ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിനെ പുകഴ്ത്തുന്ന വ്യാജ ലേഖനങ്ങൾ പ്രചരിപ്പിച്ച് ചൈനീസ് മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലാണ് ബംഗ്ലാദേശ് സർക്കാരിന്റെ നയങ്ങളെ പുകഴ്ത്തുന്ന നൂറുകണക്കിന് ലേഖനങ്ങൾ ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഏഷ്യയിലുടനീളമുള്ള പ്രമുഖ മാധ്യമവും ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുമായ സിൻഹുവയാണ് ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഫോറിൻ പോളിസി മാസികയുടെ സൗത്ത് ഏഷ്യ ബ്രീഫിനെ ലേഖനങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്.
ജനുവരി അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാരിന് നേട്ടമുണ്ടാക്കുന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ് ചൈനീസ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. സർക്കാർ പ്രശംസയോടൊപ്പം ചൈനയുമായുള്ള വളർന്നുവരുന്ന ബന്ധത്തെ പിന്തുണച്ചും യുഎസിലെ തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ മനുഷ്യാവകാശങ്ങൾക്ക് ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകിയുമാണ് കൂടുതൽ ലേഖനങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
കുറഞ്ഞത് 60 ആഭ്യന്തര, അന്തർദേശീയ വാർത്താ സൈറ്റുകളിൽ പ്രസിദ്ധീകരിച്ച 700 ലധികം ലേഖനങ്ങൾ വിശകലനം ചെയ്താണ് എഎഫ്പി പഠനം നടത്തിയത്. ഇത്തരം ലേഖനങ്ങൾ തയ്യാറാക്കിയിട്ടുള്ള 35 ആളുകളുടെ അക്കൗണ്ടുകൾ കഴിഞ്ഞ വർഷം മാത്രമാണ് ആദ്യമായി ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. പ്രസ്തുത ലേഖനങ്ങളല്ലാതെ ഈ മുപ്പത്തഞ്ച് ആളുകളുടെ മറ്റൊരു ഓൺലൈൻ പ്രവർത്തനങ്ങളും എഎഫ്പിക്ക് കണ്ടെത്താൻ ആയിട്ടില്ല. ആർക്കും കൃത്യമായ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഇല്ല. കൂടാതെ ആരും അക്കാദമിക് ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല.
"ഇത് വളരെ ഏകോപിതമായി സ്വാധീനം ചെലുത്താൻ ലക്ഷ്യമിട്ട് കൊണ്ടുള്ള ഒരു പ്രവർത്തനമാണ്. ഈ ലേഖനങ്ങൾ പ്രാഥമികമായി നിലവിലെ ബംഗ്ലാദേശ് സർക്കാരിന് അനുകൂലമായ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ്," ബംഗ്ലാദേശിലെ രാജ്ഷാഹി സർവകലാശാലയിലെ ജേണലിസം പ്രൊഫസർ എ അൽ-മമൂൻ പറഞ്ഞു. ഈ മുപ്പത്തഞ്ച് പേരിൽ പതിനേഴ് പേരെങ്കിലും പ്രമുഖ പാശ്ചാത്യ, ഏഷ്യൻ സർവകലാശാലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അവകാശം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യം തെറ്റാണെന്നാണ് എഎഫ്പിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.