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഐഫോണുകളും ഐപാഡുകളും കണ്ടെത്തിയതായും പോലീസ് പറഞ്ഞു. സംഭവത്തിന്റെ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എഡ്ഡി ഇറിസാരിയെന്ന ഡ്രൈവറിനെ വെടിവച്ച് കൊന്ന ഫിലാഡൽഫിയ പോലീസ് ഉദ്യോഗസ്ഥനെതിരായ കൊലക്കുറ്റം റദ്ദാക്കാനുള്ള കോടതി ഉത്തരവിന് പിന്നാലെയാണ് ഫ്ലാഷ് മോബ് മാതൃകയിലുള്ള കൊള്ള നടന്നത്. എന്നാൽ, മോഷണത്തിന് ഈ ഉത്തരവുമായോ ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളുമായോ ഒരു ബന്ധവുമില്ലെന്ന് അധികൃതർ പറഞ്ഞു. നഗരത്തിലെ കുറ്റവാളികളാണ് ഇത്തരം കൊള്ള നടത്തുന്നതെന്ന് ആക്ടിംഗ് പോലീസ് മേധാവി ജോൺ സ്റ്റാൻഫോർഡ് പറഞ്ഞു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.