അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപിന് ഉണ്ടായ വധശ്രമം ആഗോള തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് ചർച്ച ചെയ്യപ്പെടുന്നത്. പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കവെയാണ് ട്രംപിന് നേരെ വധശ്രമം ഉണ്ടായത്. വലതുചെവിക്ക് പരുക്കേറ്റ ട്രംപ് സുരക്ഷിതനാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതാദ്യമായല്ല അമേരിക്കയിൽ ഒരു പ്രസിഡന്റിനോ പ്രസിഡന്റ് സ്ഥാനാർഥികൾക്കോ നേരെ പൊതുവേദിയിൽ വധശ്രമം ഉണ്ടാകുന്നത്. പൊതുപരിപാടിയിൽ വെച്ച് പ്രസിഡന്റുമാർ വെടിയേറ്റ് കൊല്ലപ്പെട്ട ചരിത്രവും അമേരിക്കക്ക് പറയാനുണ്ട്. അമേരിക്ക സ്ഥാപിതമായതിന് ശേഷം നാല് പ്രസിഡന്റുമാരും ഒരു പ്രസിഡന്റ് സ്ഥാനാർഥിയും ഇത്തരത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. യുഎസിൽ നടന്ന സമാനമായ ചില സംഭവങ്ങൾ ഇതാ
എബ്രഹാം ലിങ്കൺ (1865 ) : അമേരിക്കയുടെ പതിനാറാമത് പ്രസിഡന്റാണ് എബ്രഹാം ലിങ്കൺ. വാഷിംഗ്ടൺ ഡിസിയിൽ ഭാര്യയോടൊപ്പം ഒരു നാടകം കാണുന്നതിനിടെയാണ് ജോൺ വിൽക്സ് ബൂത്ത് എന്നയാളുടെ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെടുന്നത്. വെടിയേറ്റ ഉടൻ ചികിത്സ നൽകിയെങ്കിലും പിറ്റേന്ന് രാവിലെ മരിക്കുകയായിരുന്നു. 12 ദിവസത്തിന് ശേഷം വെർജീനിയയിൽ നിന്ന് ബൂത്തിനെ കണ്ടെത്തുകയും പോലീസ് വെടിവെപ്പിൽ അയാൾ കൊല്ലപ്പെടുകയും ചെയ്തു.
ജെയിംസ് ഗാർഫീൽഡ് (1881) : അമേരിക്കയുടെ ഇരുപതാമത് പ്രസിഡന്റാണ് ജെയിംസ് ഗാർഫീൽഡ്. അധികാരമേറ്റ് ആറുമാസത്തിനുശേഷമാണ് ജെയിംസ് ഗാർഫീൽഡ് കൊല്ലപ്പെടുന്നത്. വാഷിംഗ്ടൺ ഡിസിയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അദ്ദേഹത്തിന് വെടിയേൽക്കുന്നത്. ഏതാനും ആഴ്ചകൾ ചികിത്സയിൽ കഴിഞ്ഞ ഗാർഫീൽഡ് പിന്നീട് മരിച്ചു. കൊലയാളിയായ ചാൾസ് ഗ്യൂട്ടോ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അടുത്ത വർഷം വധിക്കപ്പെടുകയും ചെയ്തു.
വില്യം മക്കിൻലി (1901) : ന്യൂയോർക്കിൽ ഒരു പ്രസംഗം നടത്തിയ ശേഷം പോയിൻ്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വെടിയുണ്ടയുടെ മുറിവുകൾക്ക് ചുറ്റും ഗംഗ്രിൻ പടർന്ന് എട്ട് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. ഡെട്രോയിറ്റിൽ നിന്നുള്ള ലിയോൺ എഫ് സോൾഗോസ് എന്ന 28 കാരനാണ് വെടിവെപ്പ് നടത്തിയത്. കൊലപാതകം നടന്ന് ഏതാനും ആഴ്ചകൾക്കുശേഷം അയാളെയും വധിച്ചു.
തിയോഡർ റൂസ്‌വെൽറ്റ് (1912): യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ആയിരിക്കെയാണ് റൂസ്വെൽറ്റിന് മിൽവാക്കിയിൽ വെച്ച് വെടിയേറ്റത്. വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ജീവിതകാലവും മുഴുവൻ ബുള്ളെറ്റ് അദ്ദേഹത്തിന്റെ നെഞ്ചിൽ തങ്ങി നിന്നു.
ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ് (1933) : മുപ്പത്തി രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റായിരുന്നു ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ്. മിയാമിയിൽ വെച്ച് ഇറ്റലിയിൽ നിന്നുള്ള കുടിയേറ്റക്കാരനായ ഗ്യൂസെപ്പെ സംഗാരയാണ് അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചത്. പരിക്കുകൾ ഏൽക്കാതെ റൂസ്‌വെൽറ്റ് രക്ഷപ്പെട്ടെങ്കിലും ആക്രമണത്തിൽ ചിക്കാഗോ മേയറായിരുന്ന ആൻ്റൺ സെർമാക് കൊല്ലപ്പെട്ടു.
ജോൺ എഫ് കെന്നഡി (1963) : അമേരിക്കയുടെ മുപ്പത്തി അഞ്ചാമത് പ്രസിഡന്റ്. ഡൗണ്ടൗൺ ഡൗണിലൂടെ തൻ്റെ മോട്ടോർ കേഡ് ഓടിച്ചുകൊണ്ടിരിക്കെയാണ് കെന്നഡിക്ക് വെടിയേൽക്കുന്നത്. ദൂരെ നിന്ന് ഹൈ പവർ റൈഫിൾ കൊണ്ട് വെടിയേറ്റ അദ്ദേഹം ഏതാനും മണിക്കൂറുകൾക്ക് ശേഷം തന്നെ മരിച്ചു. ലീ ഹാർവി ഓസ്വാൾഡി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മറ്റൊരാളുടെ വെടിയേറ്റ് ഓസ്വാൾഡി കൊല്ലപ്പെട്ടു.
