അമേരിക്കയിലെ അലബാമയിലുണ്ടായ കൂട്ട വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റതായി അലബാമ ലോ എൻഫോഴ്സ്മെന്റ് ഏജൻസി അറിയിച്ചു. പിറന്നാൾ ആഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10.30 നാണ് വെടിവയ്പ്പുണ്ടായത്. അതേസമയം, സംഭവത്തിലേക്ക് നയിച്ചത് എന്താണെന്നോ ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്നതിനെക്കുറിച്ചോ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അലബാമയിലെ ഡാഡെവില്ലയിൽ മഹോഗണി മാസ്റ്റര്‍ പീസ് ഡാൻസ് സ്റ്റുഡിയോയിൽ 16 വയസ്സുള്ള ഒരു കുട്ടിയുടെ ജന്മദിനാഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. ശനിയാഴ്ച രാത്രി 10.30 യോടെയാണ് വെടിവയ്പുണ്ടായത്. സംഭവത്തെ തുടർന്ന് കനത്ത പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
140 ലധികം കൂട്ടവെടിവയ്പുകളാണ് ഈ വര്‍ഷം മാത്രം അമേരിക്കയില്‍ നടന്നത്. അതായത് ഒരു ദിവസത്തില്‍ തന്നെ ഒന്നില്‍ കൂടുതല്‍ വെടിവയ്പുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തോക്ക് നിയന്ത്രണത്തിനുള്ള ആഹ്വാനം പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയെങ്കിലും അതൊന്നും പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച കെന്റക്കിയിലെ ലൂയിസ്‌വില്ലെയിലെ പാർക്കിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.