പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പുതിയ പെൻഷൻ നയത്തിനെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തം. 457 പേരെ അറസ്റ്റ് ചെയ്തതായി ഭരണകൂടം അറിയിച്ചു. പാരിസിൽ 903 ഇടങ്ങളിൽ പൊതുസ്വത്തിനു തീവച്ചതായി ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ 441 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും ജെറാൾഡ് പറഞ്ഞു.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പെൻഷൻ പരിഷ്‌കരണം പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ അഭിപ്രായപ്പെട്ടു.
പെൻഷൻ പ്രായം ഉയർത്താനുള്ള ബിൽ, പാർലമെന്റിൽ വോട്ടെടുപ്പിന് വയ്ക്കാതെ പാസാക്കിയതിനെതിരെ ആരംഭിച്ച പ്രക്ഷോഭം എട്ട് ദിവസം പിന്നിട്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടന്നതും അക്രമാസക്തമായതും പാരിസിലാണ്. പ്രതിഷേധത്തിൽ അരാജകവാദി ഗ്രൂപ്പുകൾ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നും മുഖംമൂടി ധരിച്ച ചെറുപ്പക്കാർ പൊതുമുതൽ നശിപ്പിക്കുന്നതും തെരുവുകളിൽ മാലിന്യങ്ങൾക്ക് തീയിടുന്നതും പോലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും ജെറാൾഡ് ഡാർമാനിൻ പറഞ്ഞു. എന്നാൽ, പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നിയമം പിൻവലിക്കണമെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അക്രമാസക്തമായ ചർച്ചയല്ല, ജനാധിപത്യപരവും സാമൂഹികവുമായ സംവാദമാണ് വിഷയത്തിൽ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് ചൊവ്വാഴ്ച തെക്കുപടിഞ്ഞാറൻ നഗരങ്ങള്‍ സന്ദർശിക്കാനിരിക്കെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്. പ്രതിഷേധക്കാർ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം തടയുകയും റെയിൽവേ ട്രാക്കുകൾ ഉപരോധിക്കുകയും ചെയ്തു. ഫ്രാൻസിലുടനീളം നടക്കുന്ന പ്രകടനത്തിൽ പലയിടത്തും പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും ഒരിടത്ത് പോലീസ് സ്റ്റേഷന് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. ആഴ്ചകൾ നീണ്ട മൗനത്തിനൊടുവിൽ മാക്രോൺ ബുധനാഴ്ചയാണ് ജനകീയ പ്രതിഷേധങ്ങളോട് പ്രതികരിച്ചത്. എന്നാൽ, പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ മാക്രോൺ, തന്റെ പുതിയ നയത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണ്.