റോബർട്ട് എഫ് കെന്നഡി (1968) : അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ആയിരുന്നു റോബർട്ട് എഫ് കെന്നഡി. ജോൺ എഫ് കെന്നഡിയുടെ ഇളയ സഹോദരൻ. ഡെമോക്രാറ്റിക് സ്ഥാനാർഥി ആയിരുന്ന അദ്ദേഹം 1968 ലെ കാലിഫോർണിയ പ്രൈമറി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. വിജയ പ്രസംഗം നടത്തിയതിന് തൊട്ടുപിന്നാലെ, സിർഹാൻ എന്നയാളുടെ വെടിയേറ്റ് മരിച്ചു. കൊലയാളിയെ അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. അത് ജീവപര്യന്തമായി മാറ്റി.
ജോർജ്ജ് വാലസ് (1972 ) : അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ജോർജ് വാലസ്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായിരുന്ന അദ്ദേഹം. മേരിലാൻഡിൽ ഒരു പ്രചാരണ പരിപാടിക്കിടെയാണ് വെടിയേറ്റത്. അക്രമി നാല് തവണ വെടിയുതിർക്കുകയും വെടിയുണ്ടകളിലൊന്ന് നട്ടെല്ലിൽ പതിക്കുകയും ചെയ്തു. ജീവിതകാലം മുഴുവൻ അദ്ദേഹം തളർന്ന് കിടക്കുകയായിരുന്നു. ആർതർ ബ്രെമർ എന്നയാളാണ് വെടിവെച്ചത്. ജയിൽ ശിക്ഷക്ക് ശേഷം ആർതർ ബ്രെമർ 2007-ൽ മോചിതനായി.
ജെറാൾഡ് ഫോർഡ് (1975) : മുപ്പത്തി എട്ടാമത് അമേരിക്കൻ പ്രസിഡന്റ്. കാലിഫോർണിയയിൽ 17 ദിവസത്തിനിടെ നടന്ന രണ്ട് കൊലപാതക ശ്രമങ്ങളിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു. ലിനറ്റ് ഫ്രോം, സാറാ ജെയ്ൻ മൂർ എന്നീ രണ്ട് സ്ത്രീകളാണ് അക്രമങ്ങൾ നടത്തിയത്. ഇരുവർക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു.
റൊണാൾഡ് റീഗൻ (1981) : അമേരിക്കയുടെ നാൽപ്പതാം പ്രസിഡന്റ്. വാഷിംഗ്ടൺ ഡിസിയിൽ ഒരു പ്രസംഗം നടത്തുമ്പോഴാണ് ജോൺ ഹിങ്ക്‌ലി ജൂനിയർ എന്നയാളുടെ തോക്കിലെ വെടിയുണ്ടകൾ റീഗൻ്റെ ഇടതു ശ്വാസകോശത്തിൽ തുളച്ചുകയറുന്നത്. വധശ്രമത്തിൽ നിന്ന് റീഗൻ രക്ഷപ്പെട്ടു. ഹിങ്ക്‌ലിയെ അറസ്റ്റ് ചെയ്യുകയും ഭ്രാന്തൻ ആണെന്ന് കണ്ടെത്തി മനസികാരോഗ്യകേന്ദ്രത്തിൽ അടക്കുകയും ചെയ്തു.
ബിൽ ക്ലിൻ്റൺ (1994) : നാൽപ്പത്തി രണ്ടാമത്തെ പ്രസിഡന്റാണ് ബിൽ ക്ലിൻ്റൺ. ക്ലിന്റൺ വൈറ്റ് ഹൗസിന് ഉള്ളിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തിന് വെടിയേൽക്കുന്നത്. ഫ്രാൻസിസ്കോ മാർട്ടിൻ ഡുറാൻ എന്നയാളാണ് ഒരു സെമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. ക്ലിൻ്റൺ പരിക്കേൽക്കാതെ പോയി. പ്രസിഡൻ്റിനെ വധിക്കാൻ ശ്രമിച്ചതിന് ദുറാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി 40 വർഷത്തെ തടവിന് ശിക്ഷിച്ചു.
ജോർജ്ജ് ഡബ്ല്യു ബുഷ് (2005) : അമേരിക്കയുടെ നാൽപ്പത്തി മൂന്നാമത്തെ പ്രസിഡന്റാണ് ജോർജ്ജ് ബുഷ്. ബുഷ് ജോർജിയൻ പ്രസിഡൻ്റ് മിഖായേൽ സാകാഷ്‌വിലിയോടൊപ്പം ടിബിലിസിയിൽ ഒരു റാലിയിൽ പങ്കെടുക്കുമ്പോൾ വ്‌ളാഡിമിർ അരുത്യുനിയൻ എന്നയാൾ പോഡിയത്തിന് നേരെ ഒരു ഹാൻഡ് ഗ്രനേഡ് എറിയുകയായിരുന്നു. എന്നാൽ ഗ്രനേഡ് പൊട്ടിത്തെറിച്ചില്ല. അതിനാൽ ആർക്കും പരിക്കേറ്റതുമില്ല. അരുത്യുനിയന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.