WORLD

നൈജീരിയയില്‍ ബോട്ട് മറിഞ്ഞ് 103 മരണം; അപകടത്തിൽപ്പെട്ടത് വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയവർ

യാത്രക്കാരില്‍ ഭൂരിഭാഗവും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ല

വെബ് ഡെസ്ക്

നൈജീരിയയില്‍ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 103 പേർ മരിച്ചു. മധ്യ വടക്കൻ നൈജീരിയയിലെ ക്വാര സംസ്ഥാനത്താണ് തിങ്കളാഴ്ച പുലർച്ചയോടെ അപകടം നടന്നത്. കാണാതായ മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. നൈജറിലെ എഗ്‌ബോട്ടി ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം.

ബോട്ടില്‍ അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് നിഗമനം

അപകടത്തിൽ 103 പേർ മരിച്ചെന്നും നിരവധി പേരെ കാണാതായെന്നും അധികൃതർ പറയുന്നു. '' പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. ബോട്ടിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും മരിച്ചു, പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല, രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്'' ക്വാര പോലീസ് വ്യക്തമാക്കി. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കില്ല, ക്വാരയിലെ കെപാഡ, എഗ്ബു, ഗക്പാന്‍ പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് നൈജീരിയന്‍ പ്രാദേശിക ദിനപത്രമായ നൈജീരിയന്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ബോട്ടില്‍ അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് നിഗമനം.

ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കില്ലെന്ന് പോലീസ്

രാത്രി വൈകിയാണ് അപകടം ഉണ്ടായതെന്നും മണിക്കൂറുകള്‍ക്ക് ശേഷമാണ് ആളുകള്‍ അറിഞ്ഞതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. യാത്രക്കാരില്‍ ഭൂരിഭാഗം പേരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ല. അതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ കാരണം. ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദികളായ നൈദര്‍, ബെന്യൂ എന്നിവയുടെ സംഗമസ്ഥാനത്തിന് സമീപത്തുള്ള പ്രദേശത്ത് മുന്‍പും സമാനമായ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2021 മെയ് മാസം നൈജറിലുണ്ടായ ബോട്ടപകടത്തില്‍ 106 പേരാണ് മരിച്ചത്.

വിറക് ശേഖരിക്കാന്‍ പോയ 15 കുട്ടികൾ മരിച്ചിരുന്നു

നൈജീരിയയിലെ ഏറ്റവും ഒടുവിലത്തെ ബോട്ടപകടമാണിത്. കഴിഞ്ഞ മാസം വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ സൊകോട്ടോയില്‍ 15 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടം നടന്നിരുന്നു. വിറക് ശേഖരിക്കാന്‍ പോയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. 25 പേരെ കാണാതാവുകയും ചെയ്തിരുന്നു. ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് ഇതേ നദിയില്‍ തന്നെ വിറക് ശേഖരിക്കാന്‍ പോയ 29 കുട്ടികള്‍ മുങ്ങി മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തെക്കു കിഴക്കന്‍ സംസ്ഥാനമായ അനമ്പ്രയില്‍ ഒരു നദിയില്‍ ബോട്ട് മുങ്ങി 76 പേര്‍ മരിച്ചിരുന്നു. മഴക്കാലത്തുണ്ടായ വലിയ വെള്ളപ്പൊക്കത്തിലാണ് അപകടം സംഭവിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