പാകിസ്താന്റെ 14-ാം പ്രസിഡന്റായി ആസിഫ് അലി സർദാരി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ആസിഫ് അലി സർദാരി പ്രസിഡന്റ് പദവിയിലെത്തുന്നത്. പാകിസ്താന്‍ പീപ്പിള്‍സ് പാർട്ടിയുടെ (പിപിപി) കൊ ചെയർപേഴ്‌സണ്‍ കൂടിയാണ് അദ്ദേഹം. പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രി ബേനസിർ ഭൂട്ടോയുടെ ഭർത്താവുകൂടിയാണ് സർദാരി.
പിപിപിയുടേയും പാകിസ്താന്‍ മുസ്ലിം ലീഗ് - നവാസിന്റേയും (പിഎംഎല്‍-എന്‍) സംയുക്ത സ്ഥാനാർഥിയായിരുന്നു ആസിഫ് അലി സർദാരി. സുന്നി ഇത്തിഹാദ് കൗണ്‍സിലിന്റെ മഹ്‌മൂദ് ഖാന്‍ അചക്സായിയായിരുന്നു എതിർ സ്ഥാനാർഥി. 255 വോട്ടുകളാണ് സർദാരിക്ക് ലഭിച്ചത്, മഹ്‌മൂദിന് 119 വോട്ടുകളും.
ഭരണഘടനയുടെ വ്യവസ്ഥകള്‍ പ്രകാരം ദേശീയ അസംബ്ലിയിലേക്കും നാല് പ്രവശ്യ അസംബ്ലിയിലേക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം കാലാവധി അവസാനിച്ച ഡോ. ആരിഫ് അല്‍വിയുടെ സ്ഥാനത്തേക്കാണ് സർദാരി എത്തുന്നത്. ഇലക്ടറല്‍ കോളേജ് രൂപീകരിക്കാത്തതുകൊണ്ടാണ് ഡോ. ആരിഫ് സ്ഥാനത്ത് തുടർന്നത്. 2008-2013 കാലഘട്ടത്തിലായിരുന്നു സർദാരി ഇതിനു മുന്‍പ് പ്രസിഡന്റ് പദവിയിലിരുന്നത്.